ബ്രെഡിൽ ഹാനികരമായ ചേരുവ ഉപയോഗിക്കുന്നില്ല: അസോസിയേഷൻ
ബ്രെഡിൽ ഹാനികരമായ ചേരുവ ഉപയോഗിക്കുന്നില്ല: അസോസിയേഷൻ
Saturday, May 28, 2016 11:35 AM IST
കൊച്ചി: സംസ്‌ഥാനത്ത് ഉത്പാദിപ്പിക്കുന്ന ബ്രെഡിൽ ഹാനികരമായ വസ്തുക്കൾ ചേർക്കുന്നില്ലെന്ന് ഓൾ കേരള ബ്രെഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ. ഡൽഹിയിൽ വിറ്റു വരുന്ന ബ്രെഡിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കുന്ന പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് തുടങ്ങിയ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്നും അത് മാരക രോഗങ്ങൾക്കിടയാക്കുമെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഉത്പാദനത്തിന്റെ*ഒരു ഘട്ടത്തിലും ഇത്തരത്തിൽ ഹാനികരമായ ചേരുവകൾ സംഘടനയുടെ അംഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നു അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ബ്രാൻഡ് ചെയ്തിട്ടുള്ള നൂറിലധികം ബ്രെഡ് ഉത്പാദകരുടെ സംഘടനയാണ് ഓൾ കേരള ബ്രഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ. അസോസിയേഷൻ മുൻകൈ എടുത്ത് സംസ്‌ഥാനത്ത് അസോസിയേഷന്റെ കീഴിലുള്ള ഉത്പാദകർ പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഉപയോഗിക്കരുതെന്നു 2011ൽ തീരുമാനിച്ചിട്ടുള്ളതാണ്. ഇവ ഉപയോഗിച്ചാൽ ബ്രെഡിന്റെ ഉപയോഗ കാലപരിധി കൂട്ടാൻ സാധിക്കുമെന്നതു തികച്ചും തെറ്റായ ധാരണയാണ്.


എന്നാൽ, ഡൽഹിയിലെ ചില ബേക്കറികളിൽ ഇവ ഉപയോഗിച്ചിരുന്നു. അതിനാലാണു പഠനത്തിൽ അങ്ങനെ കണ്ടത്. ഹാനികരമായ ചേരുവകൾ അസംസ്കൃത വസ്തുക്കളിൽ പോലും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് അസോസിയേഷൻ അംഗങ്ങൾ ബ്രെഡ് വിപണിയിൽ എത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ബ്രെഡിൽ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുണ്ടെന്നു വാർത്ത വന്നതിൽ പിന്നെ വില്പനയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

പത്രസമ്മേളനത്തിൽ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.എൽ.വി. നാരായണൻ, സെക്രട്ടറി സജീന്ദ്രൻ ഉണ്ണി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, ട്രഷറർ ഫൈസൽ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.