ഇ–കൊമേഴ്സ് രംഗത്തേക്കു ടാറ്റാ ഗ്രൂപ്പ്
ഇ–കൊമേഴ്സ് രംഗത്തേക്കു ടാറ്റാ ഗ്രൂപ്പ്
Friday, May 27, 2016 11:53 AM IST
മുംബൈ: 148 വർഷത്തെ പാരമ്പര്യമുള്ള ടാറ്റാ ഗ്രൂപ്പ് പുതിയ സംരംഭവുമായെത്തുന്നു. ഇന്ത്യയിലെ ഇ–കൊമേഴ്സ് രംഗത്തേക്ക് ടാറ്റാക്ലിക് ഡോട്ട് കോം എന്ന പുതിയ സ്‌ഥാപനവുമായാണ് ടാറ്റയുടെ വരവ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയാണ് പുതിയ ഇ–കൊമേഴ്സ് മാർക്കറ്റിലുണ്ടാവുക.

മറ്റ് ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളെപ്പോലെതന്നെ കസ്റ്റമേഴ്സിന് തങ്ങൾക്കാവശ്യമായവ ഓർഡർ ചെയ്യാം. വീട്ടിൽ എത്തിക്കുകയോ അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്‌ഥാപനങ്ങൾ വഴിയോ ഇടപാടുകാർക്ക് ഉത്പന്നങ്ങൾ കൈപ്പറ്റാൻ കഴിയും.

മുബൈയിലെ ടാറ്റാ സ്റ്റോറിൽ നടന്ന ചടങ്ങിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ട്രി ഓൺലൈനിലൂടെ ഓർഡർ ചെയ്ത് പോർട്ടൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ടാറ്റാക്ലിക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഫിജിടെൽ സംവിധാനമാണ് ടാറ്റാ പുതിയ സംരംഭത്തിലൂടെ അവതരിപ്പിക്കുന്നത്. ഓൺലൈനിൽ ഓർഡർ നല്കി സ്റ്റോറുകളിൽനിന്നു കൈപ്പറ്റുന്ന രീതിയാണിത്. പോർട്ടലിൽ ഓർഡർ നൽകുന്ന ബ്രാൻഡഡ് ഉത്പന്നങ്ങളുടെ സ്റ്റോർ വഴിയാണ് ഷിപ്പ്മെന്റുകൾ നടക്കുക. 12 ബ്രാൻഡുകളിലായി രാജ്യത്ത് അഞ്ഞൂറിലധികം സ്റ്റോറുകൾ പോർട്ടലിന്റെ ഉദ്ഘാടനത്തോടെ പ്രവർത്തനസജ്‌ജമാണ്. ഇത് വൈകാതെ 2000 ആയി വർധിപ്പിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

രാജ്യത്തെ 23 സംസ്‌ഥാനങ്ങിളിലെ 689 സിറ്റികളിൽ ടാറ്റാക്ലിക്കിന്റെ സേവനം ലഭ്യമായിരിക്കും. 6,856 പിൻകോഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടും. വരും മാസങ്ങളിൽ ഘട്ടംഘട്ടമായി വിപുലീകരണവും ഉണ്ടാകും. 99 രൂപ മുതൽ വില ആരംഭിക്കുന്ന രണ്ടു ലക്ഷത്തിൽപരം ഉത്പന്നങ്ങൾ പോർട്ടലിൽ വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.