വിദേശ വ്യാപാര നയം കയറ്റുമതി മേഖലയില്‍ വിപ്ളവകരമായ മാറ്റമുണ്ടാക്കും: ഡി.കെ. സിംഗ്
Saturday, May 30, 2015 11:08 PM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദേശ വ്യാപാര നയം കയറ്റുമതി മേഖലയ്ക്ക് ഗുണകരമാണെന്നു കൊച്ചിയില്‍ നടന്ന ഫിക്കി ശില്പശാലയില്‍ വിലയിരുത്തല്‍. കയറ്റുമതി മേഖലയില്‍ ചെലവു ഗണ്യമായി കുറയ്ക്കാനും നടപടി ലഘൂകരിക്കാനും പുതിയ വിദേശ വ്യാപാര നയം സഹായിക്കുമെന്ന് കേന്ദ്ര വിദേശ വ്യാപാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡി.കെ. സിംഗ് പറഞ്ഞു.

ഫിക്കിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ വ്യാപാര നയത്തെകുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയറ്റുമതി മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്.

കയറ്റുമതി മേഖലയില്‍ സബ്സിഡികള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കും. ടെക്സ്റയില്‍ മേഖലയില്‍ ഇത് നടപ്പാക്കി തുടങ്ങി. വിദേശ വ്യാപാര നയം അംഗീകരിക്കുന്നതോടെ കയറ്റുമതി മേഖലയില്‍ നിലവിലെ അനാവശ്യ ഡോക്യുമെന്റേഷന്‍ അവസാനിക്കുകയും ചെലവു കുറയുകയും ചെയ്യും.

സബ്സിഡി കുറയ്ക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സന്‍റ്റീവുകളെകുറിച്ച് കയറ്റുമതി കമ്പനികള്‍ ബോധാവാന്മാരല്ലെന്നും പല കമ്പനികളും ഇത് കൈപ്പറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി സാധ്യതയുള്ള പല ചെറുകിട, ഇടത്തരം സംരംഭകരും ആ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല.

കരകൌശല മേഖല ഉള്‍പ്പെടെ 108 ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. വേണ്ടത്ര വിപണന തന്ത്രം ഇല്ലാത്തതുകൊണ്ടുമാത്രം ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നു. ഇവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി നോളജ് പാര്‍ട്ണര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍ എന്നിവരെ തേടുകയാണെന്നും ഡി.കെ. സിംഗ് പറഞ്ഞു. ആറു മാസത്തിനുള്ളില്‍ കയറ്റുമതി മേഖലയിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടും. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം ഇതോടെ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


രേഖകളുടെ ഡ്യൂപ്ളിക്കേഷന്‍ ഒഴിവാക്കപ്പെടും എന്നത് വിദേശ വ്യാപാര നയത്തിന്റെ പ്രധാന നേട്ടമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കൊച്ചി പ്രത്യേക സാമ്പത്തിക മേഖല വികസന കമ്മീഷണര്‍ ഡോ. എ.എന്‍. സഫീന ചൂണ്ടിക്കാട്ടി. രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ ഉന്നത ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കൊച്ചി കസ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.

കശുവണ്ടി കയറ്റുമതി വികസന കൌണ്‍സില്‍ ചെയര്‍മാന്‍ ടി.കെ. ഷാഹുല്‍ ഹസന്‍ മുസലിയാര്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രാജ്കുമാര്‍ ഗുപ്ത, സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാന്‍, സെപ്സിയ പ്രസിഡന്റ് കെ.കെ. പിള്ള, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ദീപക് എല്‍. അസ്വാനി സ്വാഗതവും സാവിയോ മാത്യു നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.