ചൈനയില്‍ ഓഹരി തകര്‍ച്ച; ഇന്ത്യയിലും വലിയ ഇടിവ്
ചൈനയില്‍ ഓഹരി തകര്‍ച്ച; ഇന്ത്യയിലും വലിയ ഇടിവ്
Tuesday, July 28, 2015 11:26 PM IST
മുംബൈ/ബെയ്ജിംഗ്: ചൈനീസ് ഓഹരിവിപണി വീണ്ടും കുത്തനെ ഇടിഞ്ഞു. ഇതും വിദേശനിക്ഷേപകര്‍ക്കു നിയന്ത്രണങ്ങള്‍ വരുമെന്ന അഭ്യൂഹവും ഇന്ത്യന്‍ ഓഹരികളെ തളര്‍ത്തി.

മുംബൈ ഓഹരിവിപണിയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 550.93 പോയിന്റ് താണ് 27561.38 ല്‍ സമാപിച്ചു. എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക 160.55 പോയിന്റ് താണ് 8361 ആയി.

വിദേശ നിക്ഷേപകര്‍ക്ക് തങ്ങളാരെന്ന് അറിയിക്കാതെ നിക്ഷേപം നടത്താവുന്ന പാര്‍ട്ടിസിപ്പേറ്ററി (പി) നോട്ട് സൌകര്യം റദ്ദാക്കുമെന്നും വിദേശനിക്ഷേപകര്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കുമെന്നും അഭ്യൂഹം പരന്നു. കള്ളപ്പണത്തിനെതിരായ സമിതിയുടെ ശിപാര്‍ശകളില്‍ ഇവ പെട്ടിരുന്നു. ഇതു ശിപാര്‍ശ മാത്രമാണെന്നും തീരുമാനം ആയിട്ടില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിട്ടും വിപണി ശാന്തമായില്ല.

ചൈനീസ് വിപണിയെ പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലിക്കില്ലെന്ന സൂചന നല്‍കിയാണ് ഇന്നലെ ഓഹരി കമ്പോളം തകര്‍ന്നത്. ഷാംഗ് ഹായ് കോംപസിറ്റ് സൂചിക 8.5 ശതമാനം താണ് 3725.56 ല്‍ ക്ളോസ് ചെയ്തു. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.


ജൂണ്‍ മാസത്തില്‍ റിക്കാര്‍ഡ് ഉയരത്തിലെത്തിയ ചൈനീസ് വിപണി ഈ മാസമാദ്യം 35 ശതമാനം ഇടിയുകയുണ്ടായി. നിക്ഷേപകര്‍ക്ക് 400 ലക്ഷം കോടി ഡോളര്‍ (25600 ലക്ഷം കോടി രൂപ-ഇന്ത്യയുടെ വാര്‍ഷിക സമ്പത്തായ ജിഡിപിയുടെ ഇരട്ടിവരും ഇത്) നഷ്ടം വരുത്തി ആ ഇടിവ്. തുടര്‍ന്നു ഗവണ്‍മെന്റ് ശതകോടിക്കണക്കിനു ഡോളര്‍ ബ്രോക്കര്‍മാര്‍ക്കു വായ്പ നല്‍കി. സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ടുകളോട് ഓഹരിവാങ്ങാനും നിര്‍ദേശിച്ചു. തുടര്‍ന്നു രണ്ടാഴ്ചയോളം വില ഉയര്‍ന്നു. പക്ഷേ ഇന്നലത്തെ തകര്‍ച്ചയോടെ ജൂണിലെ നിലയില്‍നിന്ന് 26 ശതമാനം താഴെയായി ഓഹരിവിലകള്‍.

ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2010-ലെ 14 ശതമാനത്തില്‍നിന്ന് ഏഴു ശതമാനത്തിലേക്കു താണിരിക്കുകയാണ്. സമ്പദ്ഘടന മൊത്ത കടഭാരത്തില്‍ ഞെരുങ്ങുന്നു. കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ക്കു ഭീഷണിയാണ്. ഈ ഭീതിയാണു ചൈനീസ് തകര്‍ച്ചയ്ക്കു പിന്നില്‍.

അമരിക്കയിലും ഓഹരി കമ്പോളങ്ങള്‍ ഇന്നലെ ദുര്‍ബലമായി. യൂറോപ്പില്‍ ഉച്ചസമയത്തു രണ്ടു ശതമാനം താഴ്ചയിലായിരുന്നു കമ്പോളങ്ങള്‍. അമേരിക്കന്‍ വിപണികള്‍ തുടങ്ങിയത് ഒന്നേകാല്‍ ശതമാനം താഴ്ന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.