ബിടുബി മീറ്റില്‍ 6,200 കൂടിക്കാഴ്ചകള്‍, 203 ഓര്‍ഡറുകള്‍ ഉറപ്പാക്കി
ബിടുബി മീറ്റില്‍ 6,200 കൂടിക്കാഴ്ചകള്‍, 203 ഓര്‍ഡറുകള്‍ ഉറപ്പാക്കി
Saturday, February 6, 2016 10:58 PM IST
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റ് രണ്ടു ദിനം പിന്നിടുമ്പോള്‍ 6,200 കൂടിക്കാഴ്ചകള്‍ നടന്നു. രണ്ടാം ദിനം മാത്രം 203 ഓര്‍ഡറുകള്‍ ഉറപ്പാക്കി. മൊത്തം 444 ബയര്‍മാരാണ് ഈ ദിവസങ്ങളില്‍ വിവിധ സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയത്.

രണ്ടാം ദിവസം മാത്രം 4,200 കൂടിക്കാഴ്ചകള്‍ നടന്നു. 143 ബയര്‍മാര്‍ ഇന്നലെ മീറ്റില്‍ പങ്കെടുത്തു. 28 രാജ്യങ്ങളില്‍നിന്നുളള 77 വിദേശ ബയേഴ്സ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി. 3,031 അന്വേഷണങ്ങള്‍ വന്നു.

വ്യാഴാഴ്ച തുടങ്ങിയ ബിടുബി മീറ്റ് രണ്ടു ദിവസം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണു ബയര്‍മാരായി രജിസ്റര്‍ ചെയ്തവരില്‍നിന്നു ലഭിക്കുന്നത്. ആദ്യ ദിനത്തില്‍നിന്ന് ഇരട്ടിയിലധികമായിരുന്നു രണ്ടാം ദിനത്തില്‍ നടന്ന കൂടിക്കാഴ്ചകള്‍.


വേറിട്ട വ്യവസായ സംരംഭങ്ങള്‍ക്ക് ഉത്പന്നങ്ങളുടെ ഓര്‍ഡറിനു പുറമെ വിദേശ രാജ്യങ്ങളില്‍ സംരംഭം തുടങ്ങാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്. ശ്രീലങ്കയില്‍ നികുതിരഹിത ഫ്രീ സോണും വ്യവസായങ്ങള്‍ക്കു നല്‍കും. പല സംരംഭകര്‍ക്കും ഇത്തരം വ്യവസായ സോണിലേക്കാണു ക്ഷണം ലഭിച്ചിരിക്കുന്നത്. മീറ്റ് ഇന്ന് ഉച്ചയോടെ സമാപിക്കും. ഉച്ചയ്ക്കു ശേഷം ബയര്‍- സെല്ലര്‍മാര്‍ ഒന്നിച്ച് ആശയ വിനിമയം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.