ഈ വർഷം മുതൽ മുൻകൂർ ആദായനികുതി നാലു തവണകളായി
ഈ വർഷം മുതൽ മുൻകൂർ ആദായനികുതി നാലു തവണകളായി
Sunday, May 22, 2016 12:02 PM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

മുൻകാലങ്ങളിൽ കമ്പനി ഒഴികെയുള്ള എല്ലാ നികുതിദായകരും മുൻകൂർ ആദായനികുതി അടയ്ക്കേണ്ടിയിരുന്നത് മൂന്നു തവണകളായിട്ടായിരുന്നു, ആദ്യ ഗഡുവായ 30 ശതമാനം നികുതി നടപ്പു സാമ്പത്തികവർഷം സെപ്റ്റംബർ 15–ാം തീയതിക്കു മുമ്പായിട്ടും രണ്ടാമത്തെ ഗഡു ഡിസംബർ 15–ാം തീയതിക്ക് മുമ്പും അവസാന ഗഡു മാർച്ച് മാസം 15നു മുമ്പും ആണ് അടയ്ക്കേണ്ടിയിരുന്നത്. ആകെ കണക്കാക്കിയ നികുതിയുടെ 60 ശതമാനം തുക കണ്ട് അതിൽനിന്ന് ആദ്യ ഗഡുവായി സെപ്റ്റംബർ 15ന് മുമ്പ് അടച്ച തുക കിഴിച്ചിട്ട് ബാക്കി തുകയായിരുന്നു രണ്ടാമത്തെ ഗഡു ആയി ഡിസംബർ 15നു മുമ്പ് അടയ്ക്കേണ്ടിയിരുന്നത്. തന്നാണ്ടിലെ വരുമാനത്തിന്റെ മുഴുവൻ നികുതിതുകയും കണ്ട് അതിൽനിന്നു നാളിതുവരെ അടച്ച തുക കുറച്ച് ബാക്കി വരുന്ന മുഴുവൻ തുകയും അവസാനഗഡു ആയി മാർച്ച് മാസം 15നു മുമ്പായി അടയ്ക്കണം എന്നായിരുന്നു നിയമം അനുശാസിച്ചിരുന്നത്. ഓരോ തവണയും അടയ്ക്കുമ്പോളും ഇതുവരെ സ്രോതസിൽ അടയ്ക്കപ്പെട്ട നികുതിയുണ്ടെങ്കിൽ അതും അടച്ച നികുതിയുടെ കൂടെ ഉൾപ്പെടുത്താവുന്നതാണ്. കമ്പനികളുടെ മുൻകൂർ ആദായനികുതി നാലു തവണകളായിട്ടാണ് മുൻകാലങ്ങളിലും അടയ്ക്കേണ്ടിയിരുന്നത്.

എന്നാൽ, ബജറ്റിൽ എല്ലാ നികുതിദായകരും മുൻകൂർ നികുതി അടയ്ക്കണമെന്ന് വ്യവസ്‌ഥ ചെയ്തിട്ടുണ്ട്. അവയുടെ ആദ്യ ഗഡു ജൂൺ 15നു മുമ്പും രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15നു മുമ്പും മൂന്നാമത്തെ ഗഡു ഡിസംബർ 15നു മുും അവസാന ഗഡു മാർച്ച് 15നു മുമ്പും ആണ് അടയ്ക്കേണ്ടത്.

2016ലെ ഫിനാൻസ് ആക്റ്റ് അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം എന്ന് വ്യവസ്‌ഥ ചെയ്തിട്ടുണ്ട്. അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു.

എന്നാൽ, ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം നികുതി അടച്ച് കോമ്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2017 മാർച്ച് 15നു മുമ്പായി അടച്ചാൽ മതി.

നികുതി ദായകനു കാപ്പിറ്റൽ ഗെയിൻസ് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ നികുതിയും ഒറ്റത്തവണയായി അടുത്ത നിർദ്ദിഷ്‌ട തീയതിക്ക് മുമ്പായി അടക്കേണ്ടതുണ്ട്. മുൻകൂർ നികുതിയിൽ കുറവു വന്നാൽ ആദായനികുതി നിയമം 234 ബി,സി എന്നീ വകുപ്പുകളനുസരിച്ച് പലിശ നല്കേണ്ടതുണ്ട്.

യഥാർഥ വരുമാനവും മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെട്ട വരുമാനവും


മുൻകൂർ നികുതിക്കു വേണ്ടി കണക്കാക്കപ്പെട്ട വരുമാനം, യഥാർത്ഥ വരുമാനത്തിന്റെ 90 ശതമാനം താഴെയാണ് വരുന്നതെങ്കിൽ കുറവായി വന്ന നികുതിയിന്മേൽ പലിശയും ചിലപ്പോൾ പിഴയും ഈടാക്കിയേക്കാം. പിഴ ഈടാക്കുന്നതിനുമുമ്പ് കാരണം കാണിക്കാൻ നോട്ടീസ് ലഭിക്കുന്നതാണ്. എന്തുകൊണ്ടാണ് കണക്കാക്കപ്പെട്ട വരുമാനം കുറഞ്ഞതെന്നും, മനഃപൂർവം വരുത്തിയ വീഴ്ച അല്ലെന്നും ബോധ്യപ്പെടുത്തിയാൽ പിഴ ഉണ്ടാവില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം.

<ആ>സ്രോതസിൽനിന്നു പിടിക്കുന്ന തുക മുൻകൂർ നികുതിക്കുവേണ്ടിയുള്ള എസ്റ്റിമേറ്റിൽ കണക്കാക്കാമോ?

ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനത്തിന്റെ കൂടെ മറ്റ് വരുമാനങ്ങളും ഉണ്ടെങ്കിൽ അവയും കൂടി കണക്കിലെടുത്തു വേണം നികുതി നിശ്ചയിക്കാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക മുതലായവയിൽനിന്നും പത്തു ശതമാനം മാത്രമാണ് റസിഡന്റ് സ്റ്റാറ്റസുള്ള നികുതിദായകരുടെ പക്കൽനിന്നു സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് പരമാവധി നികുതിനിരക്കുകൾ 30 ശതമാനമാണ്. അതുകൊണ്ടാണ് സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങളും മുൻകൂർ നികുതിക്ക് വേണ്ടിയുള്ള മൊത്തവരുമാനം നിശ്ചയിക്കുന്ന സമയത്ത് കണക്കിലെടുക്കണമെന്ന് പറയുന്നത്.

മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനം ഇല്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കണമെന്ന് നിർബന്ധമില്ല.
വ്യക്‌തികൾക്കുള്ള വരുമാനത്തിന്റെ നികുതി 10,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിലാണ് മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യത ഉണ്ടാവുന്നത്.

<ആ>തവണ അടയ്ക്കേണ്ട തീയതി –അടയ്ക്കേണ്ട നികുതിത്തുക

1. 2016 ജൂൺ 15നു മുമ്പ്– ആകെ വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിന്റെ 15 ശതമാനത്തിൽനിന്നു സ്രോതസിൽ പിടിച്ച നികുതി കിഴിച്ചതിനുശേഷം വരുന്ന തുക.

2. 2016 സെപ്റ്റംബർ 15നു മുമ്പ്– ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 45 ശതമാനത്തിൽനിന്നു സ്രോതസിൽ പിടിച്ച നികുതിയും ആദ്യ ഗഡുവിൽ അടച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുക.

3. 2016 ഡിസംബർ 15ന് മുമ്പ് – ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 75 ശതമാനത്തിൽനിന്നു ഇതുവരെ അടച്ച മുൻകൂർ നികുതിയും സ്രോതസിൽ പിടിച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുക.

4. 2017 മാർച്ച് 15നു മുമ്പ്– ആകെ വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിൽനിന്നു നേരത്തെ അടച്ച മുൻകൂർ നികുതി ഗഡുക്കളും സ്രോതസിൽ പിടിച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.