ശമ്പളത്തിൽ സ്ത്രീവിവേചനം ഇപ്പോഴും
ശമ്പളത്തിൽ സ്ത്രീവിവേചനം ഇപ്പോഴും
Tuesday, May 17, 2016 11:24 AM IST
ന്യൂഡൽഹി: രാജ്യത്ത് ശമ്പളവ്യവസ്‌ഥയിൽ സ്ത്രീവിവേചനം ഇപ്പോഴും. മൊത്തം ശരാശരിയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു ലഭിക്കുന്നത് 27 ശതമാനം കുറവ് ശമ്പളം. ഓൺലൈൻ കരിയർ ആൻഡ് റിക്രൂട്ട്മെന്റ് സ്‌ഥാപനമായ മോൺസ്റ്റർ ഇന്ത്യ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പുരുഷന്മാർ മണിക്കൂറിൽ ശരാശരി 288.68 രൂപ നേടുമ്പോൾ സ്ത്രീകൾക്കു ലഭിക്കുന്നത് 207.85 രൂപയാണ്.

ഐടി, ആരോഗ്യം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം, ഗവേഷണം, ധനകാര്യ സേവനങ്ങൾ, ബാങ്കിംഗ്, ഇൻഷ്വറൻസ്, ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷൻ, നിർമാണം, നിയമം, മാർക്കറ്റ്, ബിസിനസ് തുടങ്ങിയ മേഖലകൾ സർവേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വേതനത്തിൽ ഏറ്റവുമധികം സ്ത്രീ വിവേചനമുള്ളത് നിർമാണമേഖലയിലാണ്–34.9 ശതമാനം. ബിഎഫ്എസ്ഐ (ബാങ്കിംഗ്, ഫിനാൻഷൽ സർവീസ്, ഇൻഷ്വറൻസ്), ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലാണ് വേതനത്തിൽ ഏറ്റവും കുറവ് അന്തരമുള്ളത്. ഈ മേഖലകളിലെല്ലാം 17.7 ശതമാനമാണ് വേതനത്തിൽ സ്ത്രീ വിവേചനം. പുരുഷന്മാർക്ക് ജോലിയിൽ സ്‌ഥാനക്കയറ്റവും ഉയർന്ന ശമ്പളവും ലഭിക്കുമ്പോൾ സ്ത്രീകൾക്ക് പലപ്പോഴും ജോലിയിൽ തുടരാൻ കഴിയാതെവരുന്നു. ശിശുപരിപാലവും മറ്റു സാമൂഹിക–സാമുദായിക വ്യവസ്‌ഥകളും മൂലം സ്ത്രീകൾക്ക് പ്രഫഷനിൽ ശോഭിക്കാനാവാതെ വരുന്നത് വേതന അന്തരത്തിന് ഒരു കാരണമാകുന്നുണ്ട്.


ഏതാണ്ട് മൂന്നു വർഷത്തോളം നീണ്ട സർവേയ്ക്കു ശേഷമാണ് മോൺസ്റ്റർ ഇന്ത്യ റിപ്പോർട്ട് പുറത്തുവിട്ടത്. 2013 ജനുവരി മുതൽ 2015 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.