കൊമ്പുകോർത്ത് ആമസോണും ഫ്ളിപ്കാർട്ടും; ഇ–കൊമേഴ്സ് രംഗത്തു മത്സരം ശക്‌തം
കൊമ്പുകോർത്ത് ആമസോണും ഫ്ളിപ്കാർട്ടും; ഇ–കൊമേഴ്സ് രംഗത്തു മത്സരം ശക്‌തം
Friday, June 17, 2016 11:18 AM IST
ബംഗളൂരു: രാജ്യത്തെ ഓൺലൈൻ ചില്ലറവ്യാപാരികളിൽ മത്സരം ശക്‌തം. പ്രമുഖ സ്‌ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാർട്ടും സെല്ലർമാരിൽനിന്നുള്ള റെഫറൻസ് റേറ്റ് കൂട്ടിയും കുറച്ചും മുന്നേറുകയാണ്. വ്യക്‌തമായ വാണിജ്യനീക്കങ്ങൾ നടത്തി ആമസോൺ ഒരുപടി മുന്നിട്ടുനിൽക്കുന്നു. 2014–15ലെ കണക്കനുസരിച്ച് രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളായ ഫ്ളിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ എന്നിവരുടെ മൊത്തം നഷ്ടം 7,000 കോടി വരും. എങ്കിലും ഓൺലൈൻ വ്യാപാരം കുതിക്കുകയാണ്.

ആഗോള ഭീമനായ ആമസോണിന്റെ ഇന്ത്യൻ ശൃംഖല തങ്ങളുടെ പ്ലാറ്റ്ഫോമിൽ വില്പനയ്ക്കു വയ്ക്കുന്ന കമ്പനികളുടെ റഫറൻസ് റേറ്റ് ഒമ്പതു ശതമാനം വർധിപ്പിച്ചതാണ് ഈ മേഖലയിൽ പ്രതിസന്ധി നിറഞ്ഞ മത്സരത്തിനു വഴിയൊരുക്കിയത്. ആമസോൺ റേറ്റ് കൂട്ടിയതോടെ ഫ്ളിപ്കാർട്ടും റേറ്റ് ഉയർത്തി. ഇതു പ്രകാരം ഒരു ഉത്പന്നത്തിന് 15 മുതൽ 30 രൂപ വരെ ഫ്ളിപ്കാർട്ടിനു കമ്പനികളിൽനിന്നു ലഭിക്കും. ഉത്പന്നങ്ങളുടെ വിലയനുസരിച്ചാണ് റേറ്റിൽ മാറ്റും വരുക. എന്നാൽ, സ്നാപ്ഡീൽ റെഫറൻസ് റേറ്റ് വെട്ടിക്കുറച്ച് സെല്ലർമാരെ സഹായിച്ചു.

ഈയവസരത്തിൽ ആമസോൺ വീണ്ടും റഫറൻസ് റേറ്റ് പരിഷ്കരിച്ച് ഏഴു ശതമാനം വരെ കുറച്ചു. പരിഷ്കരണം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമാണ് ഇതു ബാധകമാവുക. ഇലക്ട്രോണിക്സ്, പേഴ്സണൽ കംപ്യൂട്ടറുകൾ, മൊബൈലുകൾ, ടാബ്ലെറ്റുകൾ, വീഡിയോ ഗെയിമുകൾ, മ്യൂസിക്, വാദ്യോപകരണങ്ങൾ, പാഠ്യ–പാഠ്യേതര സോഫ്റ്റ്വെയറുകൾ എന്നിവയുടെ റഫറൻസ് റേറ്റ് കുറച്ചതായി ആമസോൺ സെല്ലർമാർക്ക് അയച്ച ഇ–മെയിലിൽ പറയുന്നു. അതേസമയം ലൈഫ്സ്റ്റൈൽ, ഫാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കു കുറച്ചിട്ടില്ല.


ഇവയ്ക്കു പിന്നാലെ ചൈനീസ് ഇ–കൊമേഴ്സ് ഭീമനായ ആലിബാബയും അമേരിക്കൻ കമ്പനിയായ ഇബേയും ഫോൺ ഉത്പന്നങ്ങളുടെ ഷിപ്പിംഗ് ചാർജ് കുറച്ചിട്ടുണ്ട്.

ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളിലെ വില്പന വർധിക്കുന്നുണ്ടെങ്കിലും കമ്പനികൾ വൻ നഷ്‌ടത്തിലാണ്. നിക്ഷേപകരെല്ലാം പണമിറക്കുന്നതിൽ മിതത്വം പാലിക്കുന്നുണ്ട്.

എന്നാൽ, ആമസോൺ ഇന്ത്യയുടെ മാതൃസ്‌ഥാപനം 300 കോടി ഡോളറാണ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത്. ഇതോടെ ആമസോണിന്റെ മൊത്തം നിക്ഷേപം 500 കോടി ഡോളർ വരും. മറ്റു സ്‌ഥാപനങ്ങളോടു മത്സരിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം. ജപ്പാൻ, ജർമനി, യുകെ എന്നീ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ആമസോണിന്റെ പ്രിയപ്പെട്ട മാർക്കറ്റായി മാറിക്കഴിഞ്ഞു.

സെല്ലർമാരിൽനിന്നുള്ള റഫറൽ റേറ്റ് ആമസോൺ കുറച്ച സ്‌ഥിതിക്ക് മൂന്നു ദിവസത്തിനുള്ളിൽ റെഫറൽ റേറ്റ് ഫ്ളിപ്കാർട്ട് കുറച്ചേക്കും. ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളിൽ വ്യത്യസ്ത ഫീസ് സംവിധാനങ്ങളാണുള്ളത്. ആമസോണിന് റഫറൽ ഫീ, ഫിക്സഡ് ഫീ എന്നിങ്ങനെ രണ്ടു രീതിയുള്ളപ്പോൾ ഫ്ളിപ്കാർട്ടിന് കമ്മീഷൻ, ഫിക്സഡ് ഫീ, കളക്ഷൻ ഫീ എന്നീ മൂന്നു രീതിയാണുള്ളത്.

അതേസമയം റഫറൻസ് റേറ്റ് കുറച്ച ആമസോണിന്റെ നടപടിയെ ഇന്ത്യയിലെ ഓൺലൈൻ സെല്ലർമാരുടെ സംഘടന പ്രശംസിച്ചു. ഫ്ളിപ്കാർട്ട് റേറ്റ് കുറയ്ക്കാതിരുന്നാൽ പുതിയ തീരുമാനങ്ങൾക്കെതിരേ 20 മുതൽ സമരം ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

ഓരോ വർഷവും ഓൺലൈൻ സെല്ലർമാരുടെ എണ്ണത്തിൽ 250 ശതമാനം വരെ വർധനയാണുണ്ടാകുന്നത്. മൂന്നു വർഷം മുമ്പ് ആമസോൺ ഇന്ത്യയിൽ ആരംഭിക്കുമ്പോൾ 100 സെല്ലർമാരുണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോൾ 85,000 സെല്ലർമാരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.