ഹെല്‍ത്ത് ടൂറിസം: രാജ്യാന്തര പ്രദര്‍ശനം കൊച്ചിയില്‍
ഹെല്‍ത്ത് ടൂറിസം: രാജ്യാന്തര പ്രദര്‍ശനം കൊച്ചിയില്‍
Saturday, October 10, 2015 11:22 PM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസം-2015 ഈ മാസം 30, 31 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. കേരളത്തിലെ ആരോഗ്യ ടൂറിസത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ അഞ്ചാം പതിപ്പാണിത്. ഡോ.ആസാദ് മൂപ്പനാണു ഹെല്‍ത്ത് ടൂറിസം 2015ന്റെ ചെയര്‍മാന്‍.

കേരളത്തിലെ പുതിയതും ആധുനികവുമായ ആശുപത്രികളില്‍ കഴിവുറ്റവരുടെ സേവനവും ആധുനിക സാങ്കേതിക വിദ്യകളും ഏറെ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാണെന്നു രാജഗിരി ഹോസ്പിറ്റല്‍ സിഇഒ ഫാ. ജോണ്‍സണ്‍ വാഴപ്പള്ളി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ലോകത്തെ മറ്റേതൊരു വികസിത ആരോഗ്യ പരിരക്ഷ ഹബ്ബുകളുമായി താരതമ്യം ചെയ്യുമ്പോഴും ലോകനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ കേരളത്തിന് ഇതുമൂലം സാധിക്കും- അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ഏഷ്യയില്‍നിന്നും ബ്രിട്ടനില്‍നിന്നുമുള്ള ആളുകള്‍ കേരളത്തിലെത്തുന്നത് ആധുനിക ചികിത്സ തേടിയാണ്. ചെന്നൈയില്‍ ഒരു ദിവസം വിദേശികളായ 150 പേരെങ്കിലും ചികിത്സയ്ക്കായി എത്തുന്നുണ്െടന്ന് ആസ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. കേരളത്തിലേക്കു പ്രതിദിനം 300 പേരെയെങ്കിലും ഇങ്ങനെ ആകര്‍ഷിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക ചികിത്സയുടെ താരതമ്യേന ചെലവുകുറഞ്ഞ സ്ഥലങ്ങളെന്ന ഖ്യാതിക്കൊപ്പം കേരളത്തിലെ സ്പെഷാലിറ്റി ആശുപത്രികള്‍ മെഡിക്കല്‍ ടൂറിസം രംഗത്തും മുന്‍നിരയിലുണ്െടന്നു കിംസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.എച്ച്. അബ്ദുല്‍ റഹിം പറഞ്ഞു.


ആരോഗ്യ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നയരൂപീകരണം, ഗുണനിലവാരവും അക്രഡിറ്റേഷനും ലക്ഷ്യമിടുന്ന വിപണികളും വിപണന തന്ത്രങ്ങളും, രാജ്യാന്തര പേഷ്യന്റ് മാനേജ്മെന്റിലെ സമകാലിക വെല്ലുവിളികള്‍, ഹെല്‍ത്ത് ടൂറിസത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളാണു സമ്മേളനം ചര്‍ച്ചചെയ്യുന്നത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ ശേഷികള്‍ ലോകത്തുടനീളം വെബിലൂടെ പ്രചരിപ്പിക്കാനായി മെഡിക്കല്‍ വാല്യു ട്രാവലര്‍ പോര്‍ട്ടലിനും സമ്മേളനം തുടക്കമിടും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെക്കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളത്തിനൊപ്പം അറബി ഭാഷയിലും തുറക്കുന്ന വെബ്സൈറ്റിനു സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും.

ആരോഗ്യ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവവും ഊര്‍ജസ്വലവുമാക്കി നിലനിര്‍ത്താനായി സര്‍ക്കാരിന്റെയും വ്യവസായ മേഖലയിലുള്ളവരുടെയും സഹകരണത്തോടെ കേരള ഹെല്‍ത്ത് മാര്‍ട്ട് എന്ന വാണിജ്യ ഫോറത്തിനും സമ്മേളനാനന്തരം രൂപം നല്‍കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0484-4012300 അല്ലെങ്കില്‍ മെഷശ.ാമവേലം@ രശശ.ശി, രശശ.സലൃമഹമ@രശശ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.