പതഞ്ജലി ഒരാഴ്ച പരസ്യത്തിനു ചെലവാക്കിയത് 300 കോടി
Sunday, February 7, 2016 12:07 AM IST
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് പരസ്യമേഖലയില്‍ കുതിക്കുന്നു. ബ്രോഡ്കാസ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൌണ്‍സിലി(ബാര്‍ക്)ന്റെ കണക്കുകള്‍ പ്രകാരം പോയ മാസം 23 മുതല്‍ 29 വരെയുള്ള ഏഴു ദിവസം മുന്നിട്ടു നിന്നത് പതഞ്ജലിയാണ്. കാഡ്ബറീസ്, പാര്‍ലേ, പോണ്ട്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം പിന്നിലായി. 430 ചാനലുകള്‍ വിലയിരുത്തിയാണ് ബാര്‍ക് കണക്കുകള്‍ പുറത്തുവിട്ടത്.

ജനുവരി 23 മുതല്‍ 29 വരെ 17,000 തവണയാണ് പതഞ്ജലിയുടെ പരസ്യങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്തത്. കാഡ്ബറീസിന്റെ പരസ്യങ്ങളാവട്ടെ 16,000 തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.


ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യത്തിനായി മാത്രം പതഞ്ജലി മുന്നൂറു കോടിയിലധികം രൂപ ചെലവഴിച്ചിരിക്കാമെന്ന് ബാര്‍ക് പറയുന്നു. ബാര്‍ക് പുറത്തുവിട്ട ടിവി ഷോ പരസ്യരംഗത്ത് പതഞ്ജലി നിലവില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ നവംബറിലാണ് പതഞ്ജലി ആദ്യ പത്തില്‍ ഇടംപിടിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ഉപഭോക്തൃ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയായി പതഞ്ജലി മാറുമെന്ന് ബാബാ രാംദേവ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പതഞ്ജലിയുടെ പുതിയ ഉത്പന്നങ്ങളും അവയുടെ പരസ്യങ്ങളും അണിയറയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.