ഹോര്‍മിസ് അനുസ്മരണ പ്രഭാഷണം 13നു രഘുറാം രാജന്‍ നടത്തും
ഹോര്‍മിസ് അനുസ്മരണ പ്രഭാഷണം 13നു രഘുറാം രാജന്‍ നടത്തും
Thursday, February 11, 2016 11:42 PM IST
കൊച്ചി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.ജി. രഘുറാം രാജന്‍ പതിനാലാമത് കെ.പി.ഹോര്‍മിസ് അനുസ്മരണ പ്രഭാഷണം നടത്തും. 13നു വൈകിട്ട് ആറിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിലാണു പരിപാടി യെന്നു ബാങ്ക് ചീഫ് ജനറല്‍ മാനേജരും നെറ്റ്വര്‍ക്ക് വണ്‍ തലവനു മായ കെ.ഐ. വര്‍ഗീസ് അറിയിച്ചു. ഇന്ത്യയിലെ സാമ്പത്തികരംഗ പരിഷ്കാരങ്ങള്‍: ഭൂതവും ഭാവിയും എന്ന വിഷയത്തിലാണു പ്രഭാഷണം. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ഡോ.രഘുറാം രാജന്റെ കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങാണിത്. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവജി വികംസേ, എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിക്കും. കൊച്ചിയിലെത്തുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്വകാര്യ ബാങ്ക് എംഡിമാരുടെ യോഗത്തിലും സംബന്ധിക്കുന്നുണ്ട്.

ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകനായ കെ.പി.ഹോര്‍മിസിന്റെ അനുസ്മരണാര്‍ഥം ബാങ്കിന്റെ സിഎസ്ആര്‍ സംരംഭമായ ഫെഡ്ബാങ്ക് ഹോര്‍മിസ് സ്മാരക ഫൌണ്േടഷന്‍ 1996 മുതല്‍ സംഘടിപ്പിച്ചുവരുന്ന വാര്‍ഷിക പരിപാടിയാണ് ഈ പ്രഭാഷണം. മുന്‍ വര്‍ഷങ്ങളില്‍ പി.ചിദംബരം, എസ്.വെങ്കിട്ടരാമന്‍, എം.എം.ജേക്കബ്, മൊണ്േടക് സിംഗ് അലുവാലിയ, ഡോ. വി. കുര്യന്‍, എന്‍. ആര്‍. നാരായണമൂര്‍ത്തി, അരുണ്‍ ജെയ്റ്റ്ലി, വി.ലീലാധര്‍, എം.ദാമോദരന്‍, ശശി തരൂര്‍, ഡോ.ജി.മാധവന്‍ നായര്‍, ഡോ. സി.രംഗരാജന്‍, ഡോ. അരുണ്‍ ഷൂരി തുടങ്ങിയവരാണ് പ്രഭാഷണം നടത്തിയിട്ടുള്ളത്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ബാങ്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എട്ടു കോടി രൂപയാണ് ഇതിനായി ചെലവിട്ടത്.


ദുബായില്‍ ഫെഡറല്‍ ബാങ്കിന്റെ റെപ്രസന്റേറ്റീവ് ഓഫീസ് തുറക്കുമെന്നും കെ.ഐ. വര്‍ഗീസ് പറഞ്ഞു. ഇതിനുള്ള അനുമതി ദുബായ് ഭരണകൂടവും റിസര്‍വ് ബാങ്കും നല്‍കി. വിദേശത്തുള്ളവര്‍ക്കു ബാങ്കിംഗ് സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുകയാണ് ഇത്തരം റെപ്രസന്റേറ്റീവ് ഓഫീസുകള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍, ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഇവയ്ക്കു സാധിക്കില്ല. കൂടുതല്‍ ബാങ്ക് ശാഖകള്‍ തുറക്കുന്നതിനല്ല നിലവിലുള്ളവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനാണു ശ്രമിക്കുന്നത്. ഈ വര്‍ഷം അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ രണ്േടാ മൂന്നോ ശാഖകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ മുന്നേറ്റം വ്യക്തമാക്കുന്ന പ്രദര്‍ശനവും ബാങ്ക് തുടക്കമിട്ട വിവിധ ഡിജിറ്റല്‍ സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനത്തിനുള്ള ഇ ലോഞ്ചും പ്രഭാഷണസ്ഥലത്തു സജ്ജീകരിക്കും. പത്രസമ്മേളനത്തില്‍ ബാങ്ക് സിഎസ്ആര്‍ വിഭാഗം തലവന്‍ രാജു ഹോര്‍മിസും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.