ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി ഇനി ഇറച്ചിയും ഉണക്കമീനും
ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി ഇനി ഇറച്ചിയും ഉണക്കമീനും
Wednesday, April 27, 2016 12:27 PM IST
കൊച്ചി: ത്രിവേണി സൂപ്പർ മാർക്കറ്റ് വഴിയുള്ള വില്പന കൂട്ടുന്നതിന്റെ ഭാഗമായി ഇറച്ചി, ഉണക്കമീൻ, പാൽ, പച്ചക്കറി എന്നിവ ലഭ്യമാക്കാൻ നടപടിയായതായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (കൺസ്യൂമർ ഫെഡ്) എംഡി ഡോ. എസ്. രത്നകുമാരൻ അറിയിച്ചു. കൺസ്യൂമർ ഫെഡിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ജനപ്രിയ ഉത്പന്നങ്ങൾ കൂടി വിതരണം ചെയ്ത് ഉപഭോക്‌താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ വിവിധയിനം ഇറിച്ചി ഉത്പന്നങ്ങളും ഹോർട്ടികോർപ്പിന്റെ വിഷവിമുക്‌ത പച്ചക്കറികളും തീരദേശ വികസന കോർപറേഷൻ നൂതന പാക്കിംഗിൽ സൗരോർജ പാനലുകൾ ഉപയോഗിച്ച് ഉണക്കിയ മത്സ്യവും ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി വില്പന ആരംഭിച്ചു.

നീണ്ടകര, കരിക്കാട് ചെമ്മീൻ, അഷ്‌ടമുടി ചെമ്മീൻ, മലബാർ നത്തോലി എന്നിവ ആദായവിലയ്ക്കു ലഭ്യമാകും. ഇവയുടെ വില്പന കൂടുതൽ ത്രിവേണികളിലേക്കു വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്നു ഡോ.എസ്. രത്നകുമാരൻ അറിയിച്ചു.


കൂടാതെ എലൈറ്റ് ഗ്രൂപ്പിന്റെ 20 ഇനം ഉത്പന്നങ്ങളും മിൽമയുടെ ഉത്പന്നങ്ങളും വിൽക്കുന്നതിനു ധാരണയായിട്ടുണ്ട്. കാപെക്സിന്റെ കശുവണ്ടി പരിപ്പ് വില്പന നടത്തുന്നതിനു ചർച്ചകൾ നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ത്രിവേണികൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്താനായി പിഒഎസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റുകൾ മുഖേന ഫെഡറേഷന്റെ നീതി ഗ്യാസ് ബുക്ക് ചെയ്യാനും വിതരണം ചെയ്യാനും കഴിയും. ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ ബിഫാം കോഴ്സ് തുടങ്ങും. 10 ഇ–ത്രിവേണി സ്റ്റേഷനറി സെന്ററുകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.