നാളികേര വില ഉയരുന്നു; കർഷകർ ശ്രദ്ധിക്കണമെന്നു നാളികേര വികസന ബോർഡ്
നാളികേര വില ഉയരുന്നു; കർഷകർ ശ്രദ്ധിക്കണമെന്നു നാളികേര വികസന ബോർഡ്
Friday, April 22, 2016 12:22 PM IST
കൊച്ചി: വെളിച്ചെണ്ണ, കൊപ്ര വിപണിയിൽ ഉണർവ്. അനുദിനം വില ഉയരുന്ന പ്രവണതയാണ് വിപണിയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നതെന്നു നാളികേര വികസന ബോർഡ് അധികൃതർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇത് ഇനിയും തുടരാനാണു സാധ്യത.

പ്രധാന നാളികേരോത്പന്ന വിപണികളിലെല്ലാംതന്നെ ഉത്പന്നത്തിന്റെ വരവു കുറവാണ്. 2016–17ലെ നാളികേരോത്പാദനം നിർണയിക്കാൻ ബോർഡ് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഉത്പാദനം അഞ്ചു ശതമാനത്തോളം കുറയും എന്നാണ് കണ്ടത്. പ്രധാന നാളികേരോത്പാദന സംസ്‌ഥാനങ്ങളെല്ലാംതന്നെ കഠിനമായ വരൾച്ചയുടെ പിടിയിലാണ്. ഇത് ഉത്പാദനം വീണ്ടും കുറയുന്നതിനു വഴിയൊരുക്കും.

വേനൽ കടുത്തതോടെ കരിക്കിനും ആവശ്യം ഏറിയിട്ടുണ്ട്. വലിയ തോതിൽ ഉത്പന്നം വാങ്ങുന്നവർ വിലയിടിക്കാനുള്ള ഉദ്ദേശ്യത്തോടെ വിപണിയിൽനിന്ന് വിട്ടുനിന്നതുകൊണ്ടാണ് നാളികേര വിപണിയിൽ തളർച്ച കണ്ടത്. എങ്കിൽ പോലും ഈ ശ്രമങ്ങളെ അതിജീവിച്ച് വില ഉയരുന്ന പ്രവണതയാണു കാണിക്കുന്നത്. ദീർഘകാലം വിപണിയിൽനിന്നു വിട്ടുനിൽക്കാൻ സാധിക്കാത്തതിനാൽ ഇവരുടെ തിരിച്ചുവരവ് വിപണിക്ക് കൂടുതൽ ഉയർച്ച നൽകും. അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാൾ ഉയർന്നു നിൽക്കുന്നതിനാൽ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതിക്ക് നിലവിൽ ഒരു സാധ്യതയും ഇല്ല.


കർഷകർ ഉത്പന്നങ്ങൾ തിരക്കിട്ടു വിൽക്കുന്നതിൽനിന്നു പിന്മാറണം. വില ഉയരുന്നതിനാൽ പ്രാഥമിക സംസ്കരണത്തിലൂടെ കൂടുതൽ കാലം ഉത്പന്നം സൂക്ഷിച്ചുവയ്ക്കാൻ കർഷകക്കൂട്ടായ്മകൾ നടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.