തകർച്ചയിലേക്കു കൂപ്പുകുത്തി രാജ്യത്തെ ബിസിനസ് സ്കൂളുകൾ
തകർച്ചയിലേക്കു കൂപ്പുകുത്തി രാജ്യത്തെ ബിസിനസ് സ്കൂളുകൾ
Wednesday, April 27, 2016 12:27 PM IST
ലക്നോ: എംബിഎ ബിരുദധാരികളിൽ ജോലിക്കു നിയമിക്കാവുന്നത് ഏഴു ശതമാനം മാത്രമെന്ന് അസോചം. സർക്കാർ ഉടമസ്‌ഥതയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ്സിനെയും മറ്റു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളെയും ആധാരമാക്കി നടത്തിയ സർവേയിലാണ് അസോചത്തിന്റെ റിപ്പോർട്ട്. 5,500 ബിസിനസ് സ്കൂളുകൾ ജോലി ലഭിക്കില്ലാത്ത ബിരുദധാരികളെയാണ് ഓരോ വർഷവും പുറത്തുവിടുന്നത്. ജോലി ലഭിച്ചാൽത്തന്നെ 10,000 രൂപയിൽ താഴെ മാത്രമായിരിക്കും ഇവർക്കു മാസശമ്പളമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ബിസിനസ് സ്കൂളുകളിലെ നിലവാരത്തകർച്ചയെ റിപ്പോർട്ടിൽ ശക്‌തമായി വിമർശിക്കുന്നുണ്ട്. അസോചത്തിന്റെ വിദ്യാഭ്യാസ കമ്മിറ്റിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഓരോ വർഷവും പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ ഏഴു ശതമാനം പേർക്കു മാത്രമേ ജോലി ലഭിക്കാൻ അർഹതയുള്ളൂ. ഐഐഎം ഒഴികെയുള്ള വിദ്യാഭ്യാസസ്‌ഥാപനങ്ങളിൽനിന്നുള്ള കണക്കാണിത്. ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു, അഹമ്മദാബാദ്, ലക്നൗ, ഹൈദരാബാദ്, ഡെറാഡൂൺ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 220 ബിസിനസ് സ്കൂളുകൾ അടച്ചുപൂട്ടി. 120 എണ്ണം ഈ വർഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസനിലവാരം കുറഞ്ഞതും സാമ്പത്തിമാന്ദ്യവും കാമ്പസ് റിക്രൂട്ട്മെന്റുകളിൽ 45 ശതമാനം ഇടിവുണ്ടാക്കിയെന്ന് അസോചം സെക്രട്ടറി ജനറൽ ഡി.എസ്. റാവത്ത് പറഞ്ഞു.


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബിസിനസ് സ്കൂളുകളുടെ എണ്ണം മൂന്നു മടങ്ങായി വർധിച്ചു. 2015–16ൽ 5,20,000 എംബിഎ സീറ്റുകളാണുള്ളത്. 2011–12ൽ ഇത് 3,60,000 ആയിരുന്നു. അടിസ്‌ഥാനസൗകര്യങ്ങളുടെ നിലവാരമില്ലായ്മ, കുറഞ്ഞ വേതനം നല്കുന്ന കാമ്പസ് പ്ലേസ്മെന്റുകൾ, അധ്യാപകരുടെ കുറവ് എന്നിവയാണ് ഇന്ത്യയിലെ ബിസിനസ് സ്കൂളുകളുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ് സ്കൂളുകൾക്കേ മികച്ച എംബിഎ ബിരുദധാരികളെ വാർത്തെടുക്കാൻ കഴിയൂ എന്ന് റാവത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.