ആപ്പിളിന് ഇന്ത്യയിൽ വൻ സാധ്യത: ടിം കുക്ക്
ആപ്പിളിന് ഇന്ത്യയിൽ വൻ സാധ്യത: ടിം കുക്ക്
Tuesday, May 3, 2016 12:25 PM IST
ന്യൂയോർക്ക്/ന്യൂഡൽഹി: ഇന്ത്യയിൽ ആപ്പിളിന് വലിയ മാർക്കറ്റ് സാധ്യതയുണ്ടെന്ന് സിഇഒ ടിം കുക്ക്. 2022ൽ ഇന്ത്യ ജനസംഖ്യയിൽ മുമ്പിലെത്തും. ഇപ്പോഴുള്ള ജനസംഖ്യയിൽ 50 ശതമാനവും 25 വയസ് പ്രായപരിധിയിലുള്ളവരാണ്. ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് സ്മാർട്ഫോണുകൾ ആവശ്യമായി വരുമെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. ആപ്പിളിന്റെ ഐ ഫോണുകൾക്ക് ഇന്ത്യൻ മാർക്കറ്റുകളിൽ വൻ സ്വീകാര്യതയുണ്ട്. എൽടിഇ നെറ്റ്വർക്കിന്റെ കുറവുള്ളതിനാലാണ് ആപ്പിളിന്റെ സ്വീകാര്യതയ്ക്ക് ഇടിവുള്ളത്. സമീപകാലത്ത് അതു മാറിവരുമെന്നും കുക്ക് പറഞ്ഞു.

ഇപ്പോൾ ആപ്പിളിന്റെ വിപണിയിൽ ഇടിവുണ്ടായിട്ടുണ്ട്. അമേരിക്കയ്ക്കുശേഷം ഏറ്റവും അധികം ഐഫോൺ ഉത്പാദിപ്പിക്കുന്ന ചൈനയിൽ 11 ശതമാനമാണ് വില്പനയിടിഞ്ഞത്. അതേസമയം ഇന്ത്യയിൽ 56 ശതമാനം വളർച്ച നേടാനും ഐഫോണിനായി. എന്നാൽ, നാലാം ത്രൈമാസ കണക്കെടുപ്പിൽ വരുമാനത്തിൽ വൻ ഇടിവും ആപ്പിളിനു നേരിടേണ്ടി വന്നിട്ടുണ്ട്.


അതേസമയം, ഇന്ത്യൻ വിപണിയിൽ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വിൽക്കാനുള്ള ആപ്പിളിന്റെ ശ്രമത്തിനു സർക്കാർ തടയിട്ടു. ഉപയോഗിച്ച സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള അനുവാദം ചോദിച്ച് ആപ്പിൾ സർക്കാരിനെസമീപിച്ചിരുന്നു. ഇതിന് അനുമതി നല്കില്ലെന്ന് ഇന്നലെ രാജ്യസഭയിൽ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

മറ്റു മന്ത്രിമാരോടും പ്രധാനമന്ത്രിയോടും ആലോചിച്ചാണ് ടെലികോം മന്ത്രാലയം ആപ്പിളിന്റെ അപേക്ഷ തള്ളിയത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, പരിസ്‌ഥിതി മന്ത്രാലയങ്ങൾ ആപ്പിളിന്റെ അപേക്ഷ എതിർത്തു. വാണിജ്യ മന്ത്രാലയവും ഇതിനു തയാറായില്ല. ഇലക്ട്രോണിക് മാലിന്യങ്ങൾ തള്ളാനുള്ള ഇടമല്ല ഇന്ത്യയെന്ന് മന്ത്രാലയങ്ങൾ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.