സ്വാമി വീണ്ടും വേട്ട തുടങ്ങി; ഇത്തവണ ഇര മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യൻ
സ്വാമി വീണ്ടും വേട്ട തുടങ്ങി; ഇത്തവണ ഇര മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യൻ
Wednesday, June 22, 2016 11:21 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനെ വേട്ടയാടിയ സുബ്രഹ്മണ്യൻ സ്വാമി അടുത്ത ഇരയെ കണ്ടെത്തി. ഗവൺമെന്റിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ.

സുബ്രഹ്മണ്യൻ ചരക്ക്–സേവനനികുതി കാര്യത്തിൽ കടുത്ത നിലപാടെടുക്കാൻ പ്രതിപക്ഷമായ കോൺഗ്രസിനെ പ്രേരിപ്പിച്ചു, യുഎസ് ഔഷധകമ്പനികളുടെ താത്പര്യം രക്ഷിക്കാൻ ഇന്ത്യക്കെതിരേ സമ്മർദം ചെലുത്താൻ അമേരിക്കയെ ഉപദേശിച്ചു എന്നിവയാണു സ്വാമിയുടെ കുറ്റപത്രത്തിലുള്ളത്. അതിനാൽ സുബ്രഹ്മണ്യനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

ഡോ. രാജനെതിരേ സ്വാമി അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മിണ്ടാതിരുന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇത്തവണ ഉടനെതന്നെ പ്രതികരിച്ചു. സ്വാമിയുടേതു സർക്കാരിന്റെ കാഴ്ചപ്പാടല്ലെന്നും സുബ്രഹ്മണ്യന്റെ നിലപാടുകൾ അറിഞ്ഞിട്ടാണ് അദ്ദേഹത്തെ നിയമിച്ചതെന്നും അദ്ദേഹം വിലപ്പെട്ട ഉപദേശങ്ങളാണു നൽകുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു.


ഐഐഎം അഹമ്മദാബാദിൽ പഠിച്ച അരവിന്ദ് സുബ്രഹ്മണ്യൻ, റിസർവ് ബാങ്ക് ഗവർണറാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻപനാണ്.

2014 ഒക്ടോബറിലാണ് ധനമന്ത്രാലയത്തിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഇദ്ദേഹത്തെ നിയമിച്ചത്. അതുവരെ അമേരിക്കയിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.