കുരുമുളകിനു സാങ്കേതിക തിരുത്തല്‍; മഞ്ഞളിനു സ്വര്‍ണശോഭ
കുരുമുളകിനു സാങ്കേതിക തിരുത്തല്‍; മഞ്ഞളിനു സ്വര്‍ണശോഭ
Monday, November 30, 2015 11:54 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ആഗോളതലത്തില്‍ കുരുമുളക് ഉത്പാദനം ഉയരുമെന്ന ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയുടെ വിലയിരുത്തല്‍ ഇന്ത്യന്‍ വിപണിയിലെ സാങ്കേതിക തിരുത്തല്‍ ശക്തമാക്കി. മഞ്ഞളിന്റെ സൌരഭ്യം വാങ്ങലുകാരെ ആകര്‍ഷിച്ചു. ടോക്കോമില്‍ റബര്‍ മൂന്നാം വാരത്തിലും ബുള്ളിഷ്, ആഭ്യന്തര വിപണി തളര്‍ച്ചയില്‍. പതിനായിരത്തിന്റെ കടമ്പയില്‍ വെളിച്ചെണ്ണയ്ക്കു കാലിടറുന്നു. ആഗോള സ്വര്‍ണവിപണി ഓവര്‍ സോള്‍ഡ് മേഖലയില്‍, യു എസ് ഫെഡില്‍നിന്നുള്ള പ്രഖ്യാപനങ്ങള്‍ ചലനമുളവാക്കും.

കുരുമുളക്

ആഗോളതലത്തില്‍ കുരുമുളക് ഉത്പാദനം ഉയരുമെന്ന അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ വിലയിരുത്തല്‍ നമ്മുടെ കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അടുത്ത സീസണില്‍ ഇതര ഉത്പാദന രാജ്യങ്ങളില്‍ ലഭ്യത വര്‍ധിക്കുമെങ്കിലും ദക്ഷിണേന്ത്യയില്‍ ഉത്പാദനം കുറയും. പ്രതികൂല കാലാവസ്ഥയാണ് കേരളത്തിലും കൂര്‍ഗിലും വിളയെ ബാധിച്ചത്. ഐപിസിയില്‍നിന്നുള്ള വിലയിരുത്തലുകള്‍ക്ക് ഇടയില്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ കുരുമുളകിന് 1,300 രൂപ ഇടിഞ്ഞ് 70,200 രൂപയായി. ഇതോടെ രാജ്യാന്തര മാര്‍ക്കറ്റില്‍ മലബാര്‍ മുളകുവില ടണ്ണിന് 11,450 ഡോളറില്‍ നിന്ന് 11,000റേഞ്ചിലേയ്ക്ക് അടുത്തു.

ഇന്ത്യന്‍ മുളകുവില ആഗോളവിപണിയില്‍ താഴ്ന്നെങ്കിലും ഇതര ഉത്പാദന രാജ്യങ്ങള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്തിയില്ല. ഈ വര്‍ഷം ഇന്ത്യക്ക് പുതിയ വിദേശ വ്യാപാരങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. നടപ്പുവര്‍ഷം ആഗോളതലത്തില്‍ 4,07,155 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ചപ്പോള്‍ അടുത്ത വര്‍ഷം വിളവ് 4,13,710 ടണ്ണായി ഉയരുമെന്നാണ് അന്താരാഷ്ട്ര കുരുമുളകു സമൂഹത്തിന്റെ വിലയിരുത്തല്‍. അടുത്ത സീസണില്‍ കര്‍ണാടകത്തില്‍ 25,000 ടണ്ണിന്റെ ഉത്പാദനം കണക്കാക്കുന്നു. കേരളത്തില്‍ 20,000 ടണ്ണും തമിഴ്നാട്ടില്‍ 8,000 ടണ്‍ കുരുമുളകും 2016ല്‍ ഉത്പാദനവും പ്രതീക്ഷിക്കുന്നു.

ഇതിനിടെ ശ്രീലങ്കന്‍ കുരുമുളക് ഉത്തരേന്ത്യയില്‍ എത്തിയെന്നാണ് വിവരം. ടണ്ണിന് 7,000 ഡോളര്‍ പ്രകാരം 850 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തിയതായി അറിയുന്നു. ശ്രീലങ്കന്‍ കുരുമുളക് വര വും ആഭ്യന്തര ഡിമാന്‍ഡിനെ ബാധിച്ചു.

മഞ്ഞള്‍

സത്ത് നിര്‍മാതാക്കളും കയറ്റുമതിക്കാരും അണിചേര്‍ന്നതോടെ മഞ്ഞള്‍ വ്യാപാരം സജീവം. തമിഴ്നാട് കേന്ദ്രീകരിച്ചാണ് വാങ്ങലുകാര്‍ മഞ്ഞള്‍ സംഭരിക്കുന്നത്. സംസ്ഥാനത്ത് ലഭ്യത കുറഞ്ഞെങ്കിലും ഈറോഡ്, സേലം വിപണികളില്‍ മഞ്ഞള്‍ ഉയര്‍ന്ന അളവിലാണ്. മഞ്ഞള്‍ വില 8,800-9,000 രൂപയില്‍നിന്ന് വാരാവസാനം 10,800-11,200 രൂപയായി.


റബര്‍

ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ നാലു ശതമാനം നേട്ടതോടെ തുടര്‍ച്ചയായ മൂന്നാം വാരത്തിലും മുന്നേറി. എന്നാല്‍, ഇന്ത്യയില്‍ ഷീറ്റ് വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. കിലോ 107 രൂപ വരെ നാലാം ഗ്രേഡ് ഇടിഞ്ഞു. റബറിനു നേരിട്ട രൂക്ഷമായ വിലത്തകര്‍ച്ച മൂലം വലിയൊരു വിഭാഗം കര്‍ഷകര്‍ ടാപ്പിംഗിന് ഉത്സാഹം കാണിക്കുന്നില്ല. വ്യവസായിക ഡിമാന്‍ഡ് മങ്ങിയതാണ് ആഭ്യന്തര മാര്‍ക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ടോക്കോമില്‍ മാര്‍ച്ച് അവധി 168 യെന്നിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണെങ്കിലും വിനിമയവിപണിയിലെ ചലനങ്ങള്‍ തിരിച്ചടിയാവുന്നു.

ചൈനീസ് മാര്‍ക്കറ്റുകളിലും റബറിനു പ്രിയമേറി. ഒക്ടോബറില്‍ ചൈനയുടെ റബര്‍ ഇറക്കുമതി 36.7 ശതമാനം ഉയര്‍ന്ന് 4.10 ലക്ഷം ടണ്ണായി. 2014 ഒക്ടോബറില്‍ ഇറക്കുമതി മൂന്ന് ലക്ഷം ടണ്ണായിരുന്നു. ചൈനീസ് വ്യാവസായിക മേഖലയിലെ ഉണര്‍വ് കണക്കിലെടുത്താല്‍ ഡിസംബറിനുശേഷം ആഗോള റബര്‍വിലയില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ പ്രതീക്ഷിക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ വിപണിക്ക് പതിനായിരം രൂപയിലെ കടമ്പ മറികടക്കാനായില്ല. പ്രാദേശിക ഡിമാന്‍ഡ് ഉയര്‍ന്നില്ലെങ്കിലും ഒരാഴ്ചയോളം 10,000ലെ പ്രതിരോധം തകര്‍ക്കാന്‍ ശ്രമിച്ചശേഷം വാരാന്ത്യം വെളിച്ചെണ്ണ 9,900ലേക്കു താഴ്ന്നു. അതേസമയം മാസാരംഭമായതിനാല്‍ ഈ വാരം ലോക്കല്‍ ഡിമാന്‍ഡ് വര്‍ധിക്കും. തമിഴ്നാട്ടില്‍ മഴ മൂലം സ്തംഭിച്ച നാളികേര വിളവെടുപ്പ് പുനരാരംഭിക്കാനായില്ല. മുംബൈ ആസ്ഥാനമായി വെളിച്ചെണ്ണ വില്പനയ്ക്ക് ഇറക്കുന്ന വന്‍കിട മില്ലുകാരുടെ കൊപ്ര സ്റോക്ക് കുറഞ്ഞത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്.

ജാതിക്ക

ജാതിക്ക കര്‍ഷകരെയും സ്റോക്കിസ്റുകളെയും സമ്മര്‍ദത്തിലാക്കി ഉത്പന്നവില ചാഞ്ചാടി. കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചവരും ഉത്തരേന്ത്യകാരും വാരാരംഭത്തില്‍ വില ഉയര്‍ത്തി ജാതിക്കയും ജാതിപത്രിയും സംഭരിച്ചു. എന്നാല്‍, പിന്നീട് ഡിമാന്‍ഡ് മങ്ങിയതോടെ നിരക്ക് താഴ്ന്നു. വാരാവസാനം ജാതിക്ക തൊണ്ടന്‍ കിലോ 240-260 രൂപയിലും തൊണ്ടില്ലാത്തത് 450-490ലും ജാതിപത്രി 700-850 രൂപയിലുമാണ്.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ 19,280ല്‍നിന്ന് 19,120 രൂപയായി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,077 ഡോളറില്‍നിന്ന് 1,051 വരെ ഇടിഞ്ഞശേഷം 1,056 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.