ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രിയെ സന്ദർശിച്ചു
ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രിയെ സന്ദർശിച്ചു
Saturday, May 21, 2016 11:31 AM IST
ന്യൂഡൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യയിൽ ആപ്പിൾ ഉത്പന്ന നിർമാണശാല തുടങ്ങാനുള്ള സാധ്യതകൾ ഇരുവരും ചർച്ചചെയ്തു. സൈബർ സെക്യൂരിറ്റി, ഡേറ്റാ എൻക്രിപ്ഷൻ എന്നിവ ഇരുവരുടെയും ചർച്ചയിൽ പ്രധാനഭാഗമായി. കഴിവുള്ള യുവാക്കളെ ആപ്പിളിലേക്ക് തെരഞ്ഞെടുക്കാനും കുക്കിനു പദ്ധതിയുണ്ട്. നേരത്തെ ബംഗളൂരുവിൽ ഐഒഎസ് ആപ്പ് ഡെവലപ്മെന്റ് സെന്ററും ഹൈദരാബാദിൽ ആപ്പിൾ മാപ്സും തുടങ്ങുമെന്ന് കുക്ക് പ്രഖ്യാപിച്ചിരുന്നു.

ആപ്പ് ഡെവലപ്മെന്റ് രംഗത്തുള്ള ഇന്ത്യയുടെ പാടവം കുക്ക് പ്രശംസിച്ചു. നരേന്ദ്രമോദി മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് സന്ദർശനവേളയിൽ കുക്ക് അവതരിപ്പിച്ചു. പിന്നീട് ഇരുവരുടെയും ചിത്രങ്ങൾ മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പാരമ്പര്യേതര ഊർജസ്ത്രോതസുകളിൽനിന്നുള്ള ഊർജോത്പാദനത്തിനുള്ള ഇന്ത്യയുടെ പദ്ധതികളെ പ്രശംസിക്കാനും കുക്ക് മറന്നില്ല. ആപ്പിൾ ആസ്‌ഥാനത്തിന്റെ 93 ശതമാനം പ്രവർത്തനങ്ങളും പാരമ്പര്യേതര ഊർജസ്ത്രോതസുകളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 4ജി സേവനങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള ആപ്പിളിന്റെ പ്രവേശനം അനുയോജ്യ സമയത്താണെന്നും കുക്ക് പറഞ്ഞു.


നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ ആപ്പിൾ മേധാവി ടിം കുക്ക് ഐസിഐസിഐ ബാങ്ക് മേധാവി ഛന്ദ കോച്ചാർ, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ട്രി, ടാറ്റാ കൺസൾട്ടൻസി സർവീസ് സിഇഒ എൻ. ചന്ദ്രശേഖരൻ, ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്റർനെറ്റ് സേവനരംഗത്തെ സാധ്യതകളാണ് എയർടെൽ മേധാവിയുമായുള്ള കുക്കിന്റെ കൂടിക്കാഴ്ചയിൽ ചർച്ചയായത്. ഭാരതി എയർടെൽ സിഇഒ ഓഫ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ഗോപാൽ വിത്തൽ, ഹൈക്ക് മെസെഞ്ചർ സിഇഒ കവിൻ ഭാരതി മിത്തൽ എന്നിവരും സന്നിഹിതരായിരുന്നു. ആപ്പിളുമായി സഹകരിച്ച് ഹൈക്ക് മെസെഞ്ചറിനെ വളർത്താനുള്ള സാധ്യത കവിൻ ചർച്ചചെയ്തു. നേരത്തെ വോഡഫോൺ ഇന്ത്യ മേധാവി സുനിൽ സൂദുമായും കുക്ക് ചർച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.