പയർവർഗങ്ങൾക്ക് നികുതി ചുമത്തരുതെന്ന് കേന്ദ്രസർക്കാർ
പയർവർഗങ്ങൾക്ക് നികുതി ചുമത്തരുതെന്ന് കേന്ദ്രസർക്കാർ
Saturday, May 21, 2016 11:31 AM IST
ന്യൂഡൽഹി: വരും മാസങ്ങളിൽ പയർവർഗങ്ങളുടെ വില ഉയരാനുള്ള സാഹചര്യമുള്ളതിനാൽ സംസ്‌ഥാനസർക്കാരുകൾ പയർവർഗങ്ങൾക്ക് നികുതി ചുമത്തരുതെന്ന് കേന്ദ്രസർക്കാർ. പൂഴ്ത്തിവയ്പുകാരുടെ പക്കൽനിന്ന് ഉത്പന്നം വിപണിയിലിറക്കാനുള്ള നടപടിയുണ്ടാകണമെന്നും നിർദേശമുണ്ട്. വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനുമാണ് കേന്ദ്രസർക്കാർ നിർദേശം നല്കിയിരിക്കുന്നത്. സംസ്‌ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. ശേഖരം ഉയർത്താനും തീരുമാനമായിട്ടുണ്ട്.

വലക്കയറ്റം മുൻകൂട്ടി കണ്ട് സ്വകാര്യ ഏജൻസികളിൽനിന്ന് പയർവർഗങ്ങൾ ശേഖരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ടാക്സ് ഉപേക്ഷിക്കുന്നതിനൊപ്പം വിലക്കയറ്റം പിടിച്ചുനിർത്താൻ വിലസ്‌ഥിരതാ ഫണ്ടും സംസ്‌ഥാന സർക്കാരുകൾ രൂപീകരിക്കുകയും കൃത്യസമയങ്ങളിൽ മാർക്കറ്റ്വില നിരീക്ഷിക്കുകയും വേണമെന്നും നിർദേശമുണ്ട്.


ഇറക്കുമതിക്കാർ, മില്ലുടമകൾ, കച്ചവടക്കാർ, ഉത്പാദകർ എന്നിവർക്ക് സൂക്ഷിക്കാവുന്ന ഉത്പന്നത്തിന് പരിധി നിശ്ചയിക്കണമെന്ന് സംസ്‌ഥാനങ്ങൾ പറഞ്ഞു. വിപണിവില കുറയ്ക്കാൻ ഇതും മാർഗമാകുമെന്നാണ് കണക്കുകൂട്ടൽ. ഭക്ഷ്യ എണ്ണ, പഞ്ചസാര, ഉരുളക്കിഴങ്ങ് തുടങ്ങി എല്ലാവിധ ഭക്ഷ്യവസ്തുക്കളുടെയും വില നിയന്ത്രണത്തിലാണ്. ഡിമാൻഡ് കൂടുന്നതിനൊപ്പം ഉത്പാദനം കുറയുന്നതാണ് പയർവർഗങ്ങളുടെ വില കുതിച്ചുകയറ്റുന്നത്. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്ന് പാസ്വാൻ അറിയിച്ചു. 1.70 കോടി ടൺ പയർവർഗങ്ങളാണ് ഇന്ത്യയുടെ ഉത്പാദനം. എന്നാൽ, ആവശ്യമുള്ളതാവട്ടെ 2.36 കോടി ടണ്ണും. കഴിഞ്ഞ സാമ്പത്തികവർഷം 55 ലക്ഷം ടൺ പയർവർഗങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.