ഓഹരി വിപണനം: മലയാളം ആപ് തയാര്‍
Friday, November 27, 2015 11:12 PM IST
കൊച്ചി: ഡിസ്കൌണ്ട് ബ്രോക്കറേജ് കമ്പനിയായ സെറോദ കേരളത്തിലെ ഓഹരി നിക്ഷേപകര്‍ക്കായി മലയാളത്തില്‍ കൈകാര്യം ചെയ്യാവുന്ന ട്രേഡിംഗ് പ്ളാറ്റ്ഫോം അവതരിപ്പിച്ചു.

കൈറ്റ് എന്നു പേരിട്ടിരിക്കുന്ന ഇന്റര്‍നെറ്റ് പ്ളാറ്റ് ഫോം ഉപയോഗിച്ചു മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് എന്നിവ വഴി ഓഹരികള്‍ എളുപ്പത്തില്‍ വിപണനം ചെയ്യാന്‍ സാധിക്കുമെന്നു കമ്പനി സിഇഒ നിഥിന്‍ കമ്മത്ത് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഓഹരിവിപണി മലയാളികള്‍ക്കു കൂടുതല്‍ പ്രാപ്യമാകുംവിധം ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണു കൈറ്റ് തയാറാക്കിയിരിക്കുന്നത്.


കൂടാതെ ഓഹരികള്‍ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങളും അവയുടെ മൂല്യവും കഴിഞ്ഞ കാലയളവില്‍ ഓഹരികളുടെ നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ ഗ്രാഫിക്കല്‍ രൂപത്തില്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാകുന്നു. നിലവില്‍ ഇംഗ്ളീഷിലും മലയാളത്തിലും തയാറാക്കിയിരിക്കുന്ന പ്ളാറ്റ് ഫോം വൈകാതെതന്നെ ഇന്ത്യയിലെ എട്ട് ഭാഷകളില്‍ ലഭ്യമാക്കുമെന്നും നിഥിന്‍ കമ്മത്ത് പറഞ്ഞു. കമ്പനി ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ കൈലാഷ്നാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.