ഓഷ്യാന മേഖലയിലേക്കു കൂടുതല്‍ കേരള ഐടി കമ്പനികള്‍
ഓഷ്യാന മേഖലയിലേക്കു കൂടുതല്‍ കേരള ഐടി കമ്പനികള്‍
Wednesday, November 25, 2015 11:23 PM IST
കൊച്ചി: കേരള സര്‍ക്കാരിന്റെ ഗ്ളോബല്‍ ഐടി പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തു നിന്നുള്ള രണ്ടു കമ്പനികള്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയന്‍ ടെക്നോളജീസ്, പിറ്റ്സ് സൊല്യൂഷന്‍സ് എന്നിവയാണ് ഓഷ്യാന മേഖലയില്‍ ഓഫീസ് തുറന്നത്. കേരള ഐടി സംഘം ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണിത്.

സംസ്ഥാന ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ നയിച്ച സംഘത്തില്‍ 14 കമ്പനികളുടെ പ്രതിനിധികളുണ്ടായിരുന്നു. സിംഗപ്പൂര്‍, ഓസ്ട്രേലിയയില്‍ സിഡ്നി, മെല്‍ബണ്‍, ന്യൂസിലന്‍ഡില്‍ ഓക്ലന്‍ഡ്, ക്രൈസ്റ്ചര്‍ച്ച് എന്നിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.

സംസ്ഥാനത്തെ കമ്പനികള്‍ വിദേശത്തെ കമ്പികള്‍ക്ക് കണ്‍സല്‍ട്ടന്‍സി മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്, എന്നാല്‍ വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യങ്ങളില്‍ ഐടി വ്യവസായവുമായി ചുവടുറപ്പിക്കാനാവുമെന്ന് ജി ടെകിന്റെ കണ്‍വീനര്‍ ബിനു ജേക്കബ് പറഞ്ഞു. സാധാരണയായി ഐടി കമ്പനികള്‍ക്ക് യൂറോപ്യന്‍, അമേരിക്കന്‍ വിപണികളുമായാണ് ബന്ധം. എന്നാല്‍ ഓസ്ട്രേലിയ സന്ദര്‍ശനം പുതിയ ഉള്‍ക്കാഴ്ച നല്‍കിയെന്ന് പിറ്റ്സ് സൊല്യൂഷന്‍സ് സിഇഒ റഫീക്ക് മുഹമ്മദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഏറെ സാധ്യതയുളള വാണിജ്യമേഖലയാണ് സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ സംസ്ഥാനത്തെ ഐടി കമ്പനികള്‍ക്കു തുറന്നുകിട്ടിയതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. ഐടി കയറ്റുമതിയില്‍ കുതിച്ചുചാട്ടത്തിന് സംസ്ഥാന സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ സാഹചര്യം ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട ഐടി കമ്പനിയായ ഐബിഎസ്, ഇടത്തരം കമ്പനികളായ റിഫ്ളക്സസ് ടെക്നോളജീസ്, സിക്സ്വെയര്‍ ടെക്നോളജീസ്, അക്കോലൈഡ് ടെക്നോളജീസ് എന്നിവയ്ക്ക നിലവില്‍ ഓസ്ട്രേലിയയില്‍ സംരംഭങ്ങളുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.