മൊത്തവിലകളും കയറി; പലിശകുറയ്ക്കൽ അകലെ
മൊത്തവിലകളും കയറി; പലിശകുറയ്ക്കൽ അകലെ
Monday, May 16, 2016 11:42 AM IST
ന്യൂഡൽഹി: വീണ്ടും വിലകൾ കയറുന്നു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അനുസരിച്ച് 17 മാസത്തിനു ശേഷം വില കയറി. ഏപ്രിലിൽ സൂചിക 0.34 ശതമാനമാണു വർധിച്ചത്. തലേ മാസം 0.85 ശതമാനം കുറഞ്ഞതാണ് സൂചിക. ഒരു വർഷം മുൻപ് ഇതേ മാസം 2.43 ശതമാനം കുറവായതാണ്.

റിസർവ് ബാങ്ക് നയരൂപീകരണത്തിന് മൊത്തവിലസൂചികയ്ക്കു പകരം ചില്ലറവിലസൂചിക (സിപിഐ) ഉപയോഗിച്ചു തുടങ്ങിയതോടെ ഇതിന്റെ പ്രസക്‌തി കുറഞ്ഞുപോയിരുന്നു. മൊത്തവിലസൂചിക 17 മാസം തുടർച്ചയായി താണിട്ടു കയറിയതു നല്ല സൂചനയായി ധനശാസ്ത്രജ്‌ഞർ കരുതുന്നു. ധനകാര്യവർഷത്തിന്റെ രണ്ടാം പകുതിയിൽ മെച്ചപ്പെട്ട കമ്പനി റിസൾട്ടുകൾക്കു വഴിതെളിക്കുന്നതാണ് ഈ മാറ്റം.

എന്നാൽ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അത്ര ശുഭകരമല്ല. കമ്പനികൾ വില വർധിപ്പിക്കാൻ തുടങ്ങി എന്നാണ് സൂചിക കയറിയതിന്റെ അർഥം. അതു കമ്പനികൾക്കു നേട്ടമാണ്, ഉപഭോക്‌താക്കൾക്കു കോട്ടവും.


മൊത്തവിലസൂചിക കയറിയത് അടുത്ത മാസം റിസർവ് ബാങ്ക് പലിശ കുറയ്ക്കില്ല എന്നുറപ്പാക്കുന്നു. ജൂൺ ഏഴിനാണ് പണനയ അവലോകനയോഗം.

മൊത്തവില പ്രകാരം ഭക്ഷ്യവസ്തുക്കൾക്കും പച്ചക്കറിക്കുമാണ് ഏപ്രിലിൽ കൂടുതൽ വിലവർധന ഉണ്ടായത്. മാർച്ചിലെ 3.73 ശതമാനത്തിന്റെ സ്‌ഥാനത്ത് 4.23 ശതമാനമായി ഏപ്രിൽ ഭക്ഷ്യവിലക്കയറ്റം പച്ചക്കറിക്കു തലേ മാസം 2.26 ശതമാനം കുറഞ്ഞ സ്‌ഥാനത്ത് ഏപ്രിലിൽ 2.21 ശതമാനം കയറ്റം. പയർവർഗങ്ങളുടെ വിലക്കയറ്റം 34.45ൽനിന്നു 36.36 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ സൂചിക രണ്ടു ശതമാനമാണ് കയറിയത്. ചില്ലറവിലക്കയറ്റത്തിലും ഭക്ഷ്യവിഭാഗമാണു മുന്നിൽ നിന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.