ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളേ ജനം സ്വീകരിക്കൂ: മന്ത്രി എ.പി. അനില്‍കുമാര്‍
ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളേ ജനം സ്വീകരിക്കൂ: മന്ത്രി എ.പി. അനില്‍കുമാര്‍
Saturday, November 28, 2015 11:22 PM IST
വൈത്തിരി: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കു നല്‍കുന്ന പരസ്യങ്ങളേ ജനങ്ങള്‍ സ്വീകരിക്കൂവെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കെത്രിഎ ആഡ് ഫെസ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ലതല്ലാത്ത ഉത്പന്നങ്ങള്‍ക്ക് എത്ര മികച്ച പരസ്യങ്ങള്‍ നിര്‍മിച്ചാലും അവ ജനം തിരിച്ചറിയും. പരസ്യങ്ങള്‍ നിലവാരം പുലര്‍ത്തുമ്പോള്‍ അതിന്റെ പേരില്‍ വിറ്റഴിക്കുന്ന ഉത്പന്നത്തിനും ആ ഗുണനിലവാരം ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കെത്രിഎ സംസ്ഥാന പ്രസിഡന്റ് ജയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. മനോരമ ചീഫ് ജനറല്‍ മാനേജര്‍ വര്‍ഗീസ് ചാണ്ടി, മാതൃഭൂമി സീനിയര്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.പി. നാരായണന്‍, ശ്രീകണ്ഠന്‍ നായര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, സിറാജ് അലി, എസ്. രാജീവ്, രഘു രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വ്യത്യസ്ത വ്യവസായ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഫ്രാന്‍സിസ് ജോണ്‍, ജോസ് ആലുക്കാസ്, കെ.കെ. കര്‍ണന്‍, അഡ്വ. ഡോ. പി. കൃഷ്ണദാസ്, വി.കെ.സി. മമ്മദ് കോയ, നാരായണ കമ്മത്ത്, ഡോ. ഫിലിപ്പ് അഗസ്റിന്‍, തോമസ് ജോര്‍ജ് മുത്തൂറ്റ് തുടങ്ങിയവരെ അവാര്‍ഡ് നല്കി ആദരിച്ചു. കെത്രിഎ ചീഫ് പാട്രണ്‍ ജോസഫ് ചാവറ, ജനറല്‍ സെക്രട്ടറി സുന്ദര്‍കുമാര്‍, രാജു മേനോന്‍, പി.ടി. ഏബ്രഹാം, പി.എം. കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിസിനസ് രംഗത്തെ പ്രമുഖരായ ഐസക് ജോസഫ്, ജോയ് ആലുക്കാസ്, വി.പി. നന്ദകുമാര്‍, ടി.എസ്. പട്ടാഭിരാമന്‍, ഡോ. എസ്. സജികുമാര്‍, ശ്രീകണ്ഠന്‍ നായര്‍ എന്നിവരുടെ സംവാദം ഉണ്ടാകും. പരസ്യരംഗത്തെ പ്രമുഖരായ ബ്രിജേഷ് ജേക്കബ് നയിക്കുന്ന ക്രിയേറ്റീവ് സെഷനും രാജ് നായര്‍ നേതൃത്വം നല്കുന്ന ഡിജിറ്റല്‍ സെഷനും ഇവന്റിലുണ്ടാകും.

തിരക്കഥാകൃത്തായ ആര്‍. വേണുഗോപാല്‍ നായര്‍ നേതൃത്വം നല്കുന്ന സംവാദത്തില്‍ ചലച്ചിത്ര സംവിധായകരായ ശ്യാമപ്രസാദ്, ലാല്‍ ജോസ്, ആഷിക് അബു, മാര്‍ട്ടിന്‍ പ്രക്കാട്ട്, ലിജോ ജോസ് പല്ലിശേരി തുടങ്ങിയവര്‍ പങ്കെടുക്കും.

കെത്രിഎ വര്‍ഷംതോറും നടത്തിവരാറുള്ള ഫുക്ക ക്രിയേറ്റീവ് അവാര്‍ഡ് വിതരണം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ഫുക്ക അവാര്‍ഡ് നൈറ്റ് ഇന്നു നടക്കും. ഫെസ്റ് നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.