സെന്‍സെക്സും നിഫ്റ്റിയും രണ്ടാം വാരവും മുന്നേറി; രൂപയ്ക്കു തളര്‍ച്ച
സെന്‍സെക്സും നിഫ്റ്റിയും രണ്ടാം വാരവും മുന്നേറി; രൂപയ്ക്കു തളര്‍ച്ച
Monday, November 30, 2015 11:55 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: വിദേശ ധനകാര്യസ്ഥാപനങ്ങളുടെ വില്പനസമ്മര്‍ദം മറികടന്ന് സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം വാരത്തിലും മുന്നേറി. പിന്നിട്ടവാരം ഒരു ശതമാനമാണു പ്രമുഖ ഇന്‍ഡക്സുകള്‍ ഉയര്‍ന്നത്. നാലു ദിവസങ്ങളില്‍ വിദേശഫണ്ടുകള്‍ 902 കോടി രൂപയുടെ വില്പന നടത്തിയത് വിനിമയ വിപണിയില്‍ രൂപയെ 28 മാസത്തിനിടയിലെ ഏറ്റവും മോശം നിലവാരത്തിലേക്ക് ഇടിച്ചു.

ഈ മാസം വിദേശ ഓപ്പറേറ്റര്‍മാര്‍ 6,616 കോടി രൂപയുടെ വില്പന നടത്തി. ആര്‍ബിഐ നാളെ വായ്പാ അവലോകനത്തിന് ഒരുങ്ങുകയാണ്. പലിശനിരക്കുകളില്‍ മാറ്റങ്ങള്‍ക്ക് ഇടയില്ല. എന്നാല്‍, ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപ 67ലെ പ്രതിരോധം തകര്‍ക്കാനുള്ള സാധ്യത തെളിയുന്നു.

ഫോറെക്സ് മാര്‍ക്കറ്റില്‍ ആറു പ്രമുഖ കറന്‍സികള്‍ക്കു മുന്നില്‍ യുഎസ് ഡോളര്‍ കുതിക്കുകയാണ്. ഒരു മാസത്തിനിടെ ഡോളറിനു മുന്നില്‍ യൂറോ മൂന്നു ശതമാനം ഇടിഞ്ഞു. ആറു മാസത്തിനിടയിലുണ്ടായ തകര്‍ച്ച 22 ശതമാനം. യുഎസ് ഡോളര്‍ ഇന്‍ഡക്സ് എട്ടു മാസത്തെ ഉയര്‍ന്ന റേഞ്ചായ 100.5ലേക്കു കയറി ബുള്ളിഷ് ട്രന്‍ഡ് നിലനിര്‍ത്തി.

ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഏകദേശം 60 പൈസ ഇടിഞ്ഞ് 66.88ലേക്ക് താഴ്ന്നു. നിലവിലെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 67.20-50 റേഞ്ചിലേക്ക് മൂല്യതകര്‍ച്ച സംഭവിക്കാം. 67 റേഞ്ചില്‍ രൂപയെ പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ വിപണി ഇടപെടലിനു നീക്കം നടത്താം.

വര്‍ഷാന്ത്യം അടുക്കുമ്പോള്‍ വിദേശനിക്ഷേപം കുറയുക പതിവാണ്. അതായത്, ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപ 2013ലെ റേഞ്ചായ 68-69ലേക്ക് ഡിസംബര്‍-ജനുവരിയില്‍ അടുക്കാം. ഡെയ്ലി, വീക്ക്ലി ചാര്‍ട്ടുകളില്‍ രൂപ ദുര്‍ബലാവസ്ഥയിലാണ്. ഫെഡ് റിസര്‍വ് ഒരു ദശകത്തിനിടയില്‍ ആദ്യമായി പലിശനിരക്ക് ഉയര്‍ത്താനുള്ള അണിയറനീക്കത്തിലാണ്.

ഡോളറിന്റെ കരുത്ത് വര്‍ധിക്കുന്നതിനാല്‍ ആഗോള വിപണിയില്‍ ലോഹങ്ങളും ക്രൂഡ് ഓയിലും തളര്‍ന്നു. ബാരലിന് 41 ഡോളറില്‍ നീങ്ങുന്ന ക്രൂഡ് ഓയില്‍ 37 ഡോളര്‍ വരെ ഇടിയാം. ക്രൂഡ് അവധിനിരക്കുകള്‍ നവംബറില്‍ എട്ട് ശതമാനം താഴ്ന്നു. സ്വര്‍ണം അഞ്ചര വര്‍ഷത്തിനിടയിലെ താഴ്ന്ന വിലയായ ട്രോയ് ഔണ്‍സിന് 1051 ഡോളര്‍ വരെ ഇടിഞ്ഞു. വെള്ളി, ചെമ്പ് വിലകളും ഇടിഞ്ഞു.


ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നവംബര്‍ സീരീസ് സെറ്റില്‍മെന്റ് ഓപ്പറേറ്റര്‍മാരില്‍ സമ്മര്‍ദം ഉളവാക്കിയതോടെ അവര്‍ ഷോട്ട് കവറിംഗിനു മത്സരിച്ചു. നിഫ്റ്റി 7,828ല്‍നിന്ന് കഴിഞ്ഞവാരം സൂചിപ്പിച്ച 7,936 ലെ പ്രതിരോധം ഭേദിച്ച് 7,942ല്‍ ക്ളോസ് ചെയ്തു. മൊത്തം 86 പോയിന്റ് പ്രതിവാര നേട്ടം. നിഫ്റ്റിയുടെ സാങ്കേതികവശങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക് എസ്എആര്‍, ആര്‍എസ്ഐ 14, എംഎസിഡി, സ്ലോ സ്റോക്കാസ്റിക്, ഫാസ്റ് സ്റോക്കാസ്റിക് എന്നിവ ബുള്ളിഷാണ്. ഈ വാരം നിഫ്റ്റിയുടെ ആദ്യ പ്രതിരോധം 7,991ലാണ്. ഇതു മറികടക്കുന്നതോടെ ഡിസംബറിലെ ലക്ഷ്യം 8,040-8,121ലേക്കു തിരിയും. വില്പനസമ്മര്‍ദമുണ്ടായാല്‍ 7,861-7,780ല്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

ബോംബെ സെന്‍സെക്സ് താഴ്ന്ന തലമായ 25,761ല്‍നിന്ന് 26,000ലെ നിര്‍ണായക പ്രതിരോധം കടന്ന് 26,128ല്‍ ക്ളോസിംഗ് നടന്നു. ഈ വാരം സെന്‍സെക്സിന് 26,287-26,447 റേഞ്ചില്‍ തടസമുണ്ട്. ഇതു മറികടന്നാല്‍ ഡിസംബറില്‍ സൂചിക 26,710ലേക്കു ചുവടുവയ്ക്കാം. സൂചികയുടെ താങ്ങ് 25,864-25,601 ലാണ്. പിന്നിട്ട വാരം സൂചിക 260 പോയിന്റ് കയറി.

മുന്‍നിരയിലെ എട്ടു കമ്പനികളുടെ വിപണിമൂല്യത്തില്‍ 31,922 കോടി രൂപയുടെ വര്‍ധന. ആര്‍ഐഎലിന്റെ വിപണി മൂല്യത്തില്‍ 10,721.28 കോടി രൂപ വര്‍ധിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഒഎന്‍ജിസി തുടങ്ങിയവയ്ക്കും നേട്ടം.

ചൈനീസ് മാര്‍ക്കറ്റായ ഷാങ്ഹായ് സൂചികയ്ക്കു നേരിട്ട അഞ്ചു ശതമാനം തകര്‍ച്ച ഏഷ്യയിലെ പ്രമുഖ ഇന്‍ഡക്സുകളെ തളര്‍ത്തി. ഇതേ കാരണങ്ങള്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളിലും പിരിമുറുക്കമുളവാക്കി. ഈ വാരം യൂറോപ്യന്‍ കേന്ദ്രബാങ്ക് വായ്പാ അവലോകനത്തിന് ഒത്തുചേരും. അമേരിക്കയില്‍ എസ് ആന്‍ഡ് പി ഇന്‍ഡക്സ് വാരാന്ത്യം ഉയര്‍ന്നപ്പോള്‍ ഡൌ ജോണ്‍സ്, നാസ്ഡാക് സൂചികകള്‍ തളര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.