പലിശ നിരക്ക്: ആര്‍ബിഐ നാണ്യശോഷണവും പരിഗണിക്കും- ജയന്ത് സിന്‍ഹ
പലിശ നിരക്ക്: ആര്‍ബിഐ നാണ്യശോഷണവും പരിഗണിക്കും- ജയന്ത് സിന്‍ഹ
Friday, September 4, 2015 11:20 PM IST
മുംബൈ: പലിശനിരക്ക് തീരുമാനിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആഭ്യന്തരവും അന്തര്‍ദേശീയവുമായ നാണ്യശോഷണവും പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ സൂക്ഷ്മമായ നിരീക്ഷണവും വിശകലനവും നടന്നുവരുന്നുണ്ട്. അനുയോജ്യമായ തീരുമാനം ആര്‍ബിഐ ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നാണ്യശോഷണത്തെ സംബന്ധിച്ച ആശങ്കകളുടെ സൂചന നല്‍കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ച, അധിക ശേഷി, കുറയുന്ന ജനപ്പെരുപ്പം, തൊഴില്‍ ശക്തിയുടെ വളര്‍ച്ച എന്നിവ ആഗോളതലത്തില്‍ നാണ്യശോഷണത്തിന്റെ സാധ്യതകളെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പലിശനിരക്ക് കുറയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഈ മാസം 29ന് ദ്വിമാസ പണനയ അവലോകനത്തിനൊരുങ്ങുന്നത്.


അടുത്ത പണനയത്തിനു മുന്‍പ് നിരക്കിളവുണ്ടാകുമോയെന്ന ചോദ്യത്തിന് ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ആര്‍ബിഐ പരിഗണിച്ചുവരുന്നുണ്െടന്നും ഇക്കാര്യങ്ങളിലെല്ലാം ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തനിക്കുറപ്പുണ്െടന്നും ജയന്ത് പറഞ്ഞു. ഈ വര്‍ഷം ഇതിനോടകം തന്നെ മൂന്നു ഘട്ടങ്ങളിലായി പലിശനിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഇവ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയാറാകാത്തതിനാലാണ് ഓഗസ്റിലെ പണനയത്തില്‍ ഇളവു നല്‍കുന്നതില്‍ നിന്നു വിട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച ഏട്ടു ശതമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.