ഓഹരികള്‍ക്കു വീണ്ടും ഇടിവ്; രൂപയും സ്വര്‍ണവും താഴോട്ട്
ഓഹരികള്‍ക്കു വീണ്ടും ഇടിവ്; രൂപയും സ്വര്‍ണവും താഴോട്ട്
Thursday, August 27, 2015 12:17 AM IST
മുംബൈ/ഷാംഗ്ഹായ്: കമ്പോളങ്ങളില്‍ ചാഞ്ചാട്ടം തുടരുന്നു, ചൈനയിലും ഇന്ത്യയിലും ഇന്നലെ ഓഹരികള്‍ താഴോട്ടുപോയി. രൂപയ്ക്കും ചെറിയ ഇടിവുണ്ട്. സ്വര്‍ണം താഴോട്ടുതന്നെ. ചൈനയില്‍ യുവാന്‍ കറന്‍സിയുടെ വിനിമയനിരക്ക് വീണ്ടും താണു. ഇന്നലെ ഡോളറിന് 6.43 യുവാന്‍ ആയി.

പലിശനിരക്കും ബാങ്കുകളുടെ കരുതല്‍പണ അനുപാതവും കുറച്ചും കൂടുതല്‍ പണം വിപണിയിലിറക്കിയും ഉത്തേജനം നല്‍കാന്‍ ചൈനീസ് അധികാരികള്‍ ശ്രമിക്കുകയാണ്. പക്ഷേ ഓഹരിവിലകള്‍ വീണ്ടും താണു. ജൂണിനു ശേഷം ഓഹരി വിലയിടിവ് 40 ശതമാനമായി.

ഇന്നലെ ഷാംഗ്ഹായ് സൂചിക 1.27 ശതമാനം താണു. ഇടയ്ക്ക് സൂചിക നാലുശതമാനത്തിലേറെ ഉയര്‍ന്നിട്ടാണ് ഇങ്ങനെ താണു ക്ളോസ് ചെയ്തത്. ഗവണ്‍മെന്റിന്റെ നടപടികളില്‍ നിക്ഷേപകര്‍ക്കു വിശ്വാസമില്ലാതായി. ഇന്നലെ 2000 കോടി ഡോളര്‍കൂടി ചൈനീസ് കേന്ദ്രബാങ്ക് വാണിജ്യബാങ്കുകള്‍ക്കു നല്‍കി.


ഇന്ത്യന്‍ ഓഹരികള്‍ ഇടയ്ക്ക് ഗണ്യമായി കയറിയിട്ട് വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ കുത്തനെ ഇടിയുകയായിരുന്നു. സെന്‍സെക്സ് 317.72 പോയിന്റ് താണ് 25714.66 ല്‍ ക്ളോസ് ചെയ്തു. നിഫ്റ്റി 88.25 പോയിന്റ് താണ് 7791.85 ല്‍ ക്ളോസ് ചെയ്തു. ഡോളറിന് നാലുപൈസ കൂടി 66.14 രൂപയായി.

കേരളത്തില്‍ പവന് 240 രൂപ കുറഞ്ഞ് 20240 രൂപയായി. രാജ്യാന്തര വിപണിയില്‍ ഇന്നലെയും സ്വര്‍ണവില ഒന്നരശതമാനം താണ് ഔണ്‍സിന് 1120 ഡോളറായി. രൂപാവില താഴുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഇന്നും സ്വര്‍ണവില കുറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.