ചെലവു കുറഞ്ഞ ആഭ്യന്തര, വിദേശ വിനോദയാത്രയുമായി ഐആര്‍സിടിസി
ചെലവു കുറഞ്ഞ ആഭ്യന്തര, വിദേശ വിനോദയാത്രയുമായി ഐആര്‍സിടിസി
Wednesday, August 5, 2015 11:28 PM IST
തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ആഭ്യന്തര-വിദേശ വിനോദയാത്രകള്‍ നടത്തുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്(ഐആര്‍സിടിസി) പുതിയ ട്രയിന്‍/വിമാന പാക്കേജുകള്‍ അവതരിപ്പിക്കുന്നു. ഈമാസം ഒമ്പതിന് പഞ്ചപുണയാത്ര എന്ന പേരില്‍ പ്രത്യേക ടൂറിസ്റ് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് ഹരിദ്വാര്‍, വാരണാസി, ഗയ, പുരി, കൊണാര്‍ക്, രാമേശ്വരം എന്നീ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി 20-ന് തിരിച്ചെത്തും. കര്‍ക്കിടകവാവ് ദിവസം കാശിയില്‍ ബലിതര്‍പ്പണം നടത്താം എന്നതാണ് യാത്രയുടെ പ്രത്യേകത.

കൂടാതെ ഈ മാസം 23-ന് കുറഞ്ഞ ചെലവില്‍ വിനോദയാത്ര എന്ന സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന തരത്തില്‍ പ്രത്യേക ടൂറിസ്റ് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച് ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, അമൃത്സര്‍, ഗോവ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അടുത്ത മാസം മൂന്നിന് തിരിച്ചെത്തും. ഈ രണ്ട് ട്രെയിന്‍ സര്‍വീസുകളിലും സ്ളീപ്പര്‍ ക്ളാസ്, തേര്‍ഡ് എസി, സെക്കന്‍ഡ് എസി എന്നീ മൂന്ന് വിഭാഗങ്ങളിലായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രയിലും പുറത്തും സസ്യാഹാരങ്ങള്‍, സുഖകരമായ വാഹനങ്ങള്‍, എല്ലാ യാത്രയിലും ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം തുടങ്ങി സൌകര്യങ്ങള്‍ ഉള്‍പ്പെടെ 10,920 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.


ഓണക്കാലത്ത് ചെറിയ കാലയളവിലുള്ള യാത്ര ലക്ഷ്യമിടുന്നവര്‍ക്കായി ഗോള്‍ഡന്‍ ട്രയാങ്കിള്‍ വിമാനയാത്രാ ടൂര്‍ പാക്കേജ് ഈമാസം 26-ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 31-ന് മടങ്ങിയെത്തും.

ഡല്‍ഹിയില്‍നിന്നും ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കുത്തബ്മീനാര്‍, ലോട്ടസ് ടെമ്പിള്‍, ഹുമ— യൂണിന്റെ കബറിടം, തീന്‍മൂര്‍ത്തി ഭവന്‍ എന്നിവിടങ്ങളിലും ജയ്പൂരില്‍ ആമ്പര്‍ ഫോര്‍ട്ട്, ജന്തര്‍ മന്ദിര്‍, ഹവാ മഹള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. ടിക്കറ്റ് നിരക്ക് 29691 രൂപ മുതല്‍ തുടങ്ങും.

കൂടാതെ കൊച്ചിയില്‍നിന്ന് വിദേശ യാത്രക്കായി തായ്ലന്‍ഡ് ടൂര്‍ പാക്കേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 28-ന് യാത്ര കൊച്ചിയില്‍നിന്നും പുറപ്പെടും. രണ്ട് രാത്രി ബാങ്കോക്കിലും രണ്ട് രാത്രി പട്ടായയിലും താമസം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ പാക്കേജ് ആണിത്. ടിക്കറ്റ് നിരക്ക് 36700 രൂപയില്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം-9567863242, തിരുവനന്തപുരം- 9567863243, കോഴിക്കോട്- 9746741216, കോയമ്പത്തൂര്‍- 09003140680, ഐ ആര്‍ സി ടി സി റീജിയണല്‍ ഓഫീസ് എറണാകുളം- 9746743045.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.