നികേഷ് അറോറയെ സോഫ്റ്റ് ബാങ്ക് ഒഴിവാക്കുന്നു
നികേഷ് അറോറയെ സോഫ്റ്റ് ബാങ്ക് ഒഴിവാക്കുന്നു
Tuesday, June 21, 2016 11:30 AM IST
ന്യൂഡൽഹി: ജപ്പാനിലെ മൊബൈൽ കമ്പനിയായ സോഫ്റ്റ് ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ നികേഷ് അറോറ രാജിവച്ചു. ഒരു വർഷത്തേക്ക് അദ്ദേഹം ഉപദേഷ്ടാവായി തുടരും. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മസയോഷി സോൺ വിരമിക്കുമ്പോൾ ആ പദവിയിൽ എത്തുമെന്നു കരുതിയിരുന്ന ആളാണ് അറോറ. ഏറ്റവും വലിയ ശമ്പളം പറ്റുന്ന ഇന്ത്യക്കാരനുമാണ് അദ്ദേഹം.

ഗൂഗിളിൽനിന്നു 2014ലാണ് അറോറ സോഫ്റ്റ് ബാങ്കിൽ എത്തിയത്. 1981ൽ സോഫ്റ്റ്വേർ വിതരണ കമ്പനിയായി സോൺ തുടങ്ങിയ സോഫ്റ്റ് ബാങ്ക് പിന്നീട് വോഡഫോണിന്റെ ജപ്പാനിലെ മൊബൈൽ ബിസിനസ് ഏറ്റെടുത്തു. 2013ൽ അമേരിക്കൻ ടെലികോം കമ്പനിയായ സ്പ്രിന്റിനെ കൈയടക്കി.

അറോറ സോഫ്റ്റ് ബാങ്കിൽ വരും മുമ്പ് 400 കോടി ഡോളർ സ്റ്റാർട്ടപ് കമ്പനികളിൽ മുടക്കി ശ്രദ്ധേയനായ ആളാണ്. സോൺ ചൈനയിലെ ആലിബാബ ഗ്രൂപ്പിലും യാഹൂ ജപ്പാനിലും വൻതുക മുടക്കിയിട്ടുണ്ട്.


അറോറയ്ക്കു കമ്പനിയെ നയിക്കാനുള്ള യോഗ്യതയെപ്പറ്റി വിമർശനമുയർന്ന സാഹചര്യത്തിലാണ് സ്‌ഥാനചലനം. അദ്ദേഹത്തിനു നല്കുന്ന പ്രതിഫലവും (വർഷം 13.5 കോടി ഡോളർ അഥവാ 900 കോടി രൂപ) വിമർശനവിധേയമായി. ലോകത്തിലെ മൂന്നാമത്തെ ഉയർന്ന വേതനമാണ് ഈ നാല്പത്തെട്ടുകാരനു ലഭിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് എൻജിനിയറായ ശേഷം അമേരിക്കയിൽനിന്നു ഡിഗ്രിയും എംബിഎയും എടുത്തയാളാണ് അറോറ. അയേഷ ഥാപ്പറാണു ജീവിത പങ്കാളി.

അറോറയുടെ സ്‌ഥാനനഷ്‌ടം ഇന്ത്യയിലെ നിരവധി സ്റ്റാർട്ടപ് കമ്പനികൾക്കു പ്രശ്നമായേക്കാം. അറോറയുടെ നിർദേശപ്രകാരം നിക്ഷേപം നടത്താമെന്നേറ്റ ചില പദ്ധതികളിൽനിന്നു സോഫ്റ്റ് ബാങ്ക് പിന്മാറിയെന്നുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.