പതഞ്ജലിയോടു മത്സരിക്കാൻ 25 പുതിയ ഉത്പന്നങ്ങളുമായി നെസ്ലെ
പതഞ്ജലിയോടു മത്സരിക്കാൻ 25 പുതിയ ഉത്പന്നങ്ങളുമായി നെസ്ലെ
Tuesday, June 21, 2016 11:30 AM IST
ന്യൂഡൽഹി: മാഗി നൂഡിൽസിൽനിന്നേറ്റ തിരിച്ചടി മറികടക്കാൻ പുതിയ ഉത്പന്നങ്ങളുമായി നെസ്ലെ. വിവിധ വിഭാഗങ്ങളിലായി 25 പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കാനാണ് നെസ്ലെയുടെ ലക്ഷ്യം. പതഞ്ജലിയുടെ മുന്നേറ്റത്തിനെതിരേ മത്സരിക്കാനാണ് നെസ്ലെയുടെ പുതിയ നീക്കം.

നൂഡിൽസിൽ 55.5 ശതമാനം വിപണിയാണ് നെസ്ലെയ്ക്ക് രാജ്യത്തുള്ളത്. നിരോധനത്തിനു മുമ്പ് ഇത് 77 ശതമാനമായിരുന്നു. മാഗിക്കെതിരേ വിവാദങ്ങളുയർന്നതോടെ 500 കോടിയലധികം നഷ്‌ടമുണ്ടായിരുന്നു. ഇതു തിരിച്ചുപിടിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.

കൊടുങ്കാറ്റിനെതിരേ പോരാടുന്ന രീതിയിലാണ് കമ്പനി ഇപ്പോൾ. രണ്ടു കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഒഴുക്കിനെതിരേ നീന്തുന്ന സമയത്താണ് കമ്പനി ഇപ്പോളെന്ന് നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു.


ഇപ്പോഴുള്ള ഉത്പങ്ങളെ പുനരുജ്‌ജീവിപ്പിക്കുന്നതിനൊപ്പം കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നങ്ങൾ ഇറക്കുന്നത്.

മാഗി നൂഡിൽസിന്റെ ഏഴു വേരിയന്റുകളും ഗ്രീക്ക് യോഗർട്ട് ബ്രാൻഡ് ഗ്രക്യോ, പാലുത്പന്നരംഗത്ത് പ്രോട്ടീൻ ഗ്രോത്ത് ബ്രാൻഡ് പ്രോ–ഗ്രോ, വിവിധ ഇനം ചോക്ലേറ്റുകൾ, ചായയിലും കാപ്പിയിലും പുതിയ ഉത്പന്നങ്ങൾ എന്നിവയാണ് പുതുതായി അവതരിപ്പിക്കുക.

ഇൻസ്റ്റന്റ് നൂഡിൽസിന് ഏകദേശം 2,000 കോടിയുടെ മാർക്കറ്റാണ് ഇന്ത്യയിലുള്ളത്. മാഗിയെക്കൂടാതെ ഐടിസിയുടെ യിപ്പീ, നേപ്പാളിൽനിന്നുള്ള ചൗധരി ഗ്രൂപ്പിന്റെ വായ് വായ്, പതഞ്ജലി നൂഡിൽസ് എന്നിവയാണ് ഇന്ത്യൻ മാർക്കറ്റിലെ പ്രധാനികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.