2016-17 ബജറ്റും ആദായനികുതിയും
2016-17 ബജറ്റും ആദായനികുതിയും
Monday, March 7, 2016 11:02 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

കമ്പനികള്‍ ഒഴികെയുള്ള നികുതിദായകര്‍ക്ക് നികുതിയുടെ നിരക്കുകളില്‍ യാതൊരു മാറ്റവും ഈ ബജറ്റില്‍ കൊണ്ടുവന്നിട്ടില്ല. അവരുടെ നികുതിനിരക്കുകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ നിരക്കുകള്‍ തന്നെയാണ്. 2016-17ലെ ബജറ്റ് അനുസരിച്ച് ആദായനികുതികളില്‍ വന്ന മാറ്റങ്ങള്‍ താഴെ വിവരിക്കുന്നു.

1) നികുതിക്കു മുമ്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ആദായനികുതി നിയമം 87 എ വകുപ്പ് അനുസരിച്ച് ഉണ്ടായിരുന്ന റിബേറ്റ് തുക 2,000 രൂപയില്‍നിന്ന് 5,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതുമൂലം അഞ്ചു ലക്ഷം രൂപയില്‍ താഴെ നികുതിവിധേയമായ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ 3,000 രൂപയുടെ കുറവ് ലഭിക്കും.

2) ആദായനികുതിനിയമം 80 ജിജി പ്രകാരം വീട്ടുവാടകയ്ക്ക് ഉണ്ടായിരുന്ന 24,000 രൂപയുടെ അലവന്‍സ് 60,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

3) ഒരു കോടി രൂപ വരെ വിറ്റുവരവ് ഉണ്ടായിരുന്ന വ്യാപാരികള്‍ക്ക് (കമ്പനികള്‍ ഒഴികെ) ആദായനികുതി നിയമം 44 എഡി അനുസരിച്ച് വിറ്റുവരവിന്റെ എട്ടു ശതമാനം നികുതി അടയ്ക്കുകയാണെങ്കില്‍ കണക്ക് ബുക്കുകള്‍ സൂക്ഷിക്കുന്നതില്‍നിന്നും അവ ഓഡിറ്റ് ചെയ്യുന്നതില്‍നിന്നും ഒഴിവുണ്ടായിരുന്നു. ഇതിന്റെ പരിധി ഒരു കോടി രൂപയില്‍നിന്നു രണ്ടു കോടി രൂപയാക്കി ഉയര്‍ത്തി. അതായത് വിറ്റുവരവിന്റെ എട്ടു ശതമാനം ആദായനികുതിയായി അടയ്ക്കുന്ന നികുതിദായകര്‍ക്ക് രണ്ടു കോടിയില്‍ താഴെയാണ് വിറ്റുവരവെങ്കില്‍ ബുക്കുകള്‍പോലും സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് അനുമാനിക്കാം (വ്യവസ്ഥകള്‍ക്ക് വിധേയം).

4) പ്രൊഫഷണലുകള്‍ക്ക് ഒരു വര്‍ഷത്തെ മൊത്തവരവ് 25 ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് നിയമം ഉണ്ടായിരുന്നു. എന്നാല്‍ മൊത്തവരവിന്റെ 50 ശതമാനം അനുമാനനികുതി അടയ്ക്കുകയാണെങ്കില്‍ 50 ലക്ഷം രൂപ വരെ മൊത്തവരവുള്ള പ്രൊഫഷണലുകള്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നില്ല. കണക്കു ബുക്കുകള്‍ സൂക്ഷിക്കുന്നതില്‍നിന്ന് ഇവര്‍ക്ക് ഒഴിവുണ്ട്.

5) 01-03-2016നുശേഷം ഇന്‍കോര്‍പറേറ്റ് ചെയ്യുന്ന ഉത്പാദക കമ്പനികള്‍ക്ക് വരുമാനത്തിന്റെ 25 ശതമാനം നികുതിയും സര്‍ചാര്‍ജും സെസും മാത്രം അടച്ചാല്‍ മതി. പക്ഷേ ഈ കമ്പനികള്‍ മൂലധനത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു അലവന്‍സുകളും അവകാശപ്പെടാനോ ഉയര്‍ന്ന നിരക്കിലുള്ള തേയ്മാനച്ചെലവ് (ഡിപ്രിസിയേഷന്‍) എടുക്കാനോ പാടില്ല.

6) അഞ്ചു കോടി രൂപയില്‍ താഴെ മാത്രം വിറ്റുവരവുള്ള കമ്പനികള്‍ ഈ വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ വരുമാനത്തിന്റെ 29 ശതമാനം നികുതിയും സര്‍ചാര്‍ജും സെസും മാത്രം അടച്ചാല്‍ മതി. അവര്‍ക്ക് നികുതിയില്‍ ഒരു ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു വിറ്റുവരവ് നിശ്ചയിക്കുന്നത് 2014-15 അടിസ്ഥാനവര്‍ഷമായി എടുക്കാനുള്ള കാരണവും അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ അഞ്ചു കോടിയില്‍ കൂടുതല്‍ വിറ്റുവരവുണ്െടങ്കില്‍ നികുതിയിളവ് അവകാശപ്പെടാമോ എന്നതും സംശയാസ്പദമായ കാര്യങ്ങളാണ്.

7) സ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങളാണ്, 1-4-2016 മുതല്‍ 31-03-2019 വരെ തുടങ്ങുന്ന സ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം 100 ശതമാനം നികുതിയിളവ് ലഭിക്കുന്നതാണ്. പക്ഷേ മാറ്റ് നിയമം ബാധകമാണ്.

8) ബാങ്കിംഗ് മേഖലയിലുള്ള കിട്ടാക്കടം പിരിക്കുന്നതിനുവേണ്ടിയുള്ള അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ടാക്കുന്ന ട്രസ്റുകള്‍ക്ക് പൂര്‍ണമായ നികുതി ഒഴിവ് നല്കിയിട്ടുണ്ട്. ട്രസ്റിന്റെ വരുമാനം മുതല്‍മുടക്കുന്നവര്‍ക്ക് വീതിക്കുമ്പോള്‍ അവര്‍ നികുതി കൊടുക്കേണ്ടതുണ്ട്.

9) ലിസ്റ് ചെയ്യപ്പെടാത്ത കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാല മൂലധനനേട്ടത്തില്‍ ഉണ്ടാവുന്ന നികുതി ഒഴിവ് ലഭിക്കണമെങ്കില്‍ മൂന്നു വര്‍ഷം കൈയ്യില്‍ സൂക്ഷിക്കണമായിരുന്നു. ഇത് മൂന്നു വര്‍ഷം എന്നത് രണ്ടു വര്‍ഷമായി കുറച്ചിട്ടുണ്ട്.

10) ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അഞ്ചു ശതമാനം വരെ കിട്ടാക്കടങ്ങളുടെ പ്രൊവിഷനായി ഇടാന്‍ ബജറ്റില്‍ വ്യവസ്ഥയുണ്ട്. ഇത് ആദായനികുതിനിയമത്തില്‍ ഇനി മുതല്‍ അനുവദിക്കപ്പെട്ട ചെലവുകളായി അംഗീകരിക്കും.

11) എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടില്‍നിന്നു പിന്‍വലിക്കുന്ന തുകയുടെ 60 ശതമാനത്തിന് നികുതി ചുമത്തുന്നതിനും 40 ശതമാനത്തിന് നികുതിയിളവ് നല്കുന്നതിനുമുള്ള വ്യവസ്ഥ ബജറ്റിലുണ്ട്. ഇത് ഏപ്രില്‍ ഒന്നിനു ശേഷം നിക്ഷേപിക്കുന്ന തുകകള്‍ക്ക് മാത്രമാണ് ബാധകം. (രാജ്യമൊട്ടാകെ എതിര്‍പ്പുള്ളതിനാല്‍ പിന്‍വലിക്കപ്പെടും എന്ന് കരുതുന്നു).


12) അംഗീകൃത പ്രോവിഡന്റ് ഫണ്ടുകളിലും സൂപ്പര്‍ അന്വേഷന്‍ ഫണ്ടുകളിലും തൊഴിലുടമ ജോലിക്കാരനുവേണ്ടി നിക്ഷേപിക്കുന്ന തുക ഒന്നരലക്ഷത്തിനു മുകളിലുള്ളതിനു നികുതി ആനുകൂല്യം ഉണ്ടാവില്ല.

13)'പ്രധാനമന്ത്രി ആവാസ് യോജന'പദ്ധതി പ്രകാരം മെട്രോ സിറ്റികളില്‍ 30 സ്ക്വയര്‍ മീറ്റര്‍ വരെയുള്ളതും അല്ലാത്ത സ്ഥലങ്ങളില്‍ 60 സ്ക്വയര്‍ മീറ്റര്‍ വരെയുള്ളതുമായ വീടുകള്‍ നിര്‍മിച്ച് നല്കുന്നതും 1-6-2016 മുതല്‍ 31-03-2019 വരെയുള്ള കാലഘട്ടത്തില്‍ അംഗീകാരം ലഭിക്കുന്നതുമായ പ്രോജക്ടുകള്‍ക്ക് ആദായനികുതിയില്‍നിന്നും 100 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഇവര്‍ക്ക് മാറ്റ് നിയമം ബാധകം ആവും.

14) 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ ഹൌസിംഗ് ലോണ്‍ എടുത്ത് ആദ്യമായി വീട് വാങ്ങുന്ന വ്യക്തികള്‍ക്ക് പലിശയിനത്തില്‍ 50,000 രൂപയുടെ അധികകിഴിവ്, വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭിക്കുന്നതാണ്. വ്യവസ്ഥകള്‍ ഇവയാണ്.

പരമാവധി ബാങ്ക് ലോണ്‍ 35 ലക്ഷം രൂപയില്‍ കവിയരുത്.
വീടിന്റെ വില 50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.

ഇത് നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ കിഴിവിനു പുറമെയാണ്.

15) പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ഡിവിഡന്റ് ലഭിക്കുന്ന വ്യക്തികളും ഹിന്ദു അവിഭക്തകുടുംബങ്ങളും ഫേമുകളും ഇനിമുതല്‍ ലഭിക്കുന്ന മൊത്തം തുകയുടെ പത്തു ശതമാനം നികുതി ആയി നല്കണം. നിലവിലുള്ള ഡിവിഡന്റ് ടാക്സിനെ കൂടാതെ ആണ് ഇത്.

16) കമ്പനികളും ഫേമുകളും കോ-ഓപറേറ്റീവ് സൊസൈറ്റികളും ഒഴികെയുള്ള എല്ലാവരും ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്െടങ്കില്‍ നികുതി കൂടാകെ നിലവിലുള്ള 12 ശതമാനം സര്‍ച്ചാര്‍ജിനു പകരം 15 ശതമാനം സര്‍ച്ചാര്‍ജ് നല്കണം.

17) പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബരകാറുകള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം വാങ്ങല്‍ നികുതി (ടിസിഎസ്) സ്രോതസില്‍തന്നെ അടയ്ക്കണം. അതുപോലെതന്നെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ കാഷ് നല്കി വാങ്ങിയാലും സേവനങ്ങള്‍ക്കു പ്രതിഫലമായി വാങ്ങിയാലും ഒരു ശതമാനം വാങ്ങല്‍ നികുതി സ്രോതസില്‍തന്നെ നല്കണം. സ്രോതസില്‍ ഒരു ശതമാനം നികുതി (ടിഡിഎസ്) ആയി അടയ്ക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇടപാടിനെത്തുടര്‍ന്നു വാങ്ങല്‍ നികുതി (ടിസിഎസ്) നല്കേണ്ടതില്ല. മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് വ്യാപാരിയിലാണു ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്. കൃഷിക്കാര്‍ക്കും ബാങ്കിടപാടിനു സൌകര്യം ഇല്ലാത്തവര്‍ക്കും ഇതില്‍നിന്ന് ഒഴിവ് ലഭിക്കും. ഈ നിയമം ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

18) ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് എന്ന പേരില്‍ ചെറിയ പെട്രോള്‍/ഗ്യാസ് കാറുകള്‍ക്ക് വിലയുടെ ഒരു ശതമാനവും(നാലു മീറ്ററില്‍ കുറഞ്ഞ നീളമുള്ളതും 1,200 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങള്‍) നാലു മീറ്ററില്‍ കുറഞ്ഞ നീളമുള്ളതും 1,500 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലയുടെ രണ്ടര ശതമാനവും അല്ലാത്ത വാഹനങ്ങള്‍ക്ക് വിലയുടെ നാലു ശതമാനവും സെസ് ചുമത്തുന്നതാണ്. എന്നാല്‍, മൂന്നു ചക്രമുള്ള വാഹനങ്ങള്‍, ഇലക്ട്രിക് കാറുകള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, ടാക്സി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ആംബുലന്‍സുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മുതലായവയ്ക്ക് ഇത് ബാധകമല്ല.

19) ഇന്ത്യയിലുള്ള കള്ളപ്പണം വെളിപ്പെടുത്താന്‍ ഒരു അവസരംകൂടി നല്കുന്നു. വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 45 ശതമാനം നികുതി അടച്ച് (30 ശതമാനം നികുതി, 7.5 ശതമാനം സര്‍ചാര്‍ജ്, 7.5 ശതമാനം പെനാല്‍റ്റി) ശിക്ഷാനടപടികളില്‍നിന്ന് ഇളവ് നേടാന്‍ ഒരു അവസരം ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം സ്വത്തുക്കളായിട്ടാണെങ്കിലും നികുതി അടച്ച് വെളിപ്പെടുത്താമെന്ന് പറഞ്ഞിട്ടുണ്െടങ്കിലും സ്വത്തുക്കള്‍ സമ്പാദിച്ച വര്‍ഷത്തെ വിലയാണോ അതോ നിലവിലുള്ള മാര്‍ക്കറ്റ് വിലയാണോ വെളിപ്പെടുത്തേണ്ടത് എന്നു വ്യക്തമാക്കാതിരിക്കുന്നത് സ്കീമിന്റെ വിജയത്തെ ഒരു പരിധി വരെ ബാധിക്കും എന്നതിനു സംശയം വേണ്ട.

20) സ്രോതസില്‍ നികുതി പിടിക്കേണ്ട തുകകള്‍ക്കും നിരക്കുകള്‍ക്കും ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.