മേയ്ദിനം: യുഎഇയിൽ തൊഴിലാളികളെ ആദരിച്ചു
മേയ്ദിനം: യുഎഇയിൽ തൊഴിലാളികളെ ആദരിച്ചു
Monday, May 2, 2016 12:11 PM IST
അബുദാബി: രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നിസ്തുല സംഭാവനകൾ നൽകിയ തൊഴിൽസമൂഹത്തിനു ലോക തൊഴിലാളിദിനത്തിന്റെ ഭാഗമായി യുഎഇ ആദരം അർപ്പിച്ചു. യുഎഇ സാംസ്കാരിക വിജ്‌ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു അബുദാബി യാസ് ഐലൻഡിൽ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

ഈ രാജ്യത്ത് നിങ്ങൾ ഇല്ലായിരുന്നെങ്കിൽ യുഎഇക്ക് ഈ രീതിയിലുള്ള വളർച്ച നേടാൻ സാധിക്കില്ലായിരുന്നെന്നും രാജ്യത്തിന്റെ പുരോഗതിയിൽ മഹത്തായ സംഭാവനകൾ നൽകിയ നിങ്ങളെ നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അവിഭാജ്യ ഘടകമായാണു കാണുന്നതെന്നും തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് പറഞ്ഞു.


യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്ത് ഖാലിദ് അൽ ഖാസിമി, മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി സഖർ ബിൻ ഗോബാശ്, അടിസ്‌ഥാന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ നുഐമി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ആരോഗ്യ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനും മറ്റും ഊന്നൽ നൽകുന്ന വിവിധ സ്‌ഥാപനങ്ങൾക്കും വ്യക്‌തികൾക്കും പ്രശസ്തിപത്രം ചടങ്ങിൽ സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് യുഎഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് പ്രശസ്തിപത്രം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.