സാമ്പത്തിക അസമത്വം ഏറ്റവും കൂടുതൽ ഇന്ത്യയിലും ചൈനയിലും
സാമ്പത്തിക അസമത്വം ഏറ്റവും കൂടുതൽ ഇന്ത്യയിലും ചൈനയിലും
Wednesday, May 4, 2016 11:43 AM IST
സിംഗപ്പൂർ: ലോകരാഷ്ട്രങ്ങളിൽ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതൽ ഇന്ത്യയിലും ചൈനയിലുമാണെന്ന് ഐഎംഎഫ്. ഇന്ത്യയും ചൈനയും അതിവേഗം വളരുന്ന രാജ്യങ്ങളാണ്. പട്ടിണി കുറഞ്ഞു. അതോടൊപ്പം രാജ്യത്തെ സാമ്പത്തികനിലയും മെച്ചപ്പെട്ടു. എന്നാൽ, അസമത്വം വർധിച്ചുവെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഭിപ്രായപ്പെട്ടു.നേരത്തെ ഏഷ്യയുടെ അതിവേഗ വളർച്ച സാമ്പത്തികനില ഏകദേശം തുല്യമായി വിഭജിച്ചു നല്കി. എന്നാൽ ഇപ്പോൾ അതിവേഗം വളരുന്ന ഏഷ്യൻ രാജ്യങ്ങളിൽ പട്ടിണിയും വർധിച്ചുവരുന്നു. സമത്വത്തിലൂടെയുള്ള വളർച്ച സാധ്യമാക്കാവുന്നതിലും അപ്പുറമാണിപ്പോൾ.

നഗരപ്രദേശങ്ങളിൽ ഇടത്തരം സാമ്പത്തികനിലയിലുള്ളവരെ വാർത്തെടുക്കാൻ ചൈനയ്ക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ടെന്ന് ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തായ്ലൻഡ്, ഇന്ത്യ, ഇന്തോനേഷ്യ എന്നിവർ ഇപ്പോഴും വെല്ലുവിളി നേരിടുകയാണ്. ജനപ്പെരുപ്പം അനുസരിച്ച് സാമ്പത്തിക നിലവാരമുയർത്താൻ ഈ രാജ്യങ്ങൾക്കു കഴിഞ്ഞിട്ടില്ല.

ഗ്രാമവും നഗരവും തമ്മിലുള്ള സാമ്പത്തിക അന്തരം ഇന്ത്യയിൽ വളരെ വലുതാണ്. നഗരങ്ങൾക്കുള്ളിലെ കുടുംബങ്ങൾ തമ്മിലും സാമ്പത്തിക അന്തരം പ്രകടമാണ്. വ്യവസായവത്കരണത്തിന്റെ അതിവേഗ വളർച്ച ചൈനയുടെ ചില ഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ വിദേശ നിക്ഷേപങ്ങളും അവിടേക്കു കേന്ദ്രീകരിച്ചു. ഇത് മറ്റു സ്‌ഥലങ്ങളുമായുള്ള സാമ്പത്തിക അന്തരത്തിനു കാരണമായി. ഇതു മാത്രമല്ല ഗ്രാമീണമേഖലകളിലെ കുറഞ്ഞ വിദ്യാഭ്യാസവും സാമ്പത്തിക അന്തരത്തിനു പ്രധാന കാരണമായി. എന്നാൽ, ഇന്ത്യയിൽ ഗ്രാമീണ–നഗര വരുമാനങ്ങൾ തമ്മിലുള്ള അന്തരമാണ് പ്രധാന കാരണം. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തി. രണ്ടു പതിറ്റാണ്ടുകളായി വിദ്യാഭ്യാസ നിലവാരവും ഇന്ത്യയിലെ സാമ്പത്തിക അന്തരത്തിനു കാരണമാകുന്നുണ്ട്.


സാമ്പത്തിക അസമത്വത്തിനെതിരേ പോരാടാൻ ഇരു രാജ്യങ്ങളും നിരവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നു. സാമൂഹിക സുരക്ഷ നല്കുന്ന ചൈനയുടെ മിനിമം ലൈവ്ലിഹുഡ് ഗ്യാരന്റി സ്കീം, 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന ഇന്ത്യയുടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവ ഇവയിൽ ചിലതാണ്. അവ ഏറെക്കുറെ ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.