കുതിപ്പിനൊരുങ്ങി ഇന്ത്യൻ റെയിൽവേ
കുതിപ്പിനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Monday, June 20, 2016 11:48 AM IST
<ആ>ഡൽഹിയിൽനിന്ന് വാരാണസിയിലെത്താൻ വെറും രണ്ടേമുക്കാൽ മണിക്കൂർ

ന്യൂഡൽഹി: രാജ്യത്തെ രണ്ടാം ബുള്ളറ്റ് ട്രെയിൻ സർവീസ് ഡൽഹിയിൽനിന്ന് വാരാണസിയിലേക്ക്. മുംബൈ–അഹമ്മദാബാദ് കോറിഡോറിനുശേഷമായിരിക്കും ഇതിന്റെ നിർമാണം ആരംഭിക്കുക. പദ്ധതി പൂർത്തിയായാൽ ഡൽഹിയിൽനിന്നു വാരാണസിയിലേക്കുള്ള 782 കിലോ മീറ്റർ പിന്നിടാൻ രണ്ടേമുക്കാൽ മണിക്കൂർ മതി. രാജ്യതലസ്‌ഥാനത്തെയും തീർഥാടന പട്ടണത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാത ലക്നോവിലൂടെ കടക്കുന്നുണ്ട്.

ഡൽഹി–കോൽക്കത്ത കോറിഡോറിന്റെ ഭാഗമായാണ് ഡൽഹി–വാരാണസി പാത വരുന്നത്. റെയിൽവേ അധിക പ്രാധാന്യം നല്കുന്ന പദ്ധതികൂടിയാണിത്. മുംബൈ–അഹമദാബാദ് പാതയ്ക്കുള്ള ഫണ്ട് സമാഹരിക്കാനും ജപ്പാനുമായി കരാറിലേർപ്പെടാനുമുള്ള ശ്രമത്തിലാണ് റെയിൽവേ ഇപ്പോൾ.

അടുത്ത വർഷം ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നല്കുന്നുണ്ട്. ആലിഗഡ്, ആഗ്ര, കാൺപുർ, ലക്നോ, സുൽത്താൻപുർ എന്നീ നഗരങ്ങളിലൂടെയാണ് ഡൽഹി–വാരണാസി പാത കടന്നുപോവുക.


അതിവേഗ റെയിൽവേ കോറിഡോറിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തിയ സ്പാനിഷ് കമ്പനി നവംബറോടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചേക്കും. റിപ്പോർട്ടനുസരിച്ച് ഡൽഹിയിൽനിന്ന് ലക്നോ വരെയുള്ള 506 കിലോമീറ്റർ സഞ്ചരിക്കാൻ 1.45 മണിക്കൂറും ഡൽഹിയിൽനിന്ന് കോൽക്കത്തയിലേക്കുള്ള 1,513 കിലോമീറ്റർ സഞ്ചരിക്കാൻ 4.56 മണിക്കൂറും മാത്രമേ വേണ്ടിവരൂ.

പ്രാരംഭകണക്കിൽ ഡൽഹി–വാരണാസി ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൊത്തം ചെലവ് 43,000 കോടി രൂപയാണ്. ഡൽഹി–കോൽക്കത്ത കോറിഡോറിന് 84,000 കോടി രൂപയും. ഡബിൾഡക്കർ ഹൈ–സ്പീഡ് ട്രെയിനുകൾ ഉപയോഗിക്കാനുള്ള സാധ്യതയും സർക്കാർ വില യിരുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.