നിരക്കിളവിന് അനുകൂല സാഹചര്യം: അരവിന്ദ് സുബ്രഹ്മണ്യന്‍
നിരക്കിളവിന് അനുകൂല സാഹചര്യം: അരവിന്ദ് സുബ്രഹ്മണ്യന്‍
Wednesday, May 27, 2015 11:05 PM IST
ന്യൂഡല്‍ഹി: വായ്പാ നയത്തില്‍ നിരക്കിളവ് പ്രഖ്യാപിക്കുന്നതിന് അനുകൂല സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ രണ്ടിന് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഈ വര്‍ഷത്തില്‍ മൂന്നാം തവണയും ആര്‍ബിഐ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ പ്രസ്താവന. ചെറുകിട നാണ്യപ്പെരുപ്പം കഴിഞ്ഞ നാലുമാസക്കാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിക്കൊണ്ട് ഏപ്രിലില്‍ 4.78 ശതമാനമായി കുറഞ്ഞതും മതിയായ ഭക്ഷ്യശേഖരവും തുടര്‍ന്നും നാണ്യപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.


ഇനി മഴ താരതമ്യേന കുറഞ്ഞാലും ഭക്ഷ്യശേഖരത്തെ കാര്യമായി ബാധിക്കില്ല. ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ ലഭിക്കുന്ന മഴ രാജ്യത്തെ കാര്‍ഷികമേഖലയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്.

രാജ്യത്തെ പകുതിയോളം വരുന്ന കൃഷിഭൂമികളില്‍ ഇക്കാലയളവിലാണ് മതിയായ തോതില്‍ വെള്ളം ലഭിക്കുന്നത്. എല്‍ നിനോ ഉഷ്ണക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മഴ കുറവായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണം കണക്കിലെടുത്താണ് അരവിന്ദ് സുബ്രഹ്മണ്യന്റെ വിശദീ കരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.