നാളികേര വികസന ബോർഡിന് 12.76 കോടിയുടെ 18 പദ്ധതികൾ
നാളികേര വികസന ബോർഡിന് 12.76 കോടിയുടെ 18 പദ്ധതികൾ
Friday, June 17, 2016 11:18 AM IST
കൊച്ചി: കേരോത്പന്നങ്ങളുടെ നിർമാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 12.76 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 18 പദ്ധതികൾക്ക് അംഗീകാരം. നാളികേര വികസന ബോർഡിന്റെ 48–ാമത് ടെക്നോളജി മിഷന്റെ പ്രോജക്ട് അപ്രൂവൽ കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.

493 ലക്ഷം നാളികേരവും 3,300 ടൺ ചിരട്ടക്കരിയും സംസ്കരിച്ചെടുക്കുന്ന ഈ പദ്ധതികൾക്ക് ബോർഡ് 2.75 കോടി രൂപയുടെ ധനസഹായം നൽകും. യോഗത്തിൽ നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. എ.കെ. സിംഗ് അധ്യക്ഷനായിരുന്നു.

ബോർഡിന്റെ വാഴക്കുളത്തുള്ള സിഡിബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ലാബിൽ വികസിപ്പിച്ച നാല് ഫ്ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ജ്യൂസായ ഫ്ളേവേഡ് കോക്കനട്ട് മിൽക്കിന്റെ പൈലറ്റ് പ്ലാന്റ് സ്‌ഥാപിക്കുന്നതിന് 52.20 ലക്ഷം രൂപയുടെ അനുമതി നല്കിയിട്ടുണ്ട്. ഉത്പന്ന വൈവിധ്യവത്കരണ വിഭാഗത്തിൽ വർഷം 300 ലക്ഷം നാളികേരം സംസ്കരിച്ച് തൂൾ തേങ്ങ നിർമിക്കുന്ന അഞ്ചു യൂണിറ്റുകൾ, 105 ലക്ഷം നാളികേരം സംസ്കരിച്ച് വെർജിൻ വെളിച്ചെണ്ണ നിർമിക്കുന്ന മൂന്നു യൂണിറ്റുകൾ, വർഷം രണ്ടു ലക്ഷം നാളികേരത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന ഒരു യൂണിറ്റ്, വർഷം 60 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയർ യൂണിറ്റുകൾ, 26 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള നാല് ഉണ്ടക്കൊപ്ര യൂണിറ്റുകൾ, 3,300 ടൺ ശേഷിയുള്ള രണ്ട് ചിരട്ടക്കരി നിർമാണ യൂണിറ്റ് എന്നിവയ്ക്കാണ് കമ്മിറ്റി അംഗീകാരം നൽകിയത്.


കേരളത്തിൽ പ്രതിദിനം 5,000 നാളികേരം സംസ്കരിക്കുന്ന ഒരു വെർജിൻ വെളിച്ചെണ്ണ യൂണിറ്റിനും, 30,000 നാളികേരം സംസ്ക്കരിക്കാൻ ശേഷിയുള്ള രണ്ട് തൂൾ തേങ്ങ നിർമാണ യൂണിറ്റിനും, 20,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയറുകൾക്കും ഒരു നാളികേര സ്വീറ്റ് ബോൾസ് യൂണിറ്റിനുമാണ് അനുമതി നൽകിയിരിക്കുന്നത്.

കർണാടകയിൽ പ്രതിദിനം 45,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ടു തൂൾ തേങ്ങ നിർമാണ യൂണിറ്റുകൾക്കാണ് അനുമതി ലഭിച്ചത്.

തമിഴ്നാട്ടിൽ പ്രതിദിനം 25,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള ഒരു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ യൂണിറ്റിനും 30,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ട് വെർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റിനും പ്രതിദിനം 10 മെട്രിക് ടൺ ഷെൽ ചാർക്കോൾ സംസ്കരിക്കാൻ ശേഷിയുള്ള ഒരു ഷെൽചാർക്കോൾ യൂണിറ്റിനുമാണ് അനുമതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.