പുതിയ വ്യോമയാന നയം; വിസ്താരയും എയർ ഏഷ്യയും കുതിപ്പിനൊരുങ്ങുന്നു
പുതിയ വ്യോമയാന നയം; വിസ്താരയും എയർ ഏഷ്യയും കുതിപ്പിനൊരുങ്ങുന്നു
Thursday, June 16, 2016 11:19 AM IST
സിംഗപ്പൂർ: ഇന്ത്യയിലെ വ്യവസായപ്രമുഖരായ ടാറ്റാ ഗ്രൂപ്പിന് ഓഹരിപങ്കാളിത്തമുള്ള വിമാനക്കമ്പനികളാണ് വിസ്താരയും എയർ ഏഷ്യ ഇന്ത്യയും. എത്രയും വേഗം വിമാനങ്ങളുടെ എണ്ണം കൂട്ടി അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം.

രാജ്യാന്തര സർവീസുകൾ നടത്തണമെങ്കിൽ 20 വിമാനങ്ങളും അഞ്ചു വർഷം ആഭ്യന്തര സർവീസുകൾ നടത്തിയുള്ള പരിചയവും വേണമെന്നുള്ള 5/20 നയം സർക്കാർ പരിഷ്കരിച്ചതാണ് കമ്പനികളുടെ തീരുമാനത്തിനു പിന്നിൽ. ആഭ്യന്തര സർവീസിന്റെ തോത് അനുസരിച്ചുള്ള ഡൊമസ്റ്റിക് ഫ്ളൈയിംഗ് ക്രഡിറ്റ് സംവിധാനം വന്നതോടെയാണ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്.

വിസ്താര 2015 ജനുവരിയിലും എയർ ഏഷ്യ ഇന്ത്യ 2014 ജൂണിലുമാണ് സർവീസ് ആരംഭിച്ചത്. ഗൾഫിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് ആരംഭിക്കുകയാണ് മാതൃ കമ്പനികളായ സിംഗപ്പൂർ എയർലൈൻസിന്റെയും എയർ ഏഷ്യയുടെയും ലക്ഷ്യം. സിംഗപ്പൂർ എയർലൈൻസിന് വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ബജറ്റ് സർവീസ് ദാതാക്കളായ എയർ ഏഷ്യയ്ക്ക് 49 ശതമാനം ഓഹരികളാണ് എയർ ഏഷ്യ ഇന്ത്യയിലുള്ളത്.

പരമാവധി വേഗത്തിൽ ഇപ്പോഴുള്ള ആറു വിമാനങ്ങളിൽനിന്ന് 20 ആയി ഉയർത്തുമെന്ന് എയർ ഏഷ്യ ഇന്ത്യ സിഇഒ അമർ അബ്രോൾ പറഞ്ഞു. മലേഷ്യയിലെ ആസ്‌ഥാനത്തുനിന്ന് എയർബസ് എ320 ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എയർഏഷ്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിസ്താരയ്ക്ക് ഇപ്പോൾ 11 എ320 വിമാനങ്ങളാണുള്ളത്. ഈ വർഷം രണ്ടെണ്ണംകൂടി എത്തും. 2018 ജൂണോടെ വിമാനങ്ങളുടെ എണ്ണം 20 ആയി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം.


ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി കാബിൻസ് എന്നിങ്ങനെ മൂന്നു ക്ലാസുകളാണ് വിസ്താര നല്കുന്നത്. ഈ സൗകര്യങ്ങളോടെ അന്താരാഷ്ട്ര സർവീസുകൾ വിസ്താര തുടങ്ങിയാൽ അത് എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നീ കമ്പനികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിൽനിന്നുള്ള ഗൾഫ് യാത്രകളിൽ മുൻനിരയിലുള്ള കമ്പനികളാണ് എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവ.

വിസ്താരയുടെ അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യയ്ക്കും ജെറ്റ് എയർവേയ്സിനും ഇൻഡിഗോയ്ക്കും ഒരുപക്ഷേ, തിരിച്ചടിയായേക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

<ആ>എയർ ഇന്ത്യ ഏഴു വിമാനങ്ങൾ വാടകയ്ക്കെടുക്കും

ന്യൂഡൽഹി: യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് എയർഇന്ത്യ വൈകാതെ ഏഴ് ആധുനിക എ320(നിയോ) യാത്രാവിമാനം 12 വർഷത്തേക്ക് വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചു. നിയോ എന്നാൽ ന്യൂ എൻജിൻ ഓപ്ഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്.

മാർച്ചിൽ കുവൈറ്റ് ആസ്‌ഥാനമായുള്ള കമ്പനിയുമായി ഇതുസംബന്ധിച്ച് കരാർ ഒപ്പുവച്ചിരുന്നു. 14 വിമാനങ്ങളാണ് കമ്പനി നൽകുക. ഇതിന്റെ ആദ്യഘട്ടം വിതരണം അടുത്തവർഷം ആദ്യം നടക്കും. 2018 ജൂൺ 30നു മുമ്പ് മുഴുവൻ വിമാനങ്ങളും എത്തിക്കണമെന്നാണ് ധാരണ.

ഇൻഡിഗോ, ഗോഎയർ എന്നിവ ഇത്തരം വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.