ദരിദ്രരോടുള്ള പരിഗണന ജികെഎസ്എഫിന്റെ മാറ്റു കൂട്ടുന്നു: ഗവര്‍ണര്‍ സദാശിവം
ദരിദ്രരോടുള്ള പരിഗണന ജികെഎസ്എഫിന്റെ മാറ്റു കൂട്ടുന്നു: ഗവര്‍ണര്‍ സദാശിവം
Tuesday, December 1, 2015 10:50 PM IST
തിരുവനന്തപുരം: ദരിദ്രരോടുള്ള പരിഗണനയാണ് ഇത്തവണത്തെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിന്റെ മാറ്റുകൂട്ടുന്നതെന്നു ഗവര്‍ണര്‍ പി. സദാശിവം. ഒമ്പതാമത് ഗ്രാന്‍ഡ് കേരള ഫെസ്റിവലിനോട് (ജികെഎസ്എഫ്) അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവര്‍ക്കായി നമുക്കു വാങ്ങാം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ചെറിയൊരു പ്രവൃത്തിയിലൂടെ, ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ സാധിക്കും. മറ്റുള്ളവരെക്കുറിച്ചുള്ള ഉത്കണ്ഠ ഹൃദയത്തില്‍നിന്നു വരേണ്ടതാണ്. അങ്ങനെയെങ്കില്‍ അതു മറ്റുള്ളവരിലും സ്പര്‍ശിക്കും. സ്കൂള്‍ തലത്തില്‍തന്നെ കുട്ടികളില്‍ ഇതിനുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ജികെഎസ്എഫ് ഒരു അഭിമാനമായി തോന്നുന്നത് ഈ സീസണിലാണെന്ന് ടൂറിസം വകുപ്പുമന്ത്രി കെ.പി. അനില്‍കുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കേരളമൊട്ടാകെയുള്ള ജനസമൂഹം ഈ മനുഷ്യസേവനദൌത്യം ഏറ്റെടുത്തു വിജയിപ്പിക്കുക വഴി വലിയൊരളവിലുള്ള സഹായം നമുക്കു ചുറ്റും പ്രയാസമനുഭവിക്കുന്നവര്‍ക്കു ലഭിക്കും.

ചടങ്ങില്‍ ഗവര്‍ണര്‍ മന്ത്രി അനില്‍കുമാറിനു കുഞ്ഞുങ്ങള്‍ക്കായുള്ള ടീ ഷര്‍ട്ടുകള്‍ കൈമാറി അവര്‍ക്കായി നമുക്കു വാങ്ങാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാരകമായ രക്താര്‍ബുദം പോലുള്ള രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന തൃശൂര്‍ സൊളാസ് എന്ന സംഘടനയുടെ സാരഥി ഷീബ അമീറിന് നാളെ കൊല്ലത്തു നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ടീ ഷര്‍ട്ടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈമാറും.


കെ. മുരളീധരന്‍ എംഎല്‍എ, ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അനില്‍, ടൂറിസം സെക്രട്ടറി കമലാവര്‍ധന റാവു, വി. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന വ്യാപാരി-വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ സന്നിഹിതനായിരുന്നു.

അനാഥര്‍, അഗതികള്‍, ആലംബഹീനര്‍, ശാരീരിക- മാനസിക പരിമിതിയുള്ളവര്‍, അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് 'അവര്‍ക്കായി നമുക്കു വാങ്ങാം' പദ്ധതി. ജികെഎസ്എഫിന്റെ ഭാഗമായി ഇങ്ങനെയുള്ളവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ആര്‍ക്കും വാങ്ങി നല്‍കാം. വലിയ അളവില്‍ വാങ്ങുന്നവര്‍ക്ക് അതിന്റെ കൈമാറ്റത്തിന്റെ ചെലവ് മുഴുവന്‍ ജികെഎസ്എഫ് വഹിക്കും. സീസണിനു മുമ്പ് ജികെഎസ്എഫ് തിരുവനന്തപുരത്തെയും കൊല്ലത്തെയും അഗതിമന്ദിരങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കണ്െടത്തി അഞ്ചു ലക്ഷം രൂപയുടെ വിവിധ സാമഗ്രികള്‍ വാങ്ങി നല്‍കിയിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി 18001234573, 9847935356 എന്നീ നമ്പരുകളില്‍ ജികെഎസ്എഫുമായി ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.