അഞ്ചു വര്‍ഷത്തിനുശേഷം പവന്‍ 19,000 രൂപയ്ക്കു താഴെ
അഞ്ചു വര്‍ഷത്തിനുശേഷം പവന്‍ 19,000 രൂപയ്ക്കു താഴെ
Thursday, July 30, 2015 11:07 PM IST
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണനിലയില്‍. ഇന്നലെ പവന് 18,880 രൂപയ്ക്കായിരുന്നു വ്യാപാരം. 2011 ഓഗസ്റ് ഒന്‍പതിനുശേഷം വില 19000 രൂപയില്‍ താഴെ ആകുന്നത് ആദ്യം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍, ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെട്ടതുമൂലം ഇന്നലെ ഗ്രാമിനു 15 രൂപയും പവനു 120 രൂപയും കുറഞ്ഞു. ഇതോടെ ഈ മാസം പവനു വന്ന ഇടിവ് 920 രൂപയായി.

ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടിയ വില ജനുവരി 21ലെ 21,200 രൂപയാണ്. 2012 നവംബര്‍ 27നു വന്ന 24,240 രൂപയാണു കേരളത്തില്‍ പവന്റെ റിക്കാര്‍ഡ് നിരക്ക്. അതില്‍നിന്ന് 22 ശതമാനം താണിരിക്കുന്നു പവന്‍.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇതേ കാലയളവില്‍ 40 ശതമാനം താണു. 2011 സെപ്റ്റംബര്‍ ഒന്നിലെ 1826 ഡോളറില്‍നിന്ന് ഇന്നലത്തെ 1096 ഡോളറിലേക്ക് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന്റെ വില ഇടിഞ്ഞു. ഇന്ത്യയിലെ പത്തുശതമാനം ഇറക്കുമതിച്ചുങ്കവും രൂപയുടെ ദൌര്‍ബല്യവും മൂലമാണ് അത്രയും താഴ്ച ഇവിടെ വരാത്തത്.

ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ഗുജറാത്തികളടക്കം രാജ്യത്തെ സ്വര്‍ണവ്യാപാരികളും ആഭരണക്കയറ്റുമതിക്കാരും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. രാജ്യത്തെ ജനങ്ങളുടെയും മത സ്ഥാപനങ്ങളുടെയും പക്കലുള്ള പതിനായിരക്കണക്കിനു ടണ്‍ സ്വര്‍ണം പുറത്തുകൊണ്ടുവരാന്‍ ചില നിക്ഷേപ പദ്ധതികള്‍ ഗവണ്‍മെന്റ് തയാറാക്കിവരുന്നുണ്ട്. ഇതു പ്രഖ്യാപിക്കുന്നതോടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം.


ചുങ്കം കുറച്ചാലും ഇറക്കുമതി ഇനി അധികം വര്‍ധിക്കില്ലെന്നു പലരും ചൂണ്ടിക്കാട്ടുന്നു. അഥവാ വര്‍ധിച്ചാലും വിദേശത്തെ വില കുറവായതുകൊണ്ടു വലിയ പ്രശ്നം ഉണ്ടാകില്ല. ഏറ്റവും വലിയ ഇറക്കുമതി ഇനമായ പെട്രോളിയത്തിന്റെ വില പകുതിയില്‍ താഴെയായതും ചുങ്കം കുറയ്ക്കാന്‍ സഹായിക്കും.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1000 ഡോളറില്‍ താഴെയെത്തുമെന്നു മിക്ക നിക്ഷേപ വിശകലനക്കാരും പറയുന്നു. ഈ വര്‍ഷം തീരും മുമ്പേ ആയിരത്തിനു താഴെയാകുമെന്നാണു പ്രവചനം. മോര്‍ഗന്‍ സ്റാന്‍ലി എന്ന നിക്ഷേപ ബാങ്കാകട്ടെ വില 800 ഡോളറിനു താഴെയാകുമെന്നു പറയുന്നു. ഇതെല്ലാം പവന്‍വില ഇനിയും താഴോട്ടുനീങ്ങുമെന്ന സൂചന നല്‍കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.