അന്താരാഷ്ട്ര കയർമേള ജൂലൈ 15 മുതൽ കോയമ്പത്തൂരിൽ
അന്താരാഷ്ട്ര കയർമേള ജൂലൈ 15 മുതൽ കോയമ്പത്തൂരിൽ
Wednesday, May 25, 2016 11:54 AM IST
കൊച്ചി: രാജ്യത്തെ കയർ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 2015–16ൽ ഗണ്യമായ വർധന ഉണ്ടായതായി കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ. ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ വ്യാപ്തിയിലും മൂല്യത്തിലും വർധന ഉണ്ടായി. 1901.62 കോടി രൂപ മൂല്യമുള്ള 752020 മെട്രിക് ടൺ ഉത്പന്നങ്ങളാണു കയറ്റുമതി ചെയ്തത്. മൂല്യത്തിൽ മുൻവർഷത്തെക്കാൾ 17 ശത മാനം വർധനയും വ്യാപ്തിയിൽ 20 ശത മാനം വർധനയും രേഖപ്പെടുത്തി. മുൻ വർഷം ഇതു 1630 കോടിയുടേയും 626665 മെട്രിക് ടണ്ണിന്റെയും ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കയറ്റുപായ, കയർ ഭൂവസ്ത്രം തുടങ്ങിയവയുടെ കയറ്റുമതിയിൽ ക്രമാനുഗതമായ വർധനയുണ്ടായി. ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്ന അസംസ്കൃത വസ്തുക്കളിൽ 45 ശതമാനം വരെ മാത്രമേ കയർ വ്യ വസായത്തിൽ ഉപയോഗിക്കുന്നു ള്ളൂ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത് 60 ശതമാനത്തിലേക്ക് ഉയർത്താനാണ് കയർ ബോർഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ത്യയിൽനിന്നുള്ള കയർ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ ചൈനയാണ് മുന്നിൽ. 279279.08 ടണ്ണാണ് ഇന്ത്യയിൽനിന്നുള്ള ചൈനയുടെ ഇറക്കുമതി. അമേരിക്കയാണു രണ്ടാമത്. 117202.76 ടണ്ണാണ് അമേരിക്കയുടെ ഇറക്കുമതി. 408897 മെട്രിക് ടൺ ചകിരിച്ചോറാണ് കയറ്റുമതി ചെയ്തത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ കയറ്റുമതി 2014–15 വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാക്കുക, കയർ വ്യവസായത്തിനായി കൂടുതൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ തയാറാക്കുക, ഇന്ത്യയൊട്ടാകെ ബോർഡിന്റെ ഫ്രാഞ്ചൈസികൾ നൽകി ആഭ്യന്തര വിപണി കൂടുതൽ ശക്തിപ്പെടുത്തുക, കയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സംസ്‌ഥാന സർക്കാരിന്റെ സഹകരണത്തോടെ വീടുകൾ നിർമിച്ചു നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ കയർബോർഡ് ആരംഭിച്ചിട്ടുണ്ട്.


നാലാമത് അന്താരാഷ്ട്ര കയർമേള ജൂലൈ 15 മുതൽ 18 വരെ കോയമ്പത്തൂരിലെ കൊഡീസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു. സെമിനാറുകൾ, പ്രദർശനം, വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെ യും സമ്മേളനം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. “കയർ ഉപയോഗിക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ’എന്നതാണ് ഇത്തവണത്തെ കയർമേളയുടെ മുദ്രാവാക്യം. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.