അവര്‍ക്കായി നമുക്കു വാങ്ങാം
അവര്‍ക്കായി നമുക്കു വാങ്ങാം
Tuesday, December 1, 2015 10:51 PM IST
എ.പി. അനില്‍കുമാര്‍(ടൂറിസം, പട്ടികജാതി-പിന്നോക്ക ക്ഷേമ മന്ത്രി)

കേരളത്തിന്റെ വ്യാപാര ഉത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സീസണ്‍ ഒമ്പത് ഇന്ന് ആരംഭിക്കുകയാണ്. ഇന്നു വൈകിട്ട് ആറിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിക്കുമ്പോള്‍ 46 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരോത്സവത്തിന് ഔപചാരിക തുടക്കമാകും. ഓണം മാത്രം ഒരു ഷോപ്പിംഗ് സീസണ്‍ ആയുള്ള കേരളത്തിന് ഓണത്തെപ്പോലെ മറ്റൊരു ഷോപ്പിംഗ് സീസണ്‍ സൃഷ്ടിക്കാനും ഒപ്പം ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികള്‍ കേരളത്തില്‍ എത്തുന്ന ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കേരളത്തിന്റെ വ്യാപാരമേഖലയ്ക്കും നമ്മുടെ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കും വിപണനസാധ്യത തുറക്കുന്നതിനും ലക്ഷ്യംവച്ചാണ് ഇങ്ങനെയൊരു വ്യാപാരമേള ആരംഭിച്ചത്.

നാം കേട്ടിട്ടുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍, സിംഗപ്പൂര്‍ ഷോപ്പിംഗ് ഫെസ്റിവല്‍ എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണു ജികെഎസ്എഫ് സംഘടിപ്പിക്കുന്നത്. അവിടങ്ങളിലെ സ്വതന്ത്ര വിപണിയില്‍ ചില പ്രത്യേക മാളുകളും ഉത്പന്നങ്ങളും കേന്ദ്രീകരിച്ചാണു ഫെസ്റിവല്‍ എങ്കില്‍ ഇവിടെ എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും ഇതില്‍ പങ്കാളികള്‍ ആക്കുമെന്നുള്ളതും കേരളം ഒന്നാകെ ഒരു ഷോപ്പിംഗ് മാള്‍ എന്നതുപോലെ ആയിത്തീരുന്നതിലൂടെയാണ് ഈ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാരമേളയായി പരിഗണിക്കപ്പെടുന്നത്. മുന്‍ മാതൃകയില്ലാതെ ഘട്ടംഘട്ടമായി കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഒക്കെ നടത്തി ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ മേളയുടെ സര്‍ക്കാര്‍ സഹായം ഗണ്യമായി കുറയ്ക്കാന്‍ നമുക്കായിട്ടുണ്ട്.

ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റിവല്‍ വ്യാപാരസംഘടനകളുടെ പങ്കാളിത്തംകൊണ്ടും സമ്മാനഘടനയുടെ വ്യത്യസ്തതകൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ വ്യത്യസ്തമാണ്. എല്ലാ വ്യാപാരസംഘടനകളും പങ്കെടുക്കുന്നതും എല്ലാ കൂപ്പണുകളിലും സമ്മാനം നല്‍കുന്നതും ആദ്യമായി ഡിജിറ്റല്‍ കൂപ്പണ്‍ പരീക്ഷിക്കപ്പെടുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ പരമ്പരാഗത കരകൌശലമേഖലയില്‍ ഊന്നല്‍ നല്‍കുന്ന ഈ ഫെസ്റിവല്‍ കാലയളവില്‍ സംസ്ഥാനത്തെ കരകൌശല ശില്പികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതും വടകരയിലെ ഇരിങ്ങലിലും കൊല്ലത്തെ ചവറയിലും കരകൌശല ഫെസ്റിവലും സംസ്ഥാനകരകൌശല കോര്‍പറേഷനുമായി സഹകരിച്ച് പ്രദര്‍ശന വിപണനമേളകള്‍ സംസ്ഥാനതലത്തില്‍ നടത്തുന്നതും ഏറെ എടുത്തുപറയേണ്ടതാണ്.

ഇതിനെല്ലാം ഉപരി, ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ് ‘'അവര്‍ക്കായ് നമുക്കു വാങ്ങാം' പദ്ധതി. ഷോപ്പിംഗ് സീസണില്‍ നാമൊക്കെ പലതും വാങ്ങുമ്പോഴും ഇങ്ങനെ വാങ്ങാന്‍ കഴിയാതെ പലതരം പ്രയാസങ്ങളില്‍ കഴിയുന്ന ഒട്ടേറെപ്പേര്‍ നമുക്കു ചുറ്റുമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ അല്പം ചുരുക്കി അവരെ സഹായിക്കേണ്ടതും അവരോടു സ്നേഹപൂര്‍വം പ്രതികരിക്കേണ്ടതും നമ്മുടെ കടമയും ബാധ്യതയുമാണ്. ഇത്തരം പങ്കുവയ്ക്കലിലൂടെയാണ് നമ്മുടെ മനസിനു കൂടുതല്‍ സന്തോഷവും ജീവിതത്തിനു കൂടുതല്‍ ഐശ്വര്യവും കൈവരുന്നത്. ഈ ചിന്തകളാണു നമ്മുടെ ചുറ്റുപാടുമുള്ള സഹോദരങ്ങള്‍ക്കായി എന്തെങ്കിലുമൊന്ന് ഈ ഷോപ്പിംഗ് സീസണില്‍ വാങ്ങി നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും ‘അവര്‍ക്കായ് നമുക്ക് വാങ്ങാം’ പദ്ധതി ഒരുക്കിയിട്ടുള്ളത്.


ഇങ്ങനെ പ്രയാസപ്പെടുന്നവര്‍ക്കു വാങ്ങി നല്‍കുമ്പോള്‍ അവരിലുണ്ടാകുന്ന സന്തോഷത്തിന്റെ പ്രതിഫലനം നമ്മുടെ ഹൃദയത്തെയും ധന്യമാക്കും. ഇത്തരത്തില്‍ നമുക്ക് അഗതിമന്ദിരങ്ങള്‍, അനാഥമന്ദിരങ്ങള്‍, ജുവനൈല്‍ ഹോമുകള്‍, ആതുരാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം സഹായിക്കാനും പലപ്പോഴും ഒറ്റപ്പെടലുകളില്‍ കഴിയുന്ന ഇവര്‍ക്ക് നാമെല്ലാം കൂടെയുണ്െടന്ന് ഓര്‍മിപ്പിക്കാനും അവരോട് ഒരു കരുതലും സ്നേഹവും പ്രകടിപ്പിക്കാനും 'അവര്‍ക്കായ് നമുക്കു വാങ്ങാം' എന്ന പദ്ധതിയിലൂടെ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

നമ്മുടെ സമ്പത്തികസ്ഥിതിക്കും മനോഗതിക്കും അനുസരിച്ച് വാങ്ങി നിങ്ങള്‍ക്കുതന്നെ നേരിട്ടു നല്‍കാവുന്ന ഈ പദ്ധതിയുടെ തുടക്കം ഇന്നലെ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ നിര്‍വഹിക്കുകയുണ്ടായി. നമ്മുടെ സമ്പാദ്യത്തില്‍ നാം തന്നെ നിര്‍വഹിക്കുന്ന ഇത്തരം നന്മയുടെ പ്രതിഫലം തീര്‍ച്ചയായും തലമുറകള്‍ക്ക് കൈമാറപ്പെടുകതന്നെ ചെയ്യും. സംസ്ഥാനത്തെ ബിസിനസ് ഗ്രൂപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പരിപാടിയുടെ ഭാഗമായി ഈ നന്മയുടെ പ്രചാരകരാകാം. ഇത്തരത്തില്‍ ചെയ്യേണ്ട ആവശ്യങ്ങളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ അറിയുന്നതിന് എന്തെങ്കിലും സഹായം ആവശ്യമുണ്െടങ്കില്‍ അത് ജികെഎസ്എഫില്‍നിന്നും നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. ഇതിന്റെ സംഘാടന ചെലവുകള്‍ ജികെഎസ്എഫ് വഹിക്കും. എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒപ്പം 46 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്യപാരോത്സവം ഒരു വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.

ഈ ഫെസ്റിവലിന്റെ ഡിജിറ്റല്‍ പങ്കാളിയായ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍, അസോസിയേറ്റ് സ്പോണ്‍സറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്, ട്രേഡ് പങ്കാളിയായ ഭീമ, ഫെസ്റിവലിന്റെ വെബ് ആവിഷ്കരിച്ച അപ്സാള്‍ട്ട്, ടെലികോം പാര്‍ടണര്‍ വോഡഫോണ്‍, ഗിഫ്റ്റ് പാര്‍ട്ണറായ മാരുതി, സാംസംഗ് അടക്കമുള്ള എല്ലാ പങ്കാളികളെയും ഫെസ്റിവലിനു പൂര്‍ണപിന്തുണ നല്‍കുന്ന വ്യാപാരസംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.