ബാങ്ക് ലയന നീക്കത്തിൽ അപായങ്ങൾ ഏറെ
ബാങ്ക് ലയന നീക്കത്തിൽ അപായങ്ങൾ ഏറെ
Wednesday, May 18, 2016 11:07 AM IST
മുംബൈ: അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിപ്പിക്കാനുള്ള നീക്കത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ. ആഗോള ബാങ്കിംഗിൽ ആദ്യത്തെ 50 എണ്ണത്തിൽപ്പെടുന്ന ഒരു ബാങ്ക് ഉണ്ടെന്നു കാണിക്കാനുള്ള അമിതാവേശമാണ് ലയനത്തിനു പിന്നിലെന്നു പലരും കരുതുന്നു.

ഇപ്പോൾ ലോകബാങ്കിംഗിൽ 52–ാം സ്‌ഥാനത്താണ് എസ്ബിഐ. ലയനം കഴിഞ്ഞാൽ എസ്ബിഐയുടെ മൊത്തം ബിസിനസ് 39 ലക്ഷം കോടി രൂപ (58,000 കോടി ഡോളർ) ആകും. ലോക റാങ്കിംഗിൽ 45–ാം സ്‌ഥാനത്തേക്ക് ഉയരാം. ജർമനിയുടെ കൊമേഴ്സ് ബാങ്കിംഗിനു താഴെ ഫ്രാൻസിന്റെ നാറ്റിക്സിക്കു മുകളിൽ.

ഇങ്ങനെ വലുപ്പവും റാങ്കിംഗും കൂടുന്നതിനപ്പുറം ബാങ്കിംഗിൽ മാറ്റമൊന്നും വരാനില്ല. കാലക്രമത്തിൽ ഒരേ നഗരത്തിൽ പല ശാഖകൾ ഉള്ളതിൽ കുറേ എണ്ണം അടയ്ക്കാം. ബാങ്കുകളുടെ ട്രഷറി വിഭാഗം ഒന്നിപ്പിക്കാം. ഭരണം ഏകോപിപ്പിക്കുമ്പോൾ കുറേ തസ്തികകൾ ഒഴിവാക്കാം. ഇത്തരം ചില്ലറ നേട്ടങ്ങളേ ഉണ്ടാകു.

എന്നാൽ ലയനത്തിൽ വേറെ അപായമുണ്ടെന്നാണു ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ എസ്ബിഐ രാജ്യത്തെ ബാങ്ക് ബിസിനസിന്റെ (നിക്ഷേപത്തിന്റെയും വായ്പയുടേയും) ആറിലൊന്ന് കൈയടക്കിയിട്ടുള്ള ബാങ്കാണ്. രാജ്യത്തെ ഏറ്റവും വലുത്. 16.71 ലക്ഷം കോടിയാണ് എസ്ബിഐയിലെ നിക്ഷേപം. 14.28 ലക്ഷം കോടി വായ്പയുണ്ട്. മൊത്തം വലുപ്പം 31 ലക്ഷം കോടി രൂപ.


അടുത്തുവരുന്ന ഐസിഐസിഐ ബാങ്കിന്റെ വലുപ്പം 7.2 ലക്ഷം കോടി രൂപ. മൂന്നാംസ്‌ഥാനത്തുള്ള ബാങ്ക് ഓഫ് ബറോഡയുടേത് 7.11 ലക്ഷം കോടി രൂപ.

ലയനം കഴിയുന്നതോടെ ഇന്ത്യയിലെ ബാങ്കിംഗ് ബിസിനസിന്റെ 23 ശതമാനം എസ്ബിഐയുടേതാകും. ഇങ്ങനെയൊരു കേന്ദ്രീകരണം നല്ലതല്ലെന്നാണു പലരും ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയിൽ 2008ലെ സാമ്പത്തികത്തകർച്ചയെ തുടർന്നുണ്ടാക്കിയ നിയമങ്ങളിലൊന്ന് രാജ്യത്തെ മൊത്തം ബാങ്ക് ബിസിനസിന്റെ പത്തുശതമാനത്തിലേറെ ഒരു കമ്പനിയുടേതാകരുത് എന്നാണ്. ഒരു ബാങ്കിന്റെ തെറ്റോ അബദ്ധമോ മൂലം എല്ലാ ബാങ്കുകളും അപകടത്തിലാകുന്ന സാഹചര്യം വരാതിരിക്കാനാണ് ഈ നിർബന്ധന. ഇന്ത്യ ബിസിനസിന്റെ നാലിലൊരു ഭാഗം കൈയടക്കുന്ന കുത്തകയ്ക്കു രൂപം നൽകുന്നതിനെതിരായ പ്രധാന വിമർശനമതാണ്.

കുത്തകയ്ക്ക് ഏതെങ്കിലും സംഭവിച്ചാൽ അതിനെ രക്ഷിക്കാനും വലിയ തുക വേണം. അതു ചിലപ്പോൾ ഗവൺമെന്റിനു നല്കാവുന്നതിലേറെയാകും. കുറേക്കൂടി ചെറുതായിരുന്നാൽ അത്ര തുക വേണ്ടിവരില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.