മോശം കാലാവസ്‌ഥ: ഈ വർഷം കാപ്പി ഉത്പാദനം കുറഞ്ഞേക്കും
മോശം കാലാവസ്‌ഥ: ഈ വർഷം കാപ്പി ഉത്പാദനം കുറഞ്ഞേക്കും
Friday, May 20, 2016 11:48 AM IST
ന്യൂഡൽഹി: അടുത്ത വിളവെടുപ്പുകാലത്ത് കാപ്പിയുത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ആദ്യ കുറവായിരിക്കും ഇതെന്നാണ് കർണാടക പ്ലാന്റേഴ്സ് അസോസിയേഷന്റെ നിഗമനം. പൂവിട്ട കാലത്തെ മഴക്കുറവും കനത്ത ചൂടും ദക്ഷിണേന്ത്യയിലെ വിളവിനെ ബാധിച്ചേക്കും. ലോകത്തെ കാപ്പിയുത്പാദകരിൽ ആറാം സ്‌ഥാനത്താണ് ഇന്ത്യ. ബ്രസീലും വിയറ്റ്നാമുമാണ് ആദ്യ സ്‌ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽനിന്നുള്ള ഉത്പാദനം കുറയുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിവില ഉയരാനിടയുണ്ട്. പ്രധാന ഉത്പാദക രാജ്യമായ ബ്രസീലിലെ വിളവ് കുറഞ്ഞതിനാൽ കാപ്പിവിലയിൽ കയറ്റമുണ്ട്.

പൂവിട്ട സമയത്തെ വരണ്ട കാലാവസ്‌ഥ കായ പിടിക്കുന്നത് കുറച്ചു. ഇക്കാരണത്താൽ മൊത്തം ഉത്പാദനത്തിൽ ഏതാണ്ട് 25 ശതമാനത്തോളം കുറവുണ്ടായേക്കുമെന്നു കർണാടക പ്ലാന്റേഴ്സ് അസോസിയേഷൻ ചെയർമാൻ പറഞ്ഞു. ഇന്ത്യയിലെ മൊത്തം കാപ്പിയുത്പാദനത്തിൽ 70 ശതമാനവും കൈയാളുന്നത് കർണാടകയാണ്. സെപ്റ്റംബറിൽ അവസാനിക്കുന്ന സീസണിൽ ഇന്ത്യയിലാകെ മൊത്തം 3.5 ലക്ഷം ടൺ കാപ്പി ലഭിക്കുമെന്നാണ് കോഫീ ബോർഡിന്റെ കണക്കുകൂട്ടൽ.


കർണാടകയിൽ 25 ശതമാനം ഉത്പാദനക്കുറവുണ്ടായാൽ ഉത്പാദനം 2016/17ൽ 2.63 ലക്ഷം ടണ്ണായി കുറയും. 1998/99നു ശേഷമുള്ള ഏറ്റവും വലിയ ഉത്പാദനയിടിവായിരിക്കുമിത്. ഈ വർഷത്തെ ആദ്യ വിളവെടുപ്പ് അടുത്ത മാസം പകുതിയോടെ ഉണ്ടാകുമെന്നാണ് കോഫി ബോർഡിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ നാലിൽ മൂന്നു ഭാഗവും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര വില കൂടിനിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതിക്കാർ ചരക്ക് വിറ്റൊഴിവാക്കാൻ ഉത്സാഹിക്കുകയാണ്. ഇറ്റലി, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽനിന്നുള്ള കാപ്പിയുടെ പ്രധാന ഉപഭോക്‌താക്കൾ. കയറ്റുമതി 19.4 ശതമാനം വർധിച്ച് 2,13,187 ടൺ ആയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.