ധർമസ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിലയ്ക്കുമ്പോൾ നികുതിബാധ്യത
ധർമസ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ  നിലയ്ക്കുമ്പോൾ നികുതിബാധ്യത
Saturday, April 30, 2016 12:03 PM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

പുരാതനകാലം മുതൽക്കേ ധർമസ്‌ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും സമൂഹത്തിൽ നിലനിന്നിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ സ്‌ഥാപനങ്ങൾ പ്രവർത്തിച്ചുവന്നിരുന്നതിനാൽ ഇവർക്ക് നികുതി ഒഴിവു നല്കി വളർച്ചയ്ക്ക് അവസരങ്ങൾ ഒരുക്കികൊടുത്തിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പാവപ്പെട്ടവരുടെ ഉയർച്ചയ്ക്കായി പ്രസ്തുത ധർമസ്‌ഥാപനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലകളിലും ആരോഗ്യമേഖലകളിലും ഇവരുടെ പ്രവർത്തനം ശ്ലാഘനീയമാണ്. എന്നാൽ, ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ചാരിറ്റബിൾ ട്രസ്റ്റ് എന്ന മുഖമുദ്ര ഉപയോഗിച്ചും നിയമത്തിലെ പരിമിതികൾ ഉപയോഗിച്ചും പലരും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ നിയമത്തിലെ ബലഹീന വശങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതാണ് പതിവ്. ആദായനികുതി നിയമം അനുസരിച്ച് ചാരിറ്റബിൾ സൊസൈറ്റികൾക്ക് നികുതിയിൽനിന്ന് ഒഴിവുണ്ട്. നികുതിയൊഴിവ് ലഭിക്കണമെങ്കിൽ ആദായനികുതി നിയമത്തിലെ നിയമങ്ങളെ അടിസ്‌ഥാനപ്പെടുത്തിയായിരിക്കണം സൊസൈറ്റികളുടെ ഉത്ഭവവും ഘടനയും പ്രവർത്തനങ്ങളും. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ആദായനികുതിനിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളത് മാത്രമായിരിക്കണം.

ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ധർമസ്‌ഥാപനങ്ങൾക്ക് നല്കുന്ന പണം (വോളന്ററി കോൺട്രിബ്യൂഷൻ) പ്രസ്തുത സ്‌ഥാപനത്തിന്റെ വരുമാനം ആയിട്ടാണ് ആദായനികുതി നിയമത്തിൽ നിർവചിച്ചിരിക്കുന്നത്. ചാരിറ്റബിൾ സൊസൈറ്റികളുടെ സ്വത്തുക്കളിൽനിന്നുള്ള വരുമാനവും ഇഷ്ടപ്രകാരം സൊസൈറ്റിക്ക് ലഭിക്കുന്ന സംഭാവനകളും നിബന്ധനകൾക്ക് വിധേയമായി ആദായനികുതി നിയമത്തിലെ 11, 12 വകുപ്പനുസരിച്ച് നികുതി ഒഴിവിന് അർഹമാണ്. ഒഴിവ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധന വരുമാനത്തിന്റെ 85 ശതമാനമെങ്കിലും ചാരിറ്റബിളായ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കിയിരിക്കണം എന്നതാണ്.

ഏതെങ്കിലും കാരണവശാൽ ഇതു സാധിക്കാതെ വന്നാൽ പ്രസ്തുത വരുമാനം നിബന്ധനകൾക്കനുസരിച്ച് വിവിധങ്ങളായ അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ്. പ്രസ്തുത വരുമാനം നിഷ്ക്കർഷിച്ചിട്ടുള്ള രീതിയിൽ നിക്ഷേപിച്ചില്ലെങ്കിൽ അതിന് ആദായനികുതി ബാധകമാകുന്നതാണ്.

ചാരിറ്റബിൾ സൊസൈറ്റികൾക്കും പ്രസ്‌ഥാനങ്ങൾക്കും നികുതിയിൽനിന്ന് ഒഴിവു ലഭിക്കണമെങ്കിൽ ആദായനികുതി നിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് പ്രസ്തുത സ്‌ഥാപനങ്ങൾ ഇൻകം ടാക്സ് കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ രീതിയിൽ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമാണ് അവർക്ക് ആദായനികുതി നിയമത്തിലെ 11ഉം 12ഉം വകുപ്പനുസരിച്ചുള്ള നികുതിയൊഴിവിന് അർഹതയുണ്ടാവുകയുള്ളൂ. രജിസ്ട്രേഷൻ ഏതു വിധത്തിൽ കാൻസലാക്കപ്പെടാമെന്നും ഈ വകുപ്പുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. 13–ാം വകുപ്പിൽ ആദായനികുതിയുടെ ഒഴിവുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്.

ചാരിറ്റബിൾ സൊസൈറ്റികൾ ആദായനികുതി നിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യുന്ന സമയത്ത് താഴെ പറയുന്ന നിബന്ധനകൾ രജിസ്ട്രേഷൻ ഡീഡിൽ നിർബന്ധമായും കാണിച്ചിരിക്കണം എന്ന് നിഷ്കർഷിക്കാറുണ്ട്.

1) സൊസൈറ്റിയുടെ ട്രസ്റ്റ് ഡീഡിലെ അല്ലെങ്കിൽ ബൈലോയിലെ ഏതെങ്കിലും ക്ലോസുകളിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അവ ആദായനികുതി കമ്മീഷണറുടെ മുൻകൂർ അനുവാദത്തോടുകൂടി മാത്രമായിരിക്കണം.

2) ട്രസ്റ്റ് സാസൈറ്റി ഏതെങ്കിലും കാരണവശാൽ പിരിച്ചുവിടുകയാണെങ്കിൽ ട്രസ്റ്റിന്റെ സ്വത്തുക്കൾ അതിലെ അംഗങ്ങൾക്കോ, ട്രസ്റ്റികൾക്കോ വീതം ചെയ്തെടുക്കാൻ സാധിക്കുന്നതല്ല. ട്രസ്റ്റിന്റെ സ്വത്തുക്കൾ ഇതേ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന രജിസ്ട്രേഷനുള്ള ചാരിറ്റബിൾ സൊസൈറ്റിയിലേക്കോ അല്ലെങ്കിൽ ഗവൺമെന്റിലേക്കോ ഏല്പിക്കേണ്ടതാണ്.

3) ഇതിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഇന്ത്യയിൽത്തന്നെ ആയിരിക്കണം.

4) ട്രസ്റ്റ് / സൊസൈറ്റിയുടെ പണം ഡീഡിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.


ഏതെങ്കിലും കാരണവശാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന സാഹചര്യം വന്നാൽ പ്രസ്തുത സ്‌ഥാപനത്തിന്റെ സ്വത്തുക്കൾ ഏതുവിധത്തിൽ കൈകാര്യം ചെയ്യണമെന്നാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. അതായത് ആദായനികുതി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടതും നിലയ്ക്കുന്ന സൊസൈറ്റിയുടെ തുല്യമായ പ്രവർത്തനങ്ങളുള്ള സൊസൈറ്റിയിലോ അല്ലെങ്കിൽ ഗവൺമെന്റിലോ ലയിപ്പിക്കണം എന്നാണ് വ്യവസ്‌ഥ. എന്നാൽ, ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാലുണ്ടാകുന്ന നികുതി ബാധ്യതയെപ്പറ്റി നികുതിനിയമത്തിൽ ഇതുവരെ വ്യക്‌തത ഇല്ലായിരുന്നു. ആദായനികുതി നിയമമനുസരിച്ച് ധർമസ്‌ഥാപനങ്ങളുടെ വരുമാനം സ്‌ഥാവര സ്വത്തുക്കളിൽ നിക്ഷേപിച്ചാലും അതിനു നികുതിയിളവു ലഭിക്കും. ആ നിലയ്ക്കു നികുതിയിളവ് വാങ്ങി സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾ പ്രസ്തുത ധർമസ്‌ഥാപനം നിർത്തി സ്വത്തുക്കൾ മാറ്റുമ്പോൾ നികുതിക്കു വിധേയമാകുന്നതാണ് ബജറ്റിലെ പുതിയ നിയമം. പ്രസ്തുത സ്വത്തുക്കൾ ചാരിറ്റബിൾ സൊസൈറ്റി/ ട്രസ്റ്റിൽ നിലനിൽക്കുന്നിടത്തോളം കാലം, പ്രവർത്തനം ഉണ്ടെങ്കിൽ നികുതി ബാധ്യത ഉണ്ടാവുന്നില്ല. നികുതി ഇളവിലൂടെ സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾ ധർമസ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിയതിനുശേഷം ചാരിറ്റബിൾ അല്ലാത്ത സൊസൈറ്റിയിലേക്ക് കൈമാറ്റം ചെയ്താൽ, നാളിതുവരെ ലഭിച്ച ആനുകൂല്യങ്ങളുടെ ദുരുപയോഗം മാത്രമായി അവയെ കണക്കാക്കേണ്ടതാണ്. അതിനാലാണ് പ്രസ്തുത സ്വത്തുക്കൾ ചാരിറ്റബിൾ അല്ലാത്ത പ്രസ്‌ഥാനത്തിൽ ലയിപ്പിക്കുകയാണെങ്കിൽ ആ സ്വത്തുക്കളുടെ മേൽ നികുതി ഈടാക്കുന്നതാണ്. പ്രസ്തുത നിയമത്തിന്റെ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.

1) ധർമസ്‌ഥാപനങ്ങൾ പ്രവർത്തനം നിർത്തി ആദായനികുതിനിയമം അനുസരിച്ച് രജിസ്ട്രേഷനുള്ള ഒരു സ്‌ഥാപനത്തിലേക്ക് അതിന്റെ സ്വത്തുക്കൾ ലയിപ്പിക്കുകയോ പ്രവർത്തനം നിർത്തി സ്‌ഥാപനം പിരിച്ചുവിട്ടതിനുശേഷം സ്വത്തുക്കൾ പ്രസ്തുത സ്‌ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുല്യമായതും രജിസ്ട്രേഷനുള്ളതുമായ സ്‌ഥാപനത്തിലേക്ക് 12 മാസത്തിനകം ലയിപ്പിക്കുകയോ ചെയ്യാത്ത അവസ്‌ഥയിലാണ് നികുതി ബാധ്യത വരുന്നത്.

2) സ്വരൂപിക്കപ്പെട്ട സ്വത്തുക്കളുടെ വിലയിൽനിന്നു നിലവിലുള്ള കടബാധ്യത എന്തെങ്കിലുമുണ്ടെങ്കിൽ അതു കുറച്ചതിനു ശേഷം വരുന്ന തുകയ്ക്കാണ് നികുതി ബാധ്യത വരുന്നത്. സ്വത്തുക്കളുടെ വിലകൾ നിശ്ചയിക്കുന്നതിന് ഇൻകംടാക്സ് റൂൾസിൽ മാർഗനിർദേശങ്ങൾ നല്കിയിട്ടുണ്ട്.

3) സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾക്ക് ആദായനികുതിനിയമത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാവധി നിരക്കിലാണ് നികുതി ഈടാക്കുന്നത്. നിലവിൽ ഇത് 30 ശതമാനമാണ്. അതായത് സ്ലാബ് നിരക്കുകൾ ഒന്നും ബാധകമല്ല.

4) പ്രസ്‌ഥാനത്തിൽ എന്തെങ്കിലും നികുതിബാധ്യത ഉണ്ടെങ്കിൽ പ്രസ്തുത നികുതിയുമായി ഈ നികുതിക്ക് ബന്ധമുണ്ടാവില്ല.

5) പ്രസ്തുത നികുതിയിന്മേൽ സ്‌ഥാപനത്തിന് ഒരു ക്രെഡിറ്റും ലഭിക്കുന്നതല്ല. സ്‌ഥാപനത്തിന് യാതൊരു വരുമാനവും ഇല്ലെങ്കിലും ഈ നികുതി അടയ്ക്കേണ്ടതാണ്.

6) നികുതി അടയ്ക്കുന്നതിന് കാലതാമസം ഉണ്ടായാൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ നല്കേണ്ടതായി വരും.

7) ഏതെങ്കിലും കാരണവശാൽ പ്രസ്തുത സ്‌ഥാപനത്തിനു നികുതി അടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്‌ഥാപനത്തിന്റെ ട്രസ്റ്റി/പ്രധാന ഉദ്യോഗസ്‌ഥൻ ആ തുക അടയ്ക്കാൻ ബാധ്യതപ്പെട്ടവനായി കണക്കാക്കുന്നതും നികുതി ബാധ്യതകൾ അദ്ദേഹത്തിന്റെ പക്കൽനിന്നു നിയമപ്രകാരം ഈടാക്കുന്നതും ആയിരിക്കും. അതുപോലെതന്നെ ചാരിറ്റബിൾ സൊസൈറ്റി അല്ലാത്ത സ്‌ഥാപനങ്ങൾക്ക് സ്വത്തുക്കൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവരിൽനിന്നു നികുതി ബാധ്യത ഈടാക്കാവുന്നതാണ്. എന്നാൽ, സ്വത്തു ലഭിച്ചിട്ടുള്ള പ്രസ്തുത സ്‌ഥാപനങ്ങളുടെ ബാധ്യത ലഭിച്ച സ്വത്തിന്റെ വിലയിൽ കൂടുതൽ ഉണ്ടാവുന്നതല്ല. മുകളിൽ സൂചിപ്പിച്ച നിയമങ്ങൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.