സിയാൽ ഡയറക്ടർ ബോർഡ് ഇന്ന്; വാർഷിക വരുമാനം 3,000 കോടിയാക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകും
സിയാൽ ഡയറക്ടർ ബോർഡ് ഇന്ന്; വാർഷിക വരുമാനം 3,000 കോടിയാക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകും
Wednesday, June 22, 2016 11:21 AM IST
നെടുമ്പാശേരി: ഭരണമാറ്റത്തെത്തുടർന്ന് പുനഃസംഘടിപ്പിച്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) പ്രഥമ ഡയറക്ടർ ബോർഡ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ ചേരും. സിയാലിന്റെ വാർഷിക വരുമാനം 2023–ഓടെ 3,000 കോടി രൂപയായി വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് യോഗത്തിൽ അംഗീകാരം നൽകും. പുതിയ ഡയറക്ടർ ബോർഡിൽ വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടക്കും. 2015–16 വർഷത്തെ വരവു ചെലവ് കണക്കുകൾ ബോർഡിൽ അവതരിപ്പിച്ച് അംഗീകാരം തേടുന്നതാണ്. വാർഷിക പൊതുയോഗം സംബന്ധിച്ചും തീരുമാനമുണ്ടാകും.

പുനഃസംഘടിപ്പിച്ച ഡയറക്ടർ ബോർഡ് ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരാണ് ഡയറക്ടർ ബോർഡിലേക്കുള്ള സംസ്‌ഥാന സർക്കാരിന്റെ പ്രതിനിധികൾ. എം.എ. യൂസഫലി, എൻ.വി. ജോർജ്, സി.വി. ജേക്കബ്, ഇ.എം. ബാബു എന്നിവരാണ് മറ്റു ഡയറക്ടർമാർ. കെ. റോയി പോൾ, എ.കെ. രമണി എന്നിവർ സ്വതന്ത്ര ഡയറക്ടർമാരാണ്. വി.ജെ. കുര്യനാണ് മാനേജിംഗ് ഡയറക്ടർ. ഡയറക്ടർ ബോർഡ് സബ്കമ്മിറ്റി കൺവീനർ സ്‌ഥാനത്തേക്ക് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പേരാണ് പരിഗണിക്കുന്നത്.

വരുമാനം 3,000 കോടി രൂപയാക്കി ഉയർത്താൻ മൂന്നു വിധത്തിലുള്ള വികസനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സിയാലിലെ ഉന്നത ഉദ്യോഗസ്‌ഥൻ സംബന്ധിച്ചിരുന്നു. വ്യോമയാനേതര വരുമാനം വർധിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. ഇതിൽ പ്രഥമ സ്‌ഥാനം സിയാൽ ഇൻഫ്രാസ്ട്രക്ചറിനാണ്. ഇതിനകം 50 ഏക്കർ സ്‌ഥലത്ത് സോളാർ പാനലുകൾ സ്‌ഥാപിച്ച് 12 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നുണ്ട്. ഇത് 26 മെഗാവാട്ടായി വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സിയാലിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്നുണ്ട്.


ഇതിനു പുറമെ ചെറുകിട ജലവൈദ്യുത പദ്ധതികൾ സ്‌ഥാപിച്ച് 49.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കോഴിക്കോട് അരിപ്പാറയിൽ മൂന്നു മെഗാ വാട്ട് പദ്ധതി നിർമാണം ആരംഭിച്ചു. കണ്ണൂർ തളിപ്പറമ്പിൽ രണ്ട് മെഗാ വാട്ടിന്റെയും തൊടുപുഴ തോണിയാറിൽ 2.6 മെഗാ വാട്ടിന്റെയും ഇടുക്കി – ഇരട്ടയാറിൽ ഒരു മെഗാവാട്ടിന്റെയും കോഴിക്കോട്–ഓമശേരിയിൽ 21 മെഗാ വാട്ടിന്റെയും സീതത്തോടിൽ 2.2 മെഗാ വാട്ടിന്റെയും കൊല്ലം–തെന്മലയിൽ രണ്ട് മെഗാ വാട്ടിന്റെയും ഭൂതത്താൻകെട്ടിൽ 16 മെഗാ വാട്ടിന്റെയും ജല വൈദ്യുത പദ്ധതികളാണ് സ്‌ഥാപിക്കുന്നത്.

ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിപുലീകരണമാണ് മറ്റൊരു പ്രധാന വരുമാന മാർഗം. ഭൂമി വിനിയോഗിച്ച് വിവിധ വരുമാനം നേടാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. സിയാലിന് 600 ഏക്കറോളം ഭൂമി മിച്ചമുണ്ട്. സിയാലിന്റെ ഇപ്പോഴത്തെ വാർഷിക വരുമാനം ഏകദേശം 500 കോടി രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.