ബിടുബി മീറ്റ്: 300 കോടിയുടെ വ്യാപാര അന്വേഷണങ്ങള്‍
Sunday, February 7, 2016 11:59 PM IST
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ സംരംഭങ്ങള്‍ക്ക് 300 കോടി രൂപയുടെ വ്യാപാര അന്വേഷണങ്ങള്‍ ലഭിക്കാന്‍ വേദിയൊരുക്കി. നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ മൂന്നു ദിവസങ്ങളിലായി 7,200 വ്യാപാര കൂടിക്കാഴ്ചകളാണു നടന്നത്.

28 രാജ്യങ്ങളില്‍നിന്നുള്ള 77 പ്രതിനിധികളടക്കം 469 ബയര്‍മാര്‍ പങ്കുചേര്‍ന്ന മീറ്റില്‍ വ്യാപാരമേഖലയില്‍നിന്നുള്ള 75 സന്ദര്‍ശകര്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ സംഗമത്തില്‍ ഭാഗഭാക്കായി. മൂന്നു ദിവസങ്ങളിലായി 3,530 അന്വേഷണം ലഭിച്ചതില്‍ 253 അന്വേഷണങ്ങളിലുള്ള ധാരണ അന്തിമഘട്ടത്തിലാണ്.


200 ചെറുകിട, ഇടത്തരം സംരംഭകരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഭക്ഷ്യസംസ്കരണ മേഖലയില്‍നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തതും അന്വേഷണങ്ങള്‍ ലഭിച്ചതും. ശ്രീലങ്കയില്‍നിന്നാണു കൂടുതല്‍ പ്രതിനിധികളെത്തിയതെന്നു സംഘാടകര്‍ അറിയിച്ചു.

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്ലൂം ടെക്സ്റൈല്‍സ് ഡയറക്ടറേറ്റ്, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി), കിന്‍ഫ്ര, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) എന്നിവയുമായി ചേര്‍ന്നു കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്) ആണ് മേള സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.