കര്‍ഷകര്‍ക്കു സ്പൈസസ് ബോര്‍ഡിന്റെ സബ്സിഡി
കര്‍ഷകര്‍ക്കു സ്പൈസസ് ബോര്‍ഡിന്റെ സബ്സിഡി
Friday, July 31, 2015 11:13 PM IST
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം കൂട്ടാന്‍ കര്‍ഷകര്‍ക്കു വിവിധ പദ്ധതികളിലൂടെ സ്പൈസസ് ബോര്‍ഡ് സബ്സിഡി നല്‍കും. ഗുണമേന്‍മ കൂട്ടാന്‍ വ്യാപക ബോധവത്കരണവും നടത്തും. ഭൂവികസനം, ജലസേചനം, യന്ത്രവത്കരണം, പുനര്‍നടീല്‍, മണ്ണു സംരക്ഷണം, ജൈവകൃഷി എന്നിവയ്ക്കാണു സഹായം. മികച്ച ജലസേചന, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാനും സഹായം കിട്ടും. പ്രധാനമായും ചെറിയ ഏലത്തിന്റെ പ്രോത്സാഹനമാണു ലക്ഷ്യമെങ്കിലും മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കും സഹായം ലഭിക്കും.

കയറ്റുമതി ചെയ്യുന്ന ചെറിയ ഏലത്തിന്റെ ഉത്പാദനം കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായാണു സബ്സിഡിയെന്നു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് പറഞ്ഞു. കൈവശമുള്ള കാര്‍ഷിക ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിലാണു ധനസഹായം.

തമിഴ്നാട്ടിലേയും കേരളത്തിലേയും ചെറിയ ഏലം കര്‍ഷകര്‍ക്കു പുനര്‍നടീലിനായി 70,000 രൂപ വരെയും കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് 50,000 രൂപ വരെയും ധനസഹായം ലഭിക്കും. മൂന്നു തെക്കന്‍ സംസ്ഥാനങ്ങളിലെ ചെറിയ ഏലം കര്‍ഷകര്‍ക്ക് പമ്പ്സെറ്റ്, സ്പ്രിംഗ്ളര്‍ സെറ്റ്, തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങാന്‍ യഥാര്‍ഥവിലയുടെ 25 ശതമാനവും ജലസംഭരണിക്കായി 50 ശതമാനവും മണ്ണു സംരക്ഷണത്തിനായി 25 ശതമാനവും ധനസഹായം നല്‍കും.

മഴവെള്ള സംഭരണത്തിനായുള്ള 200 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിര്‍മാണ ചെലവിന്റെ 33.33 ശതമാനവും ബോര്‍ഡ് നല്‍കും. ഇതിന് 12,000 രൂപ വരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഏലം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപവരെ സബ്സിഡി ലഭിക്കും. മികച്ച കൃഷിക്കായി ഉപയോഗപ്പെടുത്താവുന്ന കിറ്റിനും തേനീച്ചക്കൂടിനുമായി 50 ശതമാനം സബ്സിഡി നല്‍കും. കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിത്ത് വേര്‍തിരിക്കുന്നതിനും മഞ്ഞള്‍ പാകപ്പെടുത്തിയെടുക്കുന്നതിനും മുളക് കര്‍ഷകര്‍ക്ക് ഇന്റഗ്രേറ്റഡ് പെസ്റ് മാനേജ്മെന്റ് കിറ്റ് വാങ്ങുന്നതിനും അന്‍പതു ശതമാനം വരെ ധനസഹായം ലഭിക്കും.


ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട്, കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമാണു വിളവെടുപ്പാനന്തര പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സഹായം.

ഉണക്കുന്നതിനും സംഭരിക്കുന്നതിനും കട്ട് ചെയ്യാനും വേര്‍തിരിക്കാനുമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനു സുഗന്ധവിള കര്‍ഷകര്‍ക്ക് 50 ശതമാനമാണ് സബ്സിഡി. കൂടാതെ രാജ്യത്തു സുഗന്ധവ്യഞ്ജനം ധാരാളമായി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ സുഗന്ധവിള ഉത്പാദക സൊസൈറ്റികള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ സബ്സിഡി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ംംം.ശിറശമിുശരല. രീാ. എന്ന വെബ്സൈറ്റില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.