ശക്‌തി ഗ്രൂപ്പ് ക്ഷീരമേഖലയിൽ വലിയ വികസനത്തിന്
ശക്‌തി ഗ്രൂപ്പ് ക്ഷീരമേഖലയിൽ വലിയ വികസനത്തിന്
Tuesday, May 31, 2016 11:32 AM IST
കൊച്ചി: കോയമ്പത്തൂർ ആസ്‌ഥാനമായ എബിടി ഇൻഡസ്ട്രീസിന്റെ ഡെയറി വിഭാഗമായ ശക്‌തി വലിയ വികസനപദ്ധതി നടപ്പാക്കുന്നു. കേരളത്തിൽ രണ്ടു പാക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങും. പൊള്ളാച്ചിയിൽനിന്നു ടാങ്കറുകളിൽ പാക്കിംഗ് കേന്ദ്രങ്ങളിൽ പാൽ എത്തിച്ച് അവിടെനിന്നു വിതരണശൃംഖലയിലേക്കു നൽകും. എറണാകുളത്തിനും കോഴിക്കോടിനും അടുത്താകും പാക്കിംഗ് കേന്ദ്രങ്ങൾ.

ഇപ്പോൾ നാലു ലക്ഷം ലിറ്റർ പാൽ സംസ്കരണ ശേഷിയുള്ള കമ്പനി 2020 ഓടെ പ്രതിദിനശേഷി പത്തു ലക്ഷം ലിറ്റർ ആയി വർധിപ്പിക്കും. കൃഷ്ണഗിരിയിൽ ഒരു യൂണിറ്റുകൂടി ആരംഭിക്കുമെന്നും ഡെയറി ഡിവിഷൻ സീനിയർ പ്രസിഡന്റ് സി.പി. ചാൾസ് പറഞ്ഞു. 6,000 കോടി രൂപ വിറ്റുവരവുള്ള എബിടി ഗ്രൂപ്പിൽ ഡെയറി വിഭാഗത്തിന്റെ സംഭാവന 300 കോടി രൂപയാണ്. ഇത് 2025 ഓടെ 3,000 കോടിയിലേറെ ആക്കും.

മൂല്യവർധിത ക്ഷീരോത്പന്ന വിപണിയിലേക്കു ഗ്രൂപ്പ് ശക്‌തമായി കടന്നുചെല്ലുകയാണ്. ഐസ്ക്രീം, പനീർ, ചീസ്, സ്റ്റെറിലൈസ്ഡ് ഫ്ളേവേഡ് മിൽക്ക് തുടങ്ങിയ വലിയ വളർച്ചാസാധ്യതയുള്ള ഉത്പന്നങ്ങളിലാണ് ഗ്രൂപ്പ് ശ്രദ്ധിക്കുന്നത്. തൈര്, ലെസി, നെയ്യ്, സ്കിംഡ് മിൽക്ക് പൗഡർ, ഡെയറിവൈറ്റ്നർ തുടങ്ങി നിലവിലുള്ള ഉത്പന്നശ്രേണിക്കു പുറമേയാണിത്.


കർഷകർക്കു ശാസ്ത്രീയമായ ക്ഷീരകൃഷിയിൽ മാർഗനിർദേശം നൽകി പാൽ സംഭരണ ശൃംഖല സജീവമാക്കി നിർത്തുന്നുണ്ട് ഗ്രൂപ്പ്. ചെറുകിട കർഷകർക്കും കൂടുതൽ പശുക്കളെ വളർത്തുന്നവർക്കും വേണ്ട സാങ്കേതിക ഉപദേശം, വെറ്ററിനറി സഹായം, തീറ്റ തുടങ്ങിയവ ഏർപ്പാടു ചെയ്യുന്നുണ്ട് ഗ്രൂപ്പ്.

1921 മുതൽ പ്രവർത്തിക്കുന്ന ശക്‌തി ഗ്രൂപ്പ് ഓട്ടോമൊബൈൽ, ഊർജം, വിദ്യാഭ്യാസം, ആതുരസേവനം, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിലായി 46 കമ്പനികൾ അടങ്ങിയതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.