പതഞ്ജലി 1000 കോടി നിക്ഷേപിക്കും
Monday, November 30, 2015 11:57 PM IST
ന്യൂഡല്‍ഹി: വ്യാപാരമേഖല വികസിപ്പിക്കാന്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി 1,000 കോടി രൂപ നിക്ഷേപിക്കും. കയറ്റുമതി, ഇ-കൊമേഴ്സ് രംഗത്തേക്ക് വ്യക്തമായ സ്വാധീനം ചെലുത്താനാണ് പതഞ്ജലിയുടെ പദ്ധതി. ദക്ഷിണേന്ത്യയില്‍ ഉത്പാദനകേന്ദ്രം ആരംഭിക്കാനും ദക്ഷിണേന്ത്യന്‍ സിറ്റികളില്‍ ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കാനുമാണ് തീരുമാനം.

നിലവില്‍ രാജ്യത്തുടനീളം പതഞ്ജലിക്ക് 1,500 ചില്ലറ വില്പനകേന്ദ്രങ്ങളുണ്ട്. വില്പനകേന്ദ്രങ്ങളോടൊപ്പം ഡെയറി, പാക്കറ്റ് ഫുഡ്, ശിശുപരിപാലനം, സൌന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, പോഷകോത്പന്നങ്ങള്‍ തുടങ്ങി പുതിയ ഉത്പന്നങ്ങള്‍ ആരംഭിക്കാനാണ് പതഞ്ജലിയുടെ തീരുമാനം.

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപയുടെ ബാങ്ക് വായ്പ അനുമതിയായിട്ടുണ്ട്. നിലവില്‍ ഫണ്ടിംഗിനു തടസമില്ലെന്നും ബാബാ രാംദേവ് അറിയിച്ചു.


പുതുതായി ആംഭിക്കുന്ന പാലുത്പന്നങ്ങളില്‍ പാല്‍പ്പൊടി, ചീസ്, ചോക്ളേറ്റുകള്‍ എന്നിവയുണ്ടായിരിക്കും. മാത്രമല്ല, മൃഗങ്ങള്‍ക്കായുള്ള തീറ്റയുടെയും പശുക്കള്‍ക്ക് പാലുത്പാദനം കൂടാനുള്ള പ്രത്യേക തീറ്റയുടെയും ഉത്പാദനവും വൈകാതെതന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ബിഗ് ബസാര്‍, റിലയന്‍സ് ഫ്രഷ്, ഡി മാര്‍ട്ട് എന്നിവയുടെ ഔട്ട്ലെറ്റുകളില്‍ പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്. വൈകാതെതന്ന മറ്റു വന്‍കിട ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ വിതരണത്തിലെത്തിക്കാനാണ് തീരുമാനം. യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.