ആവേശം നിലനിര്‍ത്താനാകാതെ ആഗോള ഓഹരിവിപണികള്‍
Monday, February 8, 2016 10:45 PM IST
ഓഹരി അവലോകനം/സോണിയ ഭാനു

മുംബൈ: യൂറോപ്യന്‍ കേന്ദ്രബാങ്കും ജപ്പാനും ഉയര്‍ത്തിവിട്ട ആവേശം നിലനിര്‍ത്താന്‍ ആഗോള ഓഹരി വിപണികള്‍ക്കായില്ല. ആര്‍ബിഐ പലിശ നിരക്ക് സ്റ്റെഡിയായി തുടരാന്‍ തീരുമാനിച്ചത് നിക്ഷേപ താത്പര്യത്തെ ബാധിച്ചു. വിദേശ ഓപ്പറേറ്റര്‍മാര്‍ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞതും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി ചുരുങ്ങിയതും പ്രദേശിക ഓപ്പറേറ്റര്‍മാരെ അല്‍പം ആശങ്കയിലാക്കി. പോയവാരം സെന്‍സെക്സ് 253 പോയിന്റും നിഫ്റ്റി 74 പോയിന്റും നഷ്ടത്തിലാണ്.

യുഎസ് ഡോളര്‍ ഇന്‍ഡക്സ് തളരുന്നു. ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താന്‍ ഒപെക്ക് രാജ്യങ്ങള്‍ക്കായില്ല. ഒപെക്കില്‍ അംഗമല്ലാത്ത മറ്റുക്രൂഡ് ഓയില്‍ ഉത്പാദന രാജ്യങ്ങളും ഇത്മൂലം മത്സരിച്ച് എണ്ണ ഇറക്കി.

ഡെയ്ലി ചാര്‍ട്ടില്‍ ക്രൂഡ് ഓയില്‍ സെല്ലിംഗ് മൂഡിലാണ്. നിലവിലുള്ള 31 ഡോളറില്‍ നിന്ന് വീണ്ടും എണ്ണവില ഇടിയാം. ക്രൂഡ് ഓയിലിന്റെ ചലനങ്ങള്‍ കണ്ട് ഏമര്‍ജിംഗ് വിപണികളില്‍ വിദേശ നിക്ഷേപം കുറയുന്നുണ്ട്. എണ്ണ മാര്‍ക്കറ്റിന്റെ തകര്‍ച്ച യുഎസ്-യൂറോപ്യന്‍ ഇന്‍ഡക്സുകളെയും ബാധിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ സ്വര്‍ണം ബുള്ളിഷ് ട്രന്റിലേയ്ക്ക്. 2011 നവമ്പറിന് ശേഷം ആദ്യമായി ലോംഗ് ട്രേം ചാര്‍ട്ടില്‍ സ്വര്‍ണം ബയ്യിംഗ് സിഗ്നല്‍ നല്‍കി. 200 ഡേ മൂവിംഗ് ആവറേജിന് മുകളിലേക്ക് കഴിഞ്ഞവാരം മഞ്ഞലോഹം പ്രവേശിച്ചതിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ പ്രതിവര്‍ഷ ചാര്‍ട്ടില്‍ സ്വര്‍ണ സെല്ലിംഗ് മൂഡില്‍ നിന്ന് തിരിച്ചുവരുന്നത്. അഞ്ച് വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ ഔണ്‍സിന് 1,922 ഡോളറാണ് സ്വര്‍ണത്തിന്റെ റിക്കാര്‍ഡ് വില. പോയവാരം ഔണ്‍സിന് 57 ഡോളര്‍ വര്‍ധിച്ച് 1,175 ഡോളറായി. യുഎസ് ഡോളര്‍ സൂചിക 99.9 ല്‍ നിന്ന് വാരാന്ത്യം 96.98 ലേക്ക് താഴ്ന്നു. ഡോളര്‍ സൂചികയുടെ തളര്‍ച്ച സ്വര്‍ണത്തിന് തിളക്കം പകരും.

റെയില്‍ ബജറ്റിനെ വിപണി ഉറ്റുനോക്കുന്നു. ഈ മാസം 25നാണ് ബജറ്റ്. പൊതു ബജറ്റ് 29ന്. സാമ്പത്തിക വ്യവസായിക മേഖലയ്ക്ക് ഊര്‍ജം പകരാന്‍ ബജറ്റില്‍ പുതിയ നിര്‍ദേങ്ങള്‍ പ്രതീക്ഷിക്കാം. ബോംബെ സെന്‍സെക്സും നിഫ്റ്റിയും പിന്നിട്ടവാരം ഒരു ശതമാനം നഷ്ടത്തിലാണ്.

ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഇന്‍ഡക്സുകളും തളര്‍ന്നു. ഇന്ന് പുറത്തു വരുന്ന ഡിസംബറിലെ ജിഡിപി കണക്കുകളും വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന ജനുവരിയിലെ ഉപഭോക്തൃ വില സൂചികയിലെ കണക്കുകളും സൂചികയെ സ്വാധീനിക്കാം.


വിദേശ ഫണ്ടുകള്‍ പോയവാരം 603.64 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. 2015ല്‍ വിപണിയുടെ രക്ഷകരായിരുന്ന ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അല്‍പം തളര്‍ച്ചയിലാണ്. ജനുവരിയില്‍ അവരുടെ ആസ്തിയില്‍ അഞ്ച് ശതമാനം കുറവുണ്ട്. ഡിസംബറില്‍ 12.74 ലക്ഷം കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി ജനുവരിയില്‍ 12.73 ലക്ഷം കോടി രൂപയായി.

സെന്‍സെക്സ് 24,205 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 24,617 ലാണ്. മുന്‍വാരം സൂചിപ്പിച്ച 24,574 ലെ സപ്പോര്‍ട്ട് ക്ളോസിംഗില്‍ നിലനിര്‍ത്തി. ഈ വാരം ആദ്യ പ്രതിരോധം 24,991 ലാണ്. ഇതിന് മുകളില്‍ സൂചിക 25,366-25,759 വരെ ഉയരാം. വിപണി തളര്‍ച്ചയിലേക്ക് തിരിഞ്ഞാല്‍ ആദ്യ സപ്പോര്‍ട്ട് 24,223 ലാണ്. ഈ താങ്ങ് നഷ്ടമായാല്‍ സൂചിക 23,830-23,455 പോയിന്റ് വരെ താഴാം.

വിപണിയുടെ മറ്റു സാങ്കേതിക വശങ്ങള്‍ പാരാബോളിക്ക് എസ്എആര്‍ ബുള്ളിഷാണ്. അതേ സമയം ആര്‍എസ്ഐ-14, സ്ളോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, എംഎസിഡി എന്നിവ ന്യൂട്ടറല്‍ റേഞ്ചിലാണ്. നിഫ്റ്റി 7,356-7,598 റേഞ്ചില്‍ സഞ്ചരിച്ചു. നിഫ്റ്റിക്ക് 7,364-7,122 ല്‍ താങ്ങും 7,606-7,848 ല്‍ പ്രതിരോധവുമുണ്ട്.

ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മുല്യത്തില്‍ നേരിയ വര്‍ധന. മുന്‍വാരത്തിലെ 67.78ല്‍ നിന്ന് 68.17 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 67.65 ലാണ്.

ഏഷ്യന്‍ വിപണികള്‍ പലതും വില്പനക്കാരുടെ നിയന്ത്രണത്തിലാണ്. ജപ്പാനില്‍ നിക്കീ സൂചിക ഇടിഞ്ഞു. ഡോളര്‍ ഇന്‍ഡക്സിന്റെ തളര്‍ച്ച യെന്നിനെ ശക്തമാക്കി. ലൂണാര്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് മാര്‍ക്കറ്റ് അടച്ചു. നീണ്ട അവധി ദിനങ്ങള്‍ മൂലം ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ഷാങ്ഹായിയെ തളര്‍ത്തി. ഈ വാരം ചൈനീസ് മാര്‍ക്കറ്റ് അവധിയാണ്.

യുഎസ് തൊഴില്‍ മേഖലയിലെ കണക്കുകള്‍ യൂറോപ്യന്‍ ഇന്‍ഡക്സുകളെ സമ്മര്‍ദത്തിലാക്കി. ജര്‍മന്‍, ഫ്രാന്‍സ്, ലണ്ടന്‍ മാര്‍ക്കറ്റുകള്‍ താഴ്ന്നു. അമേരിക്കയില്‍ ഐടി ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍ക്കുന്ന നാസ്ഡാക് സൂചിക മുന്ന് ശതമാനം ഇടിഞ്ഞ് 4,363 ലും ഡൌ ജോണ്‍സ് 16,204 ലും എസ് ആന്‍ഡ് പി 1880 ലും ക്ളോസിംഗ് നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.