ശതകോടീശ്വരൻ കാൾ ഇകാൻ ആപ്പിളിലെ ഓഹരികൾ വിറ്റു
ശതകോടീശ്വരൻ കാൾ ഇകാൻ ആപ്പിളിലെ ഓഹരികൾ വിറ്റു
Friday, April 29, 2016 12:14 PM IST
ന്യൂയോർക്ക്: 13 വർഷത്തിനിടയിൽ ആദ്യമായി ത്രൈമാസ വരുമാനത്തിൽ കുറവു വന്നതിനു പിന്നാലെ ആപ്പിളിൽനിന്ന് വലിയ നിക്ഷേപകന്റെ പിന്മാറ്റവും. അമേരിക്കയിലെ പ്രമുഖ നിക്ഷേപകൻ കാൾ ഇകാൻ ആപ്പിളിലെ തന്റെ നിക്ഷേപം മുഴുവൻ വിറ്റു. 4.58 കോടി ആപ്പിൾ ഓഹരികളാണ് ജനുവരി ആദ്യം ഇകാന് ഉണ്ടായിരുന്നത്.

ടിം കുക്ക് നേതൃത്വം നൽകുന്ന ആപ്പിൾ കമ്പനിയുടെ സമീപകാല ബിസിനസ് സാധ്യതകളെപ്പറ്റിയുള്ള ആശങ്കയാണ് ശതകോടീശ്വരനായ ഇകാന്റെ തീരുമാനത്തിനു പിന്നിൽ. കമ്പനിയുടെ ഏറ്റവും വലിയ ലാഭവിഭാഗമായ ഐഫോണിന്റെ വില്പന വേണ്ടത്ര വർധിക്കാത്തതാണ് ജനുവരി–മാർച്ച് ത്രൈമാസത്തിൽ വരുമാനം കുറയാൻ കാരണമായത്.

ഒരുകാലത്ത് ആപ്പിളിന്റെ വലിയ ആരാധകനായിരുന്നു ഇകാൻ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആപ്പിൾ ഓഹരി 130 ഡോളർ എത്തിയതാണ്. പിന്നീട് മേയ്മാസത്തിൽ ഇകാൻ പറഞ്ഞു, ആപ്പിൾ ഓഹരി 240 ഡോളർ വരെ കയറേണ്ടതാണെന്ന്.


മേയ് മാസത്തിനു ശേഷം ഓഹരികൾ 110 ഡോളറിനടുത്തേക്ക് താഴുകയാണ് ചെയ്തത്. ഇപ്പോൾ ത്രൈമാസ റിസൾട്ട് വന്നശേഷം വില 95 ഡോളറിനു താഴെയായി. അപ്പോഴാണ് ഇകാൻ വിറ്റൊഴിഞ്ഞു എന്ന വിവരം പുറത്തായത്. ഇതു വില വീണ്ടും ഇടിയാൻ കാരണമാകാം.

ചൈനയിൽ ഐഫോൺ വില്പനയ്ക്കു പല തടസങ്ങളുമുണ്ടായി. ഇന്ത്യൻ വിപണിയിൽ സാംസംഗ്, ആപ്പിളിനെ പിന്തള്ളി. ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയിൽ സാംസംഗിന്റെ പങ്ക് ജനുവരി–മാർച്ചിൽ 62 ശതമാനമായി. തലേ ത്രൈമാസത്തിൽ 35 ശതമാനമായിരുന്നു. അതേസമയം ആപ്പിളിന്റെ പങ്ക് 55 ശതമാനത്തിൽനിന്ന് 37 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിൽ ആപ്പിൾ ഐ ഫോണിന്റെ വില്പന 16 ശതമാനം കുറഞ്ഞപ്പോൾ സാംസംഗിന്റെ സ്മാർട്ട് ഫോൺ വില്പന രണ്ടുശതമാനം കുറഞ്ഞു. ചൈനയിലെ വില്പന 25 ശതമാനം കുറഞ്ഞതാണ് ആപ്പിളിന് വല്ലാത്ത ക്ഷീണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.